ബംഗാളിൽ ഭാര്യയെ കൊന്നു മുങ്ങി; ഒളിത്താവളമായി പെരുമ്പാവൂർ തിരഞ്ഞെടുത്ത പ്രതി പോലീസ് വലയിൽ
ബംഗാളിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഇരുപത്തിയെട്ടുകാരനായ ഇതരസംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂർ പോലീസ് പിടികൂടി. പ്രതിയെ ഹൗറ പോലീസിന് കൈമാറി.
പെരുമ്പാവൂർ: ബംഗാളിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഇതരസംസ്ഥാന തൊഴിലാളി പെരുമ്പാവൂരിൽ പോലീസ് പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി രാഹുൽ (28) നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ ടൗണിൽ ഹെൽപ്പർ ജോലി ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
കഴിഞ്ഞ ഫെബ്രുവരിയിൽ വെസ്റ്റ് ബംഗാൾ ഹൗറ ഡോംജൂർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കൊലപാതകം നടന്നത്. കൃത്യത്തിന് ശേഷം പ്രതി ഹൗറയിൽ നിന്നും മുങ്ങുകയായിരുന്നു. മുൻപും പെരുമ്പാവൂരിൽ ജോലി ചെയ്തിട്ടുള്ള രാഹുൽ, പരിചയമുള്ള സ്ഥലമെന്ന രീതിയിലാണ് വീണ്ടും ഇവിടെയെത്തി ഒളിവിൽ കഴിഞ്ഞത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒ ബെന്നി ഐസക്ക് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റിലായ പ്രതിയെ തുടർനടപടികൾക്കായി ഹൗറ ഡോംജൂർ പോലീസിന് കൈമാറി.