​മലനിരകളിൽ വയലറ്റ് വസന്തം മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തു കണ്ടാൽ മതി, തൊട്ടാൽ പിടിവീഴും

മൂന്നാർ ചൊക്രമുടിയിൽ നീലക്കുറിഞ്ഞി പൂത്തു. ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച് വനംവകുപ്പ്. ടിക്കറ്റ് നിരക്കുകളും നിയന്ത്രണങ്ങളും അറിയാം.

​മലനിരകളിൽ വയലറ്റ് വസന്തം മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തു കണ്ടാൽ മതി, തൊട്ടാൽ പിടിവീഴും
ചൊക്രമുടിയിൽ നീലക്കുറിഞ്ഞി വസന്തം: ഓഗസ്റ്റ് 24 മുതൽ പ്രവേശനം

​ചൊക്രമുടിയിൽ നീലക്കുറിഞ്ഞിക്കാലം; പ്രവേശനം ഓഗസ്റ്റ് 24 മുതൽ, പൂക്കൾ പറിച്ചാൽ ജയിൽ ശിക്ഷ

മൂന്നാർ: സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കി ചൊക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കമായി. ഓഗസ്റ്റ് 24 മുതൽ ചൊക്രമുടിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ–ബോഡിമെട്ട് റോഡിൽ ദേവികുളം വനംവകുപ്പ് റേഞ്ച് ഓഫീസിന് സമീപമാണ് സന്ദർശകർക്കുള്ള പ്രവേശന കവാടം ഒരുക്കിയിരിക്കുന്നത്.

​സന്ദർശകർക്ക് വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ബുക്കിങ് സൗകര്യം ഉടൻ തന്നെ ലഭ്യമാകും. മുതിർന്നവർക്ക് 200 രൂപയും 18 വയസ്സ് വരെയുള്ളവർക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് സന്ദർശന സമയം.

​ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മൂന്നാറിൽ നിന്ന് ദേവികുളത്തേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും. സ്വകാര്യ, ടാക്സി വാഹനങ്ങളിൽ എത്തുന്ന സഞ്ചാരികൾ ഇവ മൂന്നാറിൽ പാർക്ക് ചെയ്ത ശേഷം കെഎസ്ആർടിസി ബസുകളിൽ ദേവികുളത്തേക്ക് വരേണ്ടതാണ്. സെപ്റ്റംബർ ആദ്യവാരത്തോടെ ചൊക്രമുടി പൂർണ്ണമായും വയലറ്റ് അണിയുമെന്നും ഓണാവധിക്ക് പ്രദേശത്ത് കൂടുതൽ പൂക്കൾ വിരിയുമെന്നും അധികൃതർ വ്യക്തമാക്കി. ചൊക്രമുടിക്ക് പുറമേ ഇടലിമേടിലും ഇത്തവണ കുറിഞ്ഞി പൂവിട്ടിട്ടുണ്ട്.

​മീശപ്പുലിമലയിൽ നിയന്ത്രണങ്ങളോടെ പ്രവേശനം

​പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശമായ മീശപ്പുലിമലയിൽ കുറിഞ്ഞി കാണാൻ സഞ്ചാരികൾ ഇനിയും കാത്തിരിക്കണം. ഇവിടെ നിലവിൽ ഒറ്റപ്പെട്ട രീതിയിലാണ് കുറിഞ്ഞി പൂത്തിരിക്കുന്നത്. കെഎഫ്ഡിസിയുടെ (കേരള വനം വികസന കോർപറേഷൻ) നിയന്ത്രണത്തിലുള്ള ഈ മേഖലയിൽ വ്യാപകമായി പൂവിട്ട ശേഷമേ സന്ദർശകരെ അനുവദിക്കൂ. പാരിസ്ഥിതിക പ്രാധാന്യം മുൻനിർത്തി പ്രതിദിനം 750 പേർക്ക് മാത്രമായിരിക്കും പ്രവേശനം. യാത്രയും ഭക്ഷണവും ഉൾപ്പെടെ ഒരാൾക്ക് 1200 രൂപയാണ് ഫീസ്.

​പൂ പറിച്ചാൽ തടവും പിഴയും

​ഇക്കാ നഗർ അടക്കമുള്ള പ്രദേശങ്ങളിൽ നീലക്കുറിഞ്ഞി പൂക്കളും ചെടികളും സന്ദർശകർ വേരോടെ പറിച്ചുകൊണ്ടുപോകുന്നതായി പരാതി ഉയർന്നിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ വണ്ണിൽ ഉൾപ്പെടുന്ന സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കളോ ചെടികളോ പറിക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ 25,000 രൂപ പിഴയും 3 വർഷം വരെ തടവും ലഭിക്കും. നശിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ദേവികുളം റേഞ്ചർ ഇ.ഡി. അരുൺകുമാർ അറിയിച്ചു