കോഴിക്കോട്ട് ഷിഗെല്ല ബാധിച്ച് നാലരവയസ്സുകാരി മരിച്ചു രണ്ട് കുട്ടികൾക്ക് കൂടി രോഗബാധ

കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. രണ്ട് കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി.

കോഴിക്കോട്ട് ഷിഗെല്ല ബാധിച്ച് നാലരവയസ്സുകാരി മരിച്ചു രണ്ട് കുട്ടികൾക്ക് കൂടി രോഗബാധ
അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിളയാണ് മരിച്ചത്.

കോഴിക്കോട്ട് ഷിഗെല്ല ബാധിച്ച് നാലരവയസ്സുകാരി മരിച്ചു; രണ്ട് കുട്ടികൾക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിളയാണ് മരിച്ചത്. എം.ഐ.എൽ.പി സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ്. കഴിഞ്ഞ ജൂൺ ഒന്നിന് കടുത്ത വയറിളക്കത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. പ്രിൻസി മേരിയാണ് അമ്മ. സഹോദരൻ: മിലൻ.

​അതേസമയം, മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച രണ്ട് കുട്ടികൾക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പന്തീരാങ്കാവ് സ്വദേശിയായ രണ്ടു വയസ്സുകാരനും പുറമേരി സ്വദേശിയായ പത്തു വയസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇവരിപ്പോൾ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്.

​മനുഷ്യന്റെ ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഒരുതരം ബാക്ടീരിയകളുടെ കൂട്ടമാണ് ഷിഗെല്ല. ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് 'ഷിഗെല്ലോസിസ്'. പ്രധാനമായും മലിനജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ് ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതും പടരുന്നതും. ശരീരത്തിനകത്ത് എത്തുന്ന ബാക്ടീരിയകൾ ആമാശയത്തിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന വിഷവസ്തുക്കൾ (Toxins) ഉൽപാദിപ്പിക്കുന്നു. ഇത് ദഹനവ്യവസ്ഥിതിയെ പൂർണ്ണമായി തകരാറിലാക്കുകയും കടുത്ത വയറിളക്കം, പനി, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങളിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.