നടത്തിയത് നയമില്ലാത്ത നയപ്രഖ്യാപനം സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
തോൽവിയിൽ പാർട്ടി തളരില്ലെന്നും പരാജയകാരണങ്ങൾ ഇടതുമുന്നണി കൃത്യമായി പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കണ്ണൂർ മമ്പറത്ത് നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാജയത്തിൽ ഒന്നും അവസാനിക്കുന്നില്ല; തോൽവിയുടെ കാരണങ്ങൾ എൽഡിഎഫ് പരിശോധിക്കുമെന്ന് പിണറായി വിജയൻ
കണ്ണൂർ: പരാജയം കൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും തോൽവിയുടെ കാരണങ്ങൾ ഇടതുമുന്നണി കൃത്യമായി പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജന്മനാടായ കണ്ണൂരിലെ മമ്പറത്ത് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ഡി റെയ്ഡ് ഉണ്ടായ ഘട്ടത്തിൽ പാർട്ടിയും മുന്നണിയും നൽകിയ ശക്തമായ പിന്തുണയ്ക്ക് അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി.
ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം എപ്പോഴും എൽഡിഎഫ് ഉണ്ടാകുമെന്ന് പിണറായി വിജയൻ ഉറപ്പുനൽകി. സംസ്ഥാന സർക്കാർ നടത്തിയത് നയമില്ലാത്ത നയപ്രഖ്യാപനമാണെന്ന് അദ്ദേഹം വിമർശിച്ചു. കേന്ദ്ര സർക്കാരിന്റെ വിവേചനപരമായ നിലപാടുകളെപ്പറ്റി യാതൊരു പരാമർശവും അതിലില്ല. കേന്ദ്രത്തിനെതിരെയുള്ള സർക്കാരിന്റെ ഈ മൗനം സംശയാസ്പദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷം അധികാരത്തിലെത്തിയത് ആഗോളതലത്തിൽ തന്നെ വലതുപക്ഷ ശക്തികൾ ശ്രദ്ധിച്ചിരുന്നു. വലതുപക്ഷത്തിന് ഇടതുപക്ഷത്തിന്റെ തുടർഭരണം അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തെറ്റായ സമീപനങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കാനാണ് അവർ ശ്രമിച്ചത്. ജനാധിപത്യത്തിന്റെ സൗന്ദര്യത്തിന് സർക്കാരുകൾ ഇടയ്ക്കിടെ മാറണമെന്ന് പറഞ്ഞ് ആളുകളെ അവർ തെറ്റിദ്ധരിപ്പിച്ചതായും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
സിപിഎമ്മിന്റെ പ്രവർത്തനം എപ്പോഴും കളങ്കരഹിതമാണ്. ഏതുതരത്തിലുള്ള കടന്നാക്രമണങ്ങളെയും ഒന്നിച്ച് നേരിടാൻ പാർട്ടിക്ക് കരുത്തുണ്ട്. കടുത്ത നടപടികളുമായാണ് കേന്ദ്രം മുന്നോട്ടുവന്നത്. എന്നാൽ ആ പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയും മുന്നണിയും തനിക്ക് വലിയ പിന്തുണയാണ് നൽകിയതെന്നും അതിന് എല്ലാവരോടും നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.

