​തോക്കുമേന്തി മേടയിൽ കൊച്ചും പ്രതികാരവുമായി പോളച്ചനും; വരവ് തിയേറ്ററുകളെ ഇളക്കിമറിക്കാൻ ഷാജി കൈലാസ് എത്തുന്നു

​ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം വരവ് ൽ പ്ലാന്റർ മേടയിൽ കൊച്ചായി മുരളി ഗോപി എത്തുന്നു. കണ്ണിൽ കത്തുന്ന പ്രതികാരവുമായി എത്തുന്ന കാട്ടുങ്കൽ പോളച്ചനായി ജോജു ജോർജും വേഷമിടുന്ന ചിത്രം ജൂണിൽ തിയേറ്ററുകളിലേക്ക്.

​തോക്കുമേന്തി മേടയിൽ കൊച്ചും പ്രതികാരവുമായി പോളച്ചനും; വരവ് തിയേറ്ററുകളെ ഇളക്കിമറിക്കാൻ ഷാജി കൈലാസ് എത്തുന്നു
സിനിമ പോസ്റ്റർ

​മേടയിൽ കൊച്ചായി മുരളി ഗോപി, പോളച്ചനായി ജോജു ജോർജ്; ഷാജി കൈലാസിന്റെ ആക്ഷൻ ചിത്രം 'വരവ്' ജൂണിൽ തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാളി പ്രേക്ഷകർക്ക് എന്നും ആവേശമാകുന്ന മാസ്സ് ആക്ഷൻ ചിത്രങ്ങളുടെ സംവിധായകൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം 'വരവ്' റിലീസിന് ഒരുങ്ങുന്നു. അഭിനയം, തിരക്കഥ, ഗാനരചന തുടങ്ങിയ മേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച മുരളി ഗോപി ഈ ചിത്രത്തിൽ 'മേടയിൽ കൊച്ച്' എന്ന ശക്തമായ കഥാപാത്രമായിട്ടാണ് എത്തുന്നത്. ദൃശ്യം സിനിമകളിലെ തോമസ് ബാസ്റ്റ്യൻ എന്ന പോലീസ് ഓഫീസർക്ക് ശേഷം പ്രേക്ഷകർക്ക് ഏറെ കൗതുകം പകരുന്ന ഒന്നായിരിക്കും മുരളി ഗോപിയുടെ 'കൊച്ചേട്ടൻ'.

​മധ്യതിരുവിതാംകൂറിന്റെയും മലഞ്ചരക്കിന്റെ ഗന്ധമുള്ള ഹൈറേഞ്ചിന്റെയും രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തിലാണ് 'വരവ്' ഒരുങ്ങുന്നത്. സമ്പത്തുകൊണ്ടും ആളും അർത്ഥവും കൊണ്ടും ഒരു നാടിനെ മുഴുവൻ കൈവെള്ളയിലൊതുക്കിയ 'മേടയിൽ കൊച്ച്' എന്ന പ്ലാന്ററുടെ ജീവിതത്തിലേക്ക്, 'കാട്ടുങ്കൽ പോളച്ചൻ' പത്തു ദിവസത്തെ പരോളിൽ എത്തുന്നതോടെയാണ് കഥാസന്ദർഭങ്ങൾ സംഘർഷഭരിതമാകുന്നത്. കണ്ണിൽ കത്തുന്ന പ്രതികാരവുമായി എത്തുന്ന പോളച്ചനായി തെന്നിന്ത്യൻ താരം ജോജു ജോർജ് വേഷമിടുന്നു. ഇരുവരും നേർക്കുനേർ വരുമ്പോൾ ചിത്രത്തിന് പുതിയ വഴിത്തിരിവുകൾ ഉണ്ടാകുന്നു.

​ഹിറ്റ് തിരക്കഥാകൃത്ത് ഏ.കെ. സാജനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പൂർണ്ണമായും ഒരു ആക്ഷൻ പാക്ക്ഡ് ചിത്രമായി ഒരുങ്ങുന്ന 'വരവ്'-ൽ എട്ട് പ്രധാന ആക്ഷൻ രംഗങ്ങളാണുള്ളത്. ഈ എട്ട് ആക്ഷൻ രംഗങ്ങളും എട്ട് വ്യത്യസ്ത ആക്ഷൻ കൊറിയോഗ്രാഫർമാരാണ് ഒരുക്കിയിരിക്കുന്നത് എന്നത് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. മലയാള സിനിമയിൽ ഇതാദ്യമായാണ് ഇത്രയധികം ആക്ഷൻ ഡയറക്ടർമാർ ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.

​ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൾ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി, ഷമ്മി തിലകൻ, വിൻസി അലോഷ്യസ്, സുകന്യ, വാണി വിശ്വനാഥ് തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്.

​എസ്. ശരവണൻ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. മൂന്നാർ, കാന്തല്ലൂർ, തേനി, വാഗമൺ, മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ 'വരവ്' വരും ജൂൺ മാസത്തിൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും