കെ.എസ്.ആര്.ടി.സിയില്‍ പൊതുജന പങ്കാളിത്തത്തോടെ സര്‍വീസുകളും അടിസ്ഥാന സൗകര്യങ്ങളും വിപുലീകരിക്കും മന്ത്രി സി.പി. ജോണ്‍
പൊതുജന പങ്കാളിത്തത്തോടെ കെ.എസ്.ആർ.ടി.സി സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിപുലീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കൊയിലാണ്ടിയിൽ പുതിയ മോഡൽ ജോയിന്റ് ആർ.ടി.ഓ ഓഫീസിനായുള്ള നടപടികൾ സ്വീകരിക്കും
കെ.എസ്.ആര്.ടി.സിയില്‍ പൊതുജന പങ്കാളിത്തത്തോടെ സര്‍വീസുകളും അടിസ്ഥാന സൗകര്യങ്ങളും വിപുലീകരിക്കും- മന്ത്രി സി.പി. ജോണ്‍ കൊയിലാണ്ടി ജോയിന്റ് ആര്.ടി.ഒ ഓഫീസ് മന്ത്രി സന്ദര്‍ശിച്ചു
കോഴിക്കോട് : കെ.എസ്.ആര്.ടി.സിയില്‍ പൊതുജന പങ്കാളിത്തത്തോടെ സര്‍വീസുകളും അടിസ്ഥാന സൗകര്യങ്ങളും കൂടുതല്‍ വിപുലീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍. കൊയിലാണ്ടി ജോയിന്റ് ആര്.ടി.ഒ ഓഫീസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്കിയാല്, തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആധുനിക സംവിധാനങ്ങളോടുകൂടിയ മോഡല്‍ ജോയിന്റ് ആര്.ടി.ഒ ഓഫീസ് കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്കി. അഡ്വ. കെ. പ്രവീണ്‍ കുമാര്‍ എം.എല്‍.എയ്ക്കൊപ്പമാണ് മന്ത്രി ഓഫീസ് സന്ദര്‍ശിച്ചത്.
കെ.എസ്.ആര്.ടി.സിയെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭകരവും ജനകീയവുമാക്കുന്ന രീതിയിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതെന്ന് മന്ത്രി പറഞ്ഞു. മൂലധനച്ചെലവ് കുറച്ച്, പ്രവര്‍ത്തനച്ചെലവ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എം.എല്‍.എമാര്‍, സഹകരണ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരുടെ സഹകരണത്തോടെ പുതിയ ബസുകള്‍ സര്‍വീസിന് ലഭ്യമാക്കുന്നുണ്ട്. ഡിപ്പോകളുടെ പ്രവര്‍ത്തനത്തിലും സര്‍വീസുകളിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കുന്നതിനായി മേയര്‍/മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍/പഞ്ചായത്ത് പ്രസിഡന്റ്, പ്രാദേശിക വാര്‍ഡ് മെമ്പര്‍ എന്നിവരെ ഉള്‍പ്പെടുത്തി ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശബരിമല തീര്‍ഥാടന സീസണിനായി 100 ഓളം കെ.എസ്.ആര്.ടി.സി ബസുകള്‍ പൂര്‍ണ്ണമായി റീഫര്‍ബിഷ് ചെയ്ത് (സീറ്റ് കവറുകള്‍, എഞ്ചിന്, ഗിയര്‍ ബോക്സ് തുടങ്ങിയവ പുതുക്കി) സര്‍വീസുകള്‍ക്ക് സജ്ജമാക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്കായി 'ചാര്‍ട്ടേഡ് ബസ്' സൗകര്യവും ലഭ്യമാക്കും. ടിക്കറ്റ് തുക മുന്‍കൂട്ടി നല്കിയാല് ഭക്തര്‍ക്ക് ബസ് സ്റ്റാന്‍ഡില്‍ എത്താതെ തന്നെ അവരുടെ വീടുകള്‍ക്കോ ക്ഷേത്രങ്ങള്‍ക്കോ മുന്നില്‍ കെ.എസ്.ആര്.ടി.സി ബസ് എത്തിച്ചു നല്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ചരക്ക് ഗതാഗത മേഖലയില്‍ കെ.എസ്.ആര്.ടി.സി ട്രക്കുകള്‍ വാടകയ്ക്ക് നല്കുന്ന പദ്ധതി ഇതിനകം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ നിന്നും ലീസിന് ബസുകള്‍ എടുക്കുന്ന പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. റോഡ് സുരക്ഷ മുന്‍നിര്‍ത്തി നവംബര്‍ 15 മുതല്‍ സംസ്ഥാനത്ത് വിപുലമായ 'കേരള റോഡ് സേഫ്റ്റി മിഷന്' ക്യാമ്പയിന് തുടക്കമാകും. ഗതാഗത മന്ത്രി ചെയര്‍മാനും എട്ട് മന്ത്രിമാര്‍ അംഗങ്ങളുമായുള്ള സമിതിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
എം.എല്‍.എയുടെയും നഗരസഭയുടെയും ആവശ്യപ്രകാരം കൊയിലാണ്ടിയില്‍ നിന്നും ഉള്ള്യേരി, ബാലുശ്ശേരി, പയ്യോളി വഴി വിവിധ റൂട്ടുകളിലേക്ക് കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. ബാംഗ്ലൂര്‍ സര്‍വീസുകള്‍ക്കും ഗുരുവായൂര്‍, മൂകാംബിക തുടങ്ങിയ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും ആവശ്യാനുസരണം ലീസിനെടുക്കുന്ന ബസുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ യു.കെ. ചന്ദ്രന്, കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ ജെബി ചെറിയാന്, കൊയിലാണ്ടി ജോയിന്റ് ആര്.ടി.ഒ എം.കെ. പ്രജീഷ്, വടകര ജോയിന്റ് ആര്.ടി.ഒ പി. സജീഷ്, പേരാമ്പ്ര ജോയിന്റ് ആര്.ടി.ഒ ടി. പ്രജീഷ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ എന്‍സിസി അഖിലേന്ത്യാ ട്രെക്കിംഗ് ക്യാമ്പിന് തുടക്കം
പൂജ അവധിക്കാലത്ത് ഹൗസ് ഫുൾ മൂന്നാറിലെ കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കറിന് റെക്കോർഡ് വരുമാനം
കെ.എസ്.ആർ.ടി.സി മുങ്ങുന്ന കപ്പലല്ല, ഉദിച്ചുയരുന്ന സ്ഥാപനമാക്കും മന്ത്രി സി.പി. ജോൺ
കെ.എസ്.ആര്.ടി.സിയില്‍ പൊതുജന പങ്കാളിത്തത്തോടെ സര്‍വീസുകളും അടിസ്ഥാന സൗകര്യങ്ങളും വിപുലീകരിക്കും മന്ത്രി സി.പി. ജോണ്‍
സ്കൂൾ കായികമേളയ്ക്ക് ഹരിത വരവേൽപ്പ് കൗതുകമായി വല്ലം മെടയൽ മത്സരം
ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക സര്‍ക്കാര്‍ നിലപാട് മന്ത്രി കെ മുരളീധരന്