യൂണിവേഴ്‌സിറ്റി ടൗൺഷിപ്പ് പദ്ധതി കേന്ദ്ര ഫണ്ട് ലക്ഷ്യമിട്ട് കേരളം കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി റോജി എം. ജോൺ
കേന്ദ്ര സർക്കാരിന്റെ യൂണിവേഴ്‌സിറ്റി ടൗൺഷിപ്പ് പദ്ധതിയിൽ കേരളം അപേക്ഷ നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി റോജി എം. ജോൺ
ഡൽഹി : കേന്ദ്രസർക്കാർ പ്രഖ്യാപിച്ച യൂണിവേഴ്‌സിറ്റി ടൗൺഷിപ്പ് പദ്ധതിയിൽ കേരളം അപേക്ഷ നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ന്യൂഡൽഹി കേരളഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പദ്ധതിയിൽ കേരളത്തെ പരിഗണിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ കേരള നോളജ്‌വാലി, റിസർച്ച് പാർക്ക് പദ്ധതികൾ യൂണിവേഴ്‌സിറ്റി ടൗൺഷിപ്പ് പ്രോഗ്രാമുമായി ചേർന്നു പോകുന്നവയാണ്. ഇതിനായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ സ്ഥലം സജ്ജമാക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. യൂണിവേഴ്‌സിറ്റി ടൗൺഷിപ്പ് പ്രോഗ്രാമിനായി വലിയ ഫണ്ടാണ് കേന്ദ്രം വിഭാവനം ചെയ്യുന്നത്. അതിന്റെ സാധ്യത പ്രയോജനപ്പെടുത്തുകയാണ് സംസ്ഥാനത്തിന്റെ ഉദ്ദേശം. പദ്ധതിയുടെ മാനദണ്ഡം തയ്യാറാകുമ്പോൾ സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ഉണ്ടെങ്കിൽ അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രഖ്യാപിച്ച മൾട്ടി ഡിസിപ്ലിനറി എഡ്യൂക്കേഷൻ ആന്റ് റിസർച്ച് ഇംപ്രൂവ്‌മെന്റ് ഇൻ ടെക്‌നിക്കൽ എഡ്യൂക്കേഷൻ പദ്ധതിയിലും കേരളത്തിന് അർഹമായ പരിഗണന നൽകണമെന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് അദ്ദേഹം അറിയിച്ചതായി മന്ത്രി റോജി എം. ജോൺ പറഞ്ഞു.
കേരളത്തിന്റെ സ്വകാര്യ സർവകലാശാല ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചതിനാൽ അനിശ്ചിതാവസ്ഥയിലാണ്. അതിനാൽ ഈ ബിൽ തിരിച്ചുവിളിച്ച് പുതിയ ബിൽ കൊണ്ടുവരുന്നതിനുള്ള ആലോചനയിലാണ് സർക്കാർ. സ്വകാര്യ സർവകലാശാല നിയമം പ്രാബല്യത്തിൽ കൊണ്ടുവരണം എന്നു തന്നെയാണ് സർക്കാരിന്റെ ലക്ഷ്യം. കേരളത്തിലെ സർവകലാശാലകളുടെ ഭരണ സംവിധാനത്തിന് ഒരു ഏകീകൃത മാതൃകയിൽ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നു. സർകലാശാലകൾക്ക് ഭരണപരമായ ഏകീകൃത രൂപവും അക്കാഡമിക്ക് വൈവിധ്യവുമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സർവകലാശാല പരീക്ഷകൾ കൃത്യമായി നടത്തുന്നതിന് ഒരു അക്കാഡമിക്ക് കലണ്ടർ തയ്യാറാക്കും. ഇപ്പോൾ പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകി ഫലം വരും മുൻപ് സപ്‌ളിമെന്ററി പരീക്ഷകൾ നടക്കുന്നുണ്ട്. അപ്പോൾ വിദ്യാർത്ഥികൾ രണ്ടിനും പണം അടയ്ക്കണം. സപ്ലിമെന്ററി പരീക്ഷയ്ക്ക് മുൻപ് പുനർമൂല്യ നിർണയ ഫലം പ്രസിദ്ധീകരിക്കണമെന്ന് സർവകലാശാലകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിയുമായി കൃഷി ഭവനിൽ വച്ചു നടന്ന കൂടിക്കാഴ്ചയിൽ മന്ത്രി റോജി എം. ജോണിനൊപ്പം ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകും ഉണ്ടായിരുന്നു.