ഭീതിയിലാഴ്ത്തിയ മോഴയാനയെ മയക്കുവെടിവെച്ച് പിടികൂടി ഇനി വയനാട്ടിലെ ആനക്കൊട്ടിലിലേക്ക്

ആറളം ഫാമിലും പുനരധിവാസ മേഖലയിലും വർഷങ്ങളായി ഭീതി വിതച്ച കെഎം 1 എന്ന മോഴയാനയെ ഓപ്പറേഷൻ കണ്ണൂർ മഖ്‌ന ദൗത്യത്തിലൂടെ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ വയനാട് മുത്തങ്ങയിലെ ആനക്കൊട്ടിലിലേക്ക് മാറ്റും.

ഭീതിയിലാഴ്ത്തിയ മോഴയാനയെ മയക്കുവെടിവെച്ച് പിടികൂടി ഇനി വയനാട്ടിലെ ആനക്കൊട്ടിലിലേക്ക്
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

ആറളത്തെ ഭീതിയിലാഴ്ത്തിയ കെഎം-1 മോഴയാനയെ മയക്കുവെടിവെച്ച് തളച്ചു; ദൗത്യം വിജയകരമായി പൂർത്തിയാക്കി വനംവകുപ്പ്

​ഇരിട്ടി: ആറളം ഫാമിലെയും പുനരധിവാസ മേഖലയിലെയും ജനങ്ങളെ വർഷങ്ങളായി ഭീതിയുടെ മുൾമുനയിൽ നിർത്തിയ 'കെഎം-1' എന്ന കണ്ണൂർ മഖ്‌ന (മോഴയാന) ഒടുവിൽ വനംവകുപ്പിന്റെ നിയന്ത്രണത്തിലായി. 'ഓപ്പറേഷൻ കണ്ണൂർ മഖ്‌ന' എന്ന പേരിൽ വനംവകുപ്പും മറ്റ് ഔദ്യോഗിക സംവിധാനങ്ങളും ചേർന്ന് നടത്തിയ സങ്കീർണ്ണമായ ദൗത്യത്തിനൊടുവിലാണ് വ്യാഴാഴ്ച ആനയെ മയക്കുവെടിവെച്ച് പിടികൂടിയത്. നൂറിലേറെ പേ അടങ്ങുന്ന വിദഗ്ധ സംഘമാണ് ദൗത്യത്തിൽ പങ്കാളികളായത്.

​വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെ പതിമൂന്നാം ബ്ലോക്കിലെ ഓടച്ചാൽ ഭാഗത്ത് മറ്റ് ആറ് കാട്ടാനകൾക്കൊപ്പം നിൽക്കുന്ന നിലയിലാണ് നിരീക്ഷണസംഘം മോഴയാനയെ കണ്ടെത്തിയത്. തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ കൂടെയുണ്ടായിരുന്ന ആനകളെ മാറ്റിയ ശേഷമാണ് മയക്കുവെടി വെക്കാനുള്ള സാഹചര്യം ഒരുക്കിയത്. ഉച്ചയ്ക്ക് 11 മണിയോടെ ആദ്യ മയക്കുവെടി നൽകിയെങ്കിലും ആന പൂർണ്ണമായും മയങ്ങാത്തതിനെ തുടർന്ന് രണ്ടു തവണ കൂടി മരുന്ന് നൽകി നിയന്ത്രണവിധേയമാക്കുകയായിരുന്നു.

​തുടർന്ന് വളയംചാലിൽ തയ്യാറാക്കി നിർത്തിയിരുന്ന വിക്രം, ഉണ്ണികൃഷ്ണൻ, ഭരതൻ എന്നീ മൂന്ന് കുങ്കിയാനകളെ സ്ഥലത്തെത്തിച്ച് മോഴയെ താങ്ങിനിർത്തി. റോഡിൽ നിന്ന് 300 മീറ്ററോളം ഉള്ളിലായതിനാൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പുതിയ പാത നിർമ്മിച്ചാണ് ആനയെ പുറത്തെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. പ്രതികൂല കാലാവസ്ഥയും കനത്ത മഴയും ദൗത്യത്തിന് വെല്ലുവിളി സൃഷ്ടിച്ചു.

​പിടികൂടിയ ആനയെ വയനാട് മുത്തങ്ങയിൽ പ്രത്യേകം തയ്യാറാക്കിയ ആനക്കൊട്ടിലിലേക്ക് മാറ്റും. ആനയുടെ മുൻകാലിലും തുമ്പിക്കൈയിലും ചെറിയ മുറിവുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ ചികിത്സ നൽകിയ ശേഷം ആരോഗ്യസ്ഥിതി ഉറപ്പുവരുത്തുമെന്നും ഡിഎഫ്ഒ അറിയിച്ചു. റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ആനയെ പിന്നീട് വിസ്തൃതമായ വനമേഖലയിൽ തുറന്നുവിടാനാണ് നിലവിലെ പദ്ധതി.

​ദൗത്യത്തോടനുബന്ധിച്ച് പ്രദേശത്ത് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കക്കുവാ കവല മുതൽ പതിമൂന്നാം ബ്ലോക്ക് പരിപ്പ്‌തോട് വരെയുള്ള റൂട്ടിൽ കർശന ഗതാഗത നിയന്ത്രണവുമുണ്ടായിരുന്നു. കണ്ണൂർ ഡിഎഫ്ഒ കെ. സജി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ എന്നിവരുടെ നേതൃത്വത്തിൽ ആറളം, വയനാട്, നിലമ്പൂർ ആർആർടി സംഘങ്ങളും റവന്യൂ, പോലീസ് ഉദ്യോഗസ്ഥരും ഡോക്ടർമാരും ചേർന്നാണ് ദൗത്യം വിജയകരമാക്കിയത്.