ഓട്ടോയിൽ മറന്നുവച്ച പാസ്‌പോർട്ടും പണവും അടങ്ങിയ ബാഗ് തിരികെ നൽകി ഡ്രൈവർ സജീവ് മാതൃകയായി

ആലുവയിൽ ഓട്ടോറിക്ഷയിൽ മറന്നുവച്ച പാസ്‌പോർട്ടും വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ സജീവ് മാതൃകയായി. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ബാഗ് കൈമാറിയത്.

ഓട്ടോയിൽ മറന്നുവച്ച പാസ്‌പോർട്ടും പണവും അടങ്ങിയ ബാഗ് തിരികെ നൽകി ഡ്രൈവർ സജീവ് മാതൃകയായി
പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ബാഗ് കൈമാറിയത്.

സജീവിന്റെ സത്യസന്ധത; യാത്രക്കാരന് നഷ്ടപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കളടങ്ങിയ ബാഗ് തിരികെ ലഭിച്ചു

​ആലുവ: ഓട്ടോറിക്ഷയിൽ മറന്നുവച്ച പാസ്‌പോർട്ടും വിമാന ടിക്കറ്റും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ സജീവ് മാതൃകയായി. പാലക്കാട് പുതുപ്പരിയാരം സ്വദേശി സുരേഷിനാണ് സജീവിന്റെ സത്യസന്ധതയിലൂടെ തന്റെ ബാഗ് സുരക്ഷിതമായി തിരികെ ലഭിച്ചത്.

​വിമാനത്താവളത്തിൽ നിന്ന് ലിങ്ക് ബസിൽ ആലുവ മെട്രോ സ്റ്റേഷനിലെത്തിയ സുരേഷ്, അവിടെനിന്നും റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനാണ് സജീവിന്റെ ഓട്ടോറിക്ഷയിൽ കയറിയത്. യാത്രയ്ക്കുശേഷം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയെങ്കിലും പാസ്‌പോർട്ടും മറ്റ് പ്രധാന രേഖകളും അടങ്ങിയ ബാഗ് ഓട്ടോയിൽ വടിച്ചിറക്കുകയായിരുന്നു. പിന്നീട് തൃശൂരിൽ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം സുരേഷിന്റെ ശ്രദ്ധയിൽപ്പെട്ടത്.

​തുടർന്ന് ആലുവയിൽ എത്തി അന്വേഷണം നടത്തിയെങ്കിലും ഓട്ടോറിക്ഷ കണ്ടെത്താൻ സാധിച്ചില്ല. ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയും, പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിവിധ ഓട്ടോ ഡ്രൈവർമാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ സന്ദേശം കൈമാറുകയും ചെയ്തു. ഇതിനിടയിൽ വണ്ടി വൃത്തിയാക്കുന്നതിനിടയിലാണ് സീറ്റിനടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് സജീവിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ അദ്ദേഹം ബാഗ് ആലുവ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

​ആലുവ എസ്.എച്ച്.ഒ രഞ്ജിത്ത് മാത്യു, എസ്.ഐമാരായ ബെന്നി കുര്യാക്കോസ്, കെ.കെ സജീഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് സജീവ് യഥാർത്ഥ ഉടമയായ സുരേഷിന് ബാഗ് കൈമാറിയത്. പ്രതിസന്ധി ഘട്ടത്തിൽ തുണയായ ഓട്ടോ ഡ്രൈവർ സജീവിനെ പോലീസും നാട്ടുകാരും ഒരുപോലെ അഭിനന്ദിച്ചു.