വ്യാജരേഖ ചമച്ച് അവയവദാനം: എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ ഇതുവരെ പിടിയിലായത് 7 പേർ
വ്യാജരേഖകൾ ഉപയോഗിച്ച് അവയവദാനം നടത്തിയ കേസിൽ എറണാകുളം റൂറൽ ജില്ലയിൽ ഒരാൾ കൂടി പിടിയിലായി. കുന്നത്ത്നാട് സ്വദേശിനി റഷീദയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാജരേഖ ചമച്ച് അവയവദാനം: എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ; ഇതുവരെ പിടിയിലായത് 7 പേർ
കൊച്ചി: വ്യാജരേഖകൾ ചമച്ച് അനധികൃത അവയവദാനം നടത്തിയ സംഭവത്തിൽ എറണാകുളം റൂറൽ ജില്ലയിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കുന്നത്ത്നാട് പെരിങ്ങാല ബൈത്തുൽറഹ്മ വീട്ടിൽ നജീബിന്റെ ഭാര്യ റഷീദ (37) യെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. ഇതോടെ ഈ കേസിൽ വിവിധ ജില്ലകളിലായി അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ കേസിൽ കുന്നത്തുനാട് സ്വദേശികളായ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം സ്വദേശി സനോജ് (32) എന്നിവരെ എറണാകുളം റൂറൽ പോലീസും, ശ്രീജ, സുധീർ, വിനോദ് എന്നിവരെ കൊല്ലം കിളിക്കല്ലൂർ പോലീസും അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ റഷീദയെ പിടികൂടിയത്.
അവയവ കൈമാറ്റത്തിനായി ആവശ്യമായ നിയമപരമായ രേഖകൾ വ്യാജമായി നിർമ്മിക്കുകയും അതുവഴി അനധികൃത ഇടപാടുകൾ നടത്തുകയുമാണ് ഇവർ ചെയ്തിരുന്നത്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.