കാർഷിക മേഖലയ്ക്ക് പ്രത്യേക റോഡ്‌മാപ്പ് കേന്ദ്ര സഹായം തേടി കേരളം

കാലാവസ്ഥാ വ്യതിയാനം മൂലം കാർഷിക മേഖലയിലുണ്ടായ പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്ത് പ്രത്യേക റോഡ്‌മാപ്പ് തയ്യാറാക്കുന്നു. കേന്ദ്രത്തിൽ നിന്ന് പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ടതായി കൃഷി മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.

കാർഷിക മേഖലയ്ക്ക് പ്രത്യേക റോഡ്‌മാപ്പ് കേന്ദ്ര സഹായം തേടി കേരളം
കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിൽ.

കാലാവസ്ഥാ വ്യതിയാനം: സംസ്ഥാനത്ത് കാർഷിക മേഖലയ്ക്ക് പ്രത്യേക റോഡ്‌മാപ്പ് കേന്ദ്ര സഹായം ആവശ്യപ്പെട്ടു

കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തിലെ കാർഷിക മേഖലയിലുണ്ടായ കടുത്ത പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്ത് പ്രത്യേക റോഡ്‌മാപ്പ് തയ്യാറാക്കുന്നു. നിലവിലെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനോട് പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ടതായി കൃഷി മന്ത്രി ടി. സിദ്ദിഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹൈദരാബാദിൽ സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ കൃഷി മന്ത്രിമാരുടെ യോഗത്തിലാണ് സംസ്ഥാനത്തെ 14 ജില്ലകളിലെയും കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ കേരളം ഉന്നയിച്ചത്.

​സംസ്ഥാനത്ത് പകൽ സമയങ്ങളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നതും കടുത്ത വേനൽക്കാല വരൾച്ചയും കൃഷിയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇതിനുപുറമെ, മൺസൂൺ കാലത്തുണ്ടാകുന്ന തീവ്രമഴ, മേഘവിസ്ഫോടനം, ഉരുൾപൊട്ടൽ എന്നിവ കാർഷിക ഉത്പാദനത്തിൽ വൻ ഇടിവാണ് ഉണ്ടാക്കുന്നത്.

​ഈ പ്രതിസന്ധികളെ മറികടക്കാൻ 'കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള' (Climate-Resilient) പുതിയ കൃഷിരീതികളും അനുയോജ്യമായ വിളകളും വികസിപ്പിക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി കേരള കാർഷിക സർവ്വകലാശാല, അമൃത സർവ്വകലാശാല എന്നിവയുമായി ചേർന്ന് കൃഷി വകുപ്പ് പുതിയ പദ്ധതികൾ തയ്യാറാക്കിവരുന്നു. ജലസേചന വകുപ്പ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) എന്നിവയുടെ സഹകരണത്തോടെയായിരിക്കും ദീർഘകാല പ്രതിരോധ റോഡ് മാപ്പ് പൂർത്തിയാക്കുക.

​കാലാവസ്ഥാ വ്യതിയാനം മൂലം പെട്ടെന്നുണ്ടാകുന്ന വിളനാശവും അടിയന്തര സാഹചര്യങ്ങളും നേരിടാനുള്ള മുൻകരുതൽ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാരിനോട് പ്രത്യേക സാമ്പത്തിക പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.