തിരഞ്ഞെടുപ്പ് പരാജയം മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ സി.പി.എം യോഗത്തിൽ വി. ശിവൻകുട്ടിയുടെ കടുത്ത വിമർശനം

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷമായ കടന്നാക്രമണവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമർശനം.

തിരഞ്ഞെടുപ്പ് പരാജയം മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ സി.പി.എം യോഗത്തിൽ വി. ശിവൻകുട്ടിയുടെ കടുത്ത വിമർശനം
​ആര്യ രാജേന്ദ്രനെതിരെ വി ശിവൻകുട്ടി രൂക്ഷവിമർശനവുമായി രംഗത്ത്

ആര്യ രാജേന്ദ്രനെതിരെ വി. ശിവൻകുട്ടിയുടെ രൂക്ഷവിമർശനം; 'മേയറുടെ പ്രവർത്തനം അവമതിപ്പുണ്ടാക്കി'

​തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷമായ കടന്നാക്രമണവുമായി മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി. ശിവൻകുട്ടി. ആര്യ രാജേന്ദ്രന്റെ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ തിരിച്ചടിയായെന്നും മേയർ എന്ന നിലയിലുള്ള അവരുടെ ഇടപെടലുകൾ ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പുണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിനായി ചേർന്ന സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു ശിവൻകുട്ടിയുടെ കടുത്ത വിമർശനം.

​തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആര്യ രാജേന്ദ്രനെ വാഹനത്തിൽ കയറ്റിയപ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാർ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്ന് ശിവൻകുട്ടി യോഗത്തിൽ ചൂണ്ടിക്കാട്ടി. ആര്യക്കെതിരെ ജനങ്ങളിൽ കടുത്ത രോഷമാണ് നിലനിന്നിരുന്നത്. അവർക്ക് പ്രത്യേക ചുമതല നൽകിയിരുന്ന വാർഡിൽ ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് പാർട്ടി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ വെറും അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് അവിടെ ലഭിച്ചതെന്നും അദ്ദേഹം കണക്കുകൾ നിരത്തി കുറ്റപ്പെടുത്തി.

​നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടായ സമയത്ത് ആര്യ രാജേന്ദ്രനെ ശക്തമായി പിന്തുണച്ച് രംഗത്തെത്തിയ ആളായിരുന്നു വി. ശിവൻകുട്ടി. അന്ന് ആര്യയുടേത് മാതൃകാപരമായ പ്രവർത്തനമായിരുന്നുവെന്നും തോൽവിയുടെ ഉത്തരവാദിത്തം മേയറുടെ തലയിൽ കെട്ടിവയ്ക്കേണ്ടതില്ലെന്നുമാണ് ശിവൻകുട്ടി പ്രതികരിച്ചിരുന്നത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ആര്യക്കെതിരെ കടുത്ത നിലപാടിലേക്ക് മുൻ മന്ത്രി മാറിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ പാർട്ടിക്ക് ഉള്ളിൽ ഈ വിഷയം കൂടുതൽ ചർച്ചകൾക്ക് വഴിതുറക്കുമെന്നാണ് സൂചന.