സംസ്ഥാനത്തെ നടുക്കിയ അവയവക്കച്ചവട കേസ് അന്വേഷണ ചുമതല കെ.എസ്. സുദർശന് കീഴിലുള്ള എസ്‌ഐടിക്ക്

കേരളത്തെ പിടികുലുക്കിയ അവയവക്കച്ചവടത്തിനും വ്യാജരേഖ ചമയ്ക്കലിനും പിന്നിലെ റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം റൂറൽ എസ്.പി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചു.

സംസ്ഥാനത്തെ നടുക്കിയ അവയവക്കച്ചവട കേസ് അന്വേഷണ ചുമതല കെ.എസ്. സുദർശന് കീഴിലുള്ള എസ്‌ഐടിക്ക്
​കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം; സംസ്ഥാനത്ത് അവയവക്കച്ചവടവും വ്യാജരേഖാ റാക്കറ്റും അന്വേഷിക്കും

അവയവക്കച്ചവടവും വ്യാജരേഖ ചമയ്ക്കലും: അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു

കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച അവയവക്കച്ചവടത്തിനും വ്യാജരേഖ ചമയ്ക്കലിനും പിന്നിലെ വൻ റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) രൂപം നൽകി. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശനാണ് അന്വേഷണ സംഘത്തിന്റെ തലവൻ. കാസർഗോഡ് സ്വദേശിയായ ഇടനിലക്കാരൻ മുഹമ്മദ് നജീബ് കല്ലട്രയുടെ നേതൃത്വത്തിൽ അനധികൃത വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്കായി വ്യാജ രേഖകൾ ചമച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

​അനുമതി നിഷേധിക്കപ്പെട്ട കേസുകളിൽ പോലും അനധികൃതമായി അവയവ മാറ്റിവെക്കലുകൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വിദേശങ്ങളിൽ നിന്ന് രോഗികളെ എത്തിച്ച് പാവപ്പെട്ടവരെ സാമ്പത്തിക പ്രലോഭനങ്ങളിൽ കുടുക്കി അവയവ കൈമാറ്റം നടത്തിയെന്ന ഗുരുതരമായ ആരോപണവും എസ്‌ഐടി അന്വേഷിക്കും. മെഡിക്കൽ ടൂറിസത്തിന്റെ മറവിലാണ് ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുന്നതെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ.

​വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുക, ഹവാല-ക്രിപ്റ്റോകറൻസി വഴിയുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുക എന്നിവയുൾപ്പെടെ ദേശീയ-രാജ്യാന്തര ബന്ധമുള്ള ഒരു വലിയ കുറ്റകൃത്യ ശൃംഖലയാണ് ഇതിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. കുന്നത്തുനാട്, വടക്കേക്കര, അമ്പലമേട് പൊലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ റെയ്ഡുകൾക്ക് പിന്നാലെയാണ് സർക്കാർ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

​എറണാകുളം പള്ളിക്കര കേന്ദ്രീകരിച്ചായിരുന്നു വ്യാജരേഖാ നിർമാണം നടന്നതെന്ന് പൊലീസ് കണ്ടെത്തി. മുഖ്യപ്രതിയായ നജീബ് കല്ലട്ര മാത്രം 35-ഓളം പേർക്ക് വ്യാജ അവയവമാറ്റ രേഖകൾ നിർമ്മിച്ച് നൽകിയിട്ടുണ്ടെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. നിയമപരമായ അനുമതികൾ ലഭിക്കാൻ എംപിമാർ, എംഎൽഎമാർ എന്നിവരുടെ വ്യാജ ലെറ്റർഹെഡുകൾ, വ്യാജ വില്ലേജ് സർട്ടിഫിക്കറ്റുകൾ, വിവാഹ സർട്ടിഫിക്കറ്റുകൾ, എസ്‌എസ്‌എൽസി ബുക്കുകൾ തുടങ്ങിയവ സംഘം ദുരുപയോഗം ചെയ്തു.

​ഓരോ വൃക്ക മാറ്റിവെക്കലിനും സ്വീകർത്താക്കളിൽ നിന്ന് ഏകദേശം 15 ലക്ഷം രൂപയാണ് പ്രതികൾ ഈടാക്കിയിരുന്നത്. ഇതിൽ 10 ലക്ഷം രൂപ ദാതാവിന് നൽകുകയും ബാക്കി 5 ലക്ഷം രൂപ ഇടനിലക്കാർ തട്ടിയെടുക്കുകയും ചെയ്തു. വടക്കേക്കര സ്വദേശിയായ ഒരു സ്ത്രീയെ കാസർഗോഡ് സ്വദേശിയായ രോഗിക്ക് പണം നൽകി വൃക്ക നൽകാൻ പ്രേരിപ്പിച്ചതുൾപ്പെടെയുള്ള കേസുകൾ സംഘം അന്വേഷിക്കും. സൈബർ സെൽ, ഇക്കണോമിക് ഒഫൻസ് വിങ്, സ്റ്റേറ്റ് ഇന്റലിജൻസ്, ആന്റി ഹ്യൂമൻ ട്രാഫിക്കിങ് യൂണിറ്റ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും എസ്‌ഐടിയിലുണ്ട്.