കുട്ടികൾക്ക് ആവേശവും പ്രചോദനവുമായി ഒളിമ്പ്യന്മാരും ഏഷ്യൻ ചാമ്പ്യന്മാരും അണിനിരന്നു

68 ാമത് സംസ്ഥാന സ്‌കൂൾ കായികമേളയുടെ പ്രധാന വേദിയായ കോഴിക്കോട് എൻ.ഐ.ടി മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ അഞ്ജു ബോബി ജോർജ്, പി.ആർ. ശ്രീജേഷ് ഉൾപ്പെടെയുള്ള പ്രമുഖ കായികതാരങ്ങൾ കുട്ടിത്താരങ്ങൾക്ക് ആശംസകളുമായി ഒന്നിച്ചെത്തി.

കുട്ടികൾക്ക് ആവേശവും പ്രചോദനവുമായി ഒളിമ്പ്യന്മാരും ഏഷ്യൻ ചാമ്പ്യന്മാരും അണിനിരന്നു
ഇന്ത്യൻ അഭിമാന താരങ്ങളായ അഞ്ജു ബോബി ജോർജ്, ജോസഫ് ജെ എബ്രഹാം, ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, ഒളിമ്പ്യൻ ജിൻസൺ, ജിൻസൺ ജോൺസൺ, കുഞ്ഞുമുഹമ്മദ്, പി യു ചിത്ര, വി കെ വിസ്മയ എന്നിവർ സംസ്ഥാന സ്കൂൾ കായികമേള വേദിയിൽ അണിനിരന്നപ്പോൾ

​68-ാമത് സംസ്ഥാന സ്‌കൂൾ കായികമേള: കുട്ടികൾക്ക് ആവേശവും പ്രചോദനവുമായി ഒളിമ്പ്യന്മാരും ഏഷ്യൻ ചാമ്പ്യന്മാരും അണിനിരന്നു

​കോഴിക്കോട്: കായികകേരളത്തിന്റെ അഭിമാനതാരങ്ങൾ ഒന്നിച്ചെത്തിയതോടെ 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയുടെ പ്രധാന വേദിയായ എൻ.ഐ.ടി മേജർ ധ്യാൻചന്ദ് സ്റ്റേഡിയം ആവേശക്കടലായി. അന്താരാഷ്ട്ര തലത്തിലും ഒളിമ്പിക്‌സിലും ഭാരതത്തിന്റെ ത്രിവർണ്ണ പതാക വാനോളമുയർത്തിയ കായികപ്രതിഭകൾ ഒന്നിച്ച് വേദിയിലെത്തി വളർന്നുവരുന്ന കുട്ടിത്താരങ്ങളെ അഭിവാദ്യം ചെയ്തു.

​ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരവും ഖേൽരത്‌ന-പദ്മശ്രീ പുരസ്‌കാര ജേതാവുമായ അഞ്ജു ബോബി ജോർജ്, പാരീസ്-ടോക്കിയോ ഒളിമ്പിക്‌സ് മെഡലിസ്റ്റും മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായ പി.ആർ. ശ്രീജേഷ്, 400 മീറ്റർ ഹർഡിൽസിൽ ഏഷ്യൻ ഗെയിംസ് സ്വർണ്ണമെഡൽ ജേതാവ് ജോസഫ് ജെ. എബ്രഹാം, 800, 1500 മീറ്ററുകളിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ ഒളിമ്പ്യൻ ജിൻസൺ ജോൺസൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

​ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് സ്വർണ്ണനേട്ടങ്ങളിലൂടെ ശ്രദ്ധേയയായ പി.യു. ചിത്ര, 4×400 മീറ്റർ റിലേയിലെ ഏഷ്യൻ ചാമ്പ്യൻഷിപ്പ് സ്വർണ്ണമെഡൽ ജേതാവും ഒളിമ്പ്യനുമായ കുഞ്ഞുമുഹമ്മദ്, ഏഷ്യൻ ഗെയിംസ് റിലേ സ്വർണ്ണമെഡൽ ജേതാവ് വി.കെ. വിസ്മയ എന്നിവരും വേദിയിൽ അണിനിരന്നു. തങ്ങളുടെ കായിക ജീവിതത്തിലെ പോരാട്ടവീര്യവും അനുഭവസമ്പത്തും പങ്കുവെച്ച താരങ്ങൾ നവാഗത കായികപ്രതിഭകൾക്ക് വിജയആശംസകൾ നേർന്നു.

​കഠിനാധ്വാനവും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ ലോകത്തിന്റെ ഉച്ചകോടിയിൽ എത്താൻ ഏതൊരു കായികതാരത്തിനും സാധിക്കുമെന്ന വലിയ സന്ദേശമാണ് കായികലോകത്തെ പ്രമുഖരുടെ സാന്നിധ്യം കുട്ടിത്താരങ്ങൾക്ക് നൽകിയത്