ബ്ലേഡ് മാഫിയക്കെതിരെ പോലീസ് നടപടി 4 പേർ പിടിയിൽ

എറണാകുളം റൂറൽ ജില്ലയിൽ അനധികൃത പണമിടപാടുകാർക്കെതിരെ പോലീസ് നടപടി ശക്തമാക്കി. കെ.എസ് സുദർശന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 4 പേർക്കെതിരെ കേസെടുത്തു.

ബ്ലേഡ് മാഫിയക്കെതിരെ പോലീസ് നടപടി 4 പേർ പിടിയിൽ
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

​അനധികൃത പണമിടപാട്: എറണാകുളം റൂറൽ ജില്ലയിൽ വ്യാപക റെയ്ഡ്; നാല് പേർക്കെതിരെ കേസ്, ലക്ഷങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു

​കൊച്ചി: അനധികൃത പണമിടപാട് നടത്തി ആളുകളെ ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. ഞായറാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കിയ വ്യാപക പരിശോധനയിൽ നാല് പേർക്കെതിരെ കേസ് എടുത്തു. കുറുമശേരി ആലപ്പടി സ്വദേശി മിനി, ആലങ്ങാട് ഓളനാട് സ്വദേശി സീന, മൂവാറ്റുപുഴ വാളകം സ്വദേശി ബെന്നി, വാഴക്കുളം സ്വദേശി ഷിനോയ് എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

​ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്റെ നേരിട്ടുള്ള നേതൃത്വത്തിൽ റൂറൽ പരിധിയിലെ 42 കേന്ദ്രങ്ങളിലായിരുന്നു മിന്നൽ പരിശോധന. റെയ്ഡിൽ രേഖകളില്ലാത്ത 12.5 ലക്ഷം രൂപ, 80 ബ്ലാങ്ക് ചെക്കുകൾ, തീയതിയും തുകയും രേഖപ്പെടുത്താത്ത ചെക്കുകൾ, വിവിധ വാഹനങ്ങളുടെ ആർ.സി ബുക്കുകൾ, ബന്ധപ്പെട്ട മറ്റ് കരാർ രേഖകൾ, അനധികൃത പണമിടപാടിന്റെ രജിസ്റ്ററുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. കൂടാതെ റേഖകളില്ലാതെ സൂക്ഷിച്ചിരുന്ന 11 ഇരുചക്രവാഹനങ്ങളും 2 കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

​വിവിധ സബ് ഡിവിഷനുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന സംഘടിപ്പിച്ചത്. ആലുവ സബ് ഡിവിഷനിൽ 10 ഇടങ്ങളിലും, പെരുമ്പാവൂരിൽ 10, മൂവാറ്റുപുഴയിൽ 11, മുനമ്പത്ത് 8, പുത്തൻകുരിശ് സബ് ഡിവിഷനിൽ 3 എന്നിങ്ങനെയാണ് പരിശോധന നടന്നത്.

​വ്യാജ പണമിടപാടുകാർക്കെതിരെയുള്ള ഇത്തരത്തിലുള്ള റെയ്ഡുകളും കർശന നടപടികളും വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ അറിയിച്ചു.