പൊതുവിതരണം മെച്ചപ്പെടുത്താൻ പഠനയാത്ര ആന്ധ്രാപ്രദേശ് ഭക്ഷ്യമന്ത്രിയുമായി ചർച്ച നടത്തി മന്ത്രി അനൂപ് ജേക്കബ്
പൊതുവിതരണ, നെല്ല് സംഭരണ രംഗത്തെ മികച്ച മാതൃകകൾ വിലയിരുത്താൻ ആന്ധ്രാപ്രദേശിലെത്തിയ കേരള ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും സംഘവും അവിടത്തെ ഭക്ഷ്യമന്ത്രി നാദെൻഡ്‌ല മനോഹറുമായി ചർച്ച നടത്തി. വിജയവാഡയിലെ കർഷക സേവാ കേന്ദ്രങ്ങളും അരിമില്ലുകളും സംഘം സന്ദർശിച്ചു.
മന്ത്രി അനൂപ് ജേക്കബും സംഘവും ആന്ധ്ര ഭക്ഷ്യമന്ത്രിയുമായി ചർച്ച നടത്തി കേരളത്തിൽ മാതൃകകൾ നടപ്പാക്കാൻ ആലോചന
വിജയവാഡ: പൊതുവിതരണ, ഭക്ഷ്യധാന്യ, നെല്ല് സംഭരണത്തിൽ രാജ്യത്തെ മികച്ച മാതൃകകൾ നേരിട്ടു വിലയിരുത്താൻ കേരള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ നേതൃത്വത്തിലുള്ള ഉന്നതല സംഘം ആന്ധ്രാപ്രദേശിൽ സന്ദർശനം നടത്തി. വിജയവാഡയിൽ വെച്ച് ആന്ധ്രാപ്രദേശ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി നാദെൻഡ്‌ല മനോഹറുമായി മന്ത്രി ചർച്ചകൾ നടത്തി.
സന്ദർശനത്തിന്റെ ഭാഗമായി മന്ത്രിയും സംഘവും കർഷക സേവാ കേന്ദ്രവും (രൈതു സേവാ കേന്ദ്ര- ആർഎസ്കെ) അരിമില്ലുകളും സന്ദർശിച്ചു. കേരളത്തിലെ നെല്ല് സംഭരണ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പഠനയാത്ര. നെല്ല് സംഭരണ-വിതരണ രീതികൾ, തുക വിതരണം, ഗുണനിലവാര പരിശോധന, മില്ലുകളുടെ പ്രവർത്തനം, ബില്ലിംഗ് സമ്പ്രദായം തുടങ്ങിയ വിവിധ വിഷയങ്ങൾ ഇരു മന്ത്രിമാരും ചർച്ച ചെയ്തു.
ആന്ധ്രയിലെ സംഭരണശാലകളുടെ പ്രവർത്തനം, സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവ സംഘം വിലയിരുത്തി. കാക്കിനാടയിലെ അരിമില്ലുകളും വയലുകളും സന്ദർശിച്ച് നെല്ല് സംസ്കരണവും ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങളും സംഘം നേരിട്ട് മനസ്സിലാക്കി. സപ്ലൈകോ സ്വന്തമായി അരിമില്ലുകൾ സ്ഥാപിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുള്ള പശ്ചാത്തലത്തിലാണ് ഈ നീക്കം. നിലവിൽ ആന്ധ്രയിൽ കർഷകന് ഒരു കിലോ നെല്ലിന് 24 രൂപ ലഭിക്കുമ്പോൾ, കേരളത്തിൽ 30.12 രൂപയും സംസ്ഥാന പ്രോത്സാഹന ബോണസുമാണ് നൽകുന്നത്. ആന്ധ്രയിൽ കേന്ദ്ര ബോണസ് മാത്രമാണുള്ളത്.
നല്ല ആശയങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ സപ്ലൈകോ എം.ഡിക്ക് മന്ത്രി അനൂപ് ജേക്കബ് നിർദ്ദേശം നൽകിയിട്ടുണ്ട്. പഠന സംഘം ഇന്ന് (24/07/2026) കേരളത്തിലേക്ക് തിരിച്ചെത്തും. ഭക്ഷ്യ-സിവിൽ സപ്ലൈസ് കമ്മിഷണർ കെ. കന്നബാബു, സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി. സുധീര്‍, ഡയറക്ടര്‍ അജയ് നാപുര്‍, കേരള സപ്‌ളൈകോ എം.ഡി. എം.വി. ജയകൃഷ്ണന്‍, എജിഎം. (മാര്‍ക്കറ്റിംഗ്) എം.ആര്‍. ദീപു തുടങ്ങിയ ഉദ്യോഗസ്ഥരും സംഘത്തിൽ ഒപ്പമുണ്ടായിരുന്നു.