ആലുവയിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി കവർച്ച ആറുപേർ അറസ്റ്റിൽ
ആലുവയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി കവർച്ച നടത്തിയ സംഭവത്തിൽ ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് തിരഞ്ഞെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
ആലുവയിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി കവർച്ച; ആറുപേർ അറസ്റ്റിൽ
ആലുവ: അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ കേസിൽ ആറുപേരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു.
എരുമത്തല ആലിങ്കൽ വീട്ടിൽ അനസ് (28), കാഞ്ഞിരക്കാട് റയോൺപുരം പുന്നക്കൽ വീട്ടിൽ നൂഹ് (26), കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ ഏണിക്കാട്ട് വീട്ടിൽ വിനോദ് കുമാർ (35), പെരുമ്പാവൂർ കാഞ്ഞിരക്കാട് ചെറുവള്ളിക്കുടി വീട്ടിൽ ഹസ്സൻ (25), മൂവാറ്റുപുഴ പേഴക്കാപ്പിള്ളി മൂസാരി മോലേത്ത് വീട്ടിൽ ഹിത്ബുള്ള ഷിയാസ് (21), പേഴക്കാപ്പിള്ളി കണ്ണേമ്പിള്ളി വീട്ടിൽ ആഷിക് അലിയാർ (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ആലുവ ശിവഗിരി വിദ്യാനികേതൻ സ്കൂളിന് സമീപമുള്ള വാടകവീട്ടിലായിരുന്നു സംഭവം. പെരുമ്പാവൂർ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളി ഈ വീട്ടിൽ താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ എത്തിയത്. നാട്ടുകാരാണെന്ന വ്യാജേന വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം ലഹരിവസ്തുക്കൾ കൈക്കലാക്കി വിൽപന നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഇവർ ലക്ഷ്യംവെച്ച അസം സ്വദേശി മാസങ്ങൾക്ക് മുമ്പ് തന്നെ ഈ താമസം ഒഴിഞ്ഞുപോയിരുന്നു.
തുടർന്ന് വീട്ടിലുണ്ടായിരുന്ന മറ്റ് തൊഴിലാളികളെ സംഘം ക്രൂരമായി ആക്രമിക്കുകയും അവരുടെ മൊബൈൽ ഫോണുകളും പണവും കവരുകയുമായിരുന്നു. കവർച്ച ചെയ്ത ഫോണുകൾ പെരുമ്പാവൂരിലെ വിവിധ മൊബൈൽ കടകളിൽ വിറ്റതായി പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ, എസ്ഐമാരായ ജോസ്സി എം. ജോൺസൺ, കെ.കെ. സജീഷ്, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, ബെന്നി ഐസക്ക്, അരവിന്ദ് വിജയൻ, എം. ഷാഹിൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

