പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ഖലീഫ യിൽ മെഗാസ്റ്റാർ മോഹൻലാൽ അതിഥി
വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന 'ഖലീഫ'യിൽ മെഗാസ്റ്റാർ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നതായി ഔദ്യോഗിക പ്രഖ്യാപനം.
വമ്പൻ ബഡ്ജറ്റിൽ വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന 'ഖലീഫ'യിൽ മെഗാസ്റ്റാർ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നതായി ഔദ്യോഗിക പ്രഖ്യാപനം. ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രമായ 'മിസിസ് ഗാന്ധിയെ മുട്ടുകുത്തിച്ച മാമ്പറയ്ക്കൽ അഹമ്മദ് അലി' എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുക.
രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന 'ഖലീഫ'യുടെ രണ്ടാം ഭാഗത്തിലായിരിക്കും മോഹൻലാൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി നായകസ്ഥാനത്തെത്തുക. ആദ്യ ഭാഗത്തിൽ നായകനായ പൃഥ്വിരാജ് സുകുമാരനും രണ്ടാം ഭാഗത്തിൽ പ്രധാന കഥാപാത്രമായി ഉണ്ടാകും.
സുവർണ്ണ ലിപികളാൽ എഴുതപ്പെടുന്ന പ്രതികാരം
മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ കൊച്ചുമകൻ മാമ്പറയ്ക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് ഖലീഫയിൽ എത്തുന്നത്. പൃഥ്വിരാജിന്റെ ജന്മദിനമായ ഒക്ടോബർ പതിനാറിന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് വീഡിയോയിൽ, ഇന്ദ്രൻസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ സംഭാഷണത്തിലൂടെയാണ് ഈ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.
സ്വർണ്ണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥ പറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റർടൈനറാണ് 'ഖലീഫ' എന്ന സൂചനയാണ് വൻ ഹിറ്റായി മാറിയ ഗ്ലിമ്പ്‌സ് വീഡിയോ നൽകിയത്. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്നതാണ് സിനിമയുടെ ടാഗ്‌ലൈൻ. ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങളും മാസ്സ് സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങളും ഉൾപ്പെടുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്.
ലണ്ടനിൽ തുടക്കം; 2026 ഓണത്തിന് റിലീസ്
'പോക്കിരി രാജ'യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിൻ്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ. 'ആദം ജോൺ', 'ലണ്ടൻ ബ്രിഡ്ജ്', 'മാസ്റ്റേഴ്സ്', 'കടുവ' എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിജോ സെബാസ്റ്റ്യനാണ് സഹനിർമ്മാതാവ്.
'ഖലീഫ'യുടെ ആദ്യ ഭാഗം 2026 ഓണം റിലീസായി തിയേറ്ററുകളിലെത്തും.
അണിയറ പ്രവർത്തകർ
ഛായാഗ്രഹണം: ജോമോൻ ടി ജോൺ
സംഗീതം: ജേക്സ് ബിജോയ്
എഡിറ്റിംഗ്: ചമൻ ചാക്കോ
ആക്ഷൻ: യാനിക്ക് ബെൻ

