നിയമപരമായ വിവാഹപ്രായത്തിന് മുമ്പും പ്രായപൂർത്തിയായവർക്ക് ലിവ്-ഇൻ ബന്ധത്തിൽ തുടരാം
നിയമപരമായ വിവാഹപ്രായത്തിന് മുമ്പും പ്രായപൂർത്തിയായവർക്ക് ലിവ്-ഇൻ ബന്ധത്തിൽ തുടരാം രാജസ്ഥാൻ ഹൈക്കോടതി
നിയമപരമായ വിവാഹപ്രായത്തിന് മുമ്പും പ്രായപൂർത്തിയായവർക്ക് ലിവ്-ഇൻ ബന്ധത്തിൽ തുടരാം
ന്യൂഡൽഹി: നിയമപ്രകാരമുള്ള വിവാഹപ്രായമെത്തുന്നതിനു മുമ്പുതന്നെ പ്രായപൂർത്തിയായവർക്ക് ഉഭയസമ്മതപ്രകാരം ഒരുമിച്ചു താമസിക്കാമെന്ന സുപ്രധാനവും ഏറെ ചർച്ചാവിഷയമായേക്കാവുന്നതുമായ വിധിയുമായി രാജസ്ഥാൻ ഹൈക്കോടതി. മൗലികാവകാശങ്ങളുടെ വ്യാപ്‌തിക്ക് വിവാഹപ്രായമല്ല, മറിച്ച് പ്രായപൂർത്തിയാകുന്നതാണ് മാനദണ്ഡമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വിധിക്ക് ദൂരവ്യാപക ഫലങ്ങളുണ്ടാകുമെന്നാണ് നിയമവൃത്തങ്ങൾ വിലയിരുത്തുന്നത്.
രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള 18 വയസ് പൂർത്തിയായ യുവതിയുടെയും 19 വയസ്സുകാരനായ യുവാവിന്റെയും ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക വിധി. തങ്ങൾ സ്വമേധയാ എടുത്ത തീരുമാനപ്രകാരം ഒരുമിച്ചു താമസിക്കുകയാണെന്നും എന്നാൽ, യുവതിയുടെ കുടുംബം ബന്ധത്തെ എതിർക്കുകയും കൊലപാതക ഭീഷണി മുഴക്കുകയും ചെയ്യുകയാണെന്നും ദമ്പതികൾ കോടതിയെ അറിയിച്ചു.
2025 ഒക്ടോബർ 27-ന് ഇരുവരും ലിവ്-ഇൻ കരാറിൽ ഒപ്പിട്ടിരുന്നു. ഒരുമിച്ചു ജീവിക്കാൻ അനുവദിക്കാത്തതിൽ കോട്ട പോലീസിനു നൽകിയ പരാതിയിൽ നടപടിയെടുക്കുന്നില്ലെന്നും ഇരുവരും കോടതിയിൽ പരാതിപ്പെട്ടു.
എന്നാൽ, ഹർജി പരിഗണിച്ചപ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ ഇതിനെ ശക്തമായി എതിർത്തു. യുവാവിന് വിവാഹത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രായമായ 21 വയസ്സ് പൂർത്തിയായിട്ടില്ലെന്നും അതിനാൽ ലിവ്-ഇൻ ബന്ധത്തിന് അനുവദിക്കരുതെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.
ഈ വാദങ്ങളെ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചത് ഇങ്ങനെയാണ്: ഹർജിക്കാർക്ക് നിയമപ്രകാരമുള്ള വിവാഹപ്രായമെത്തിയിട്ടില്ല എന്നതുകൊണ്ടു മാത്രം ഭരണഘടനയുടെ അനുച്ഛേദം 21 നിഷ്‌കർഷിക്കുന്ന ജീവിതത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം നിഷേധിക്കാനാവില്ല. പ്രായപൂർത്തിയായവർക്ക് അവരുടെ പങ്കാളിയെ തിരഞ്ഞെടുക്കാനും ഒരുമിച്ചു ജീവിക്കാനുമുള്ള സ്വാതന്ത്ര്യം മൗലികാവകാശമാണെന്ന് കോടതി വ്യക്തമാക്കി.
ഈ വിധി പ്രായപൂർത്തിയായ വ്യക്തികളുടെ അവകാശങ്ങളെയും സ്വയം നിർണ്ണയാവകാശത്തെയും കൂടുതൽ ഊട്ടിയുറപ്പിക്കുന്ന ഒന്നായി കണക്കാക്കപ്പെടുന്നു.

