ജനസംഖ്യാ കണക്കെടുപ്പിന് ഒരുങ്ങി എറണാകുളം ജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി

15 വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ആരംഭിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി എറണാകുളം ജില്ലാതല ഉദ്യോഗസ്ഥർക്കുള്ള ത്രിദിന പരിശീലന പരിപാടി ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു.

ജനസംഖ്യാ കണക്കെടുപ്പിന് ഒരുങ്ങി എറണാകുളം ജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി
കളക്ടറേറ്റ് സ്പാർക് ഹാളിൽ സെൻസസ് ചാർജ് ഓഫീസർമാരുടെ പരിശീലന പരിപാടി ജില്ലാകളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യുന്നു.
ജനസംഖ്യാ കണക്കെടുപ്പിന് ഒരുങ്ങി എറണാകുളം ജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി

ജനസംഖ്യാ കണക്കെടുപ്പ്:

പരിശീലന പരിപാടിക്ക് തുടക്കം

ദേശീയ തലത്തിൽ ആരംഭിക്കുന്ന ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ് ) പരിപാടിയുടെ എറണാകുളം ജില്ലാതല പരിശീലന പരിപാടിക്കു തുടക്കം.

കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന ചടങ്ങിൽ ജില്ലാ കളക്ടറും പ്രിൻസിപ്പൽ സെൻസസ് ചാർജ് ഓഫീസറുമായ ജി. പ്രിയങ്ക സെൻസസ് ചാർജ് ഓഫീസർമാർക്കുള്ള ത്രിദിന പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു.

2011 ലാണ് രാജ്യത്ത് ഒടുവിൽ സെൻസസ് നടന്നത്. കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള കാരണങ്ങളാൽ വൈകി 15 വർഷത്തിന് ശേഷമാണ് ഈ വർഷം ആരംഭിച്ച് 2027 ആദ്യം അവസാനിക്കുന്ന വിധത്തിൽ സെൻസസ് പ്രകിയ വിഭാവനം ചെയ്തിരിക്കുന്നത്. അടുത്ത ജൂലൈയിൽ വീടുകളുടെ കണക്കെടുപ്പോടെ ഫീൽഡ് തല പ്രവർത്തനങ്ങൾ ആരംഭിക്കും. മുൻ സെൻസസ് നടപടികളെ അപേക്ഷിച്ച് ഇക്കുറി കണക്കെടുപ്പ് പ്രവർത്തനങ്ങൾ മൊബൈൽ ഡിജിറ്റൽ പ്ളാറ്റ് ഫോമിലായിരിക്കുമെന്നത് നടപടികൾ വേഗത്തിലും കൃത്യതയോടെയും പൂർത്തിയാക്കാൻ കഴിയുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പൊതു ജനങ്ങൾക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ സ്വയം വിവരങ്ങൾ നൽകാൻ സാധിക്കും.ഇക്കാര്യത്തിൽ എല്ലാ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണവും പിന്തുണയും ആവശ്യമാണ്. സെൻസസിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ നാടിന്റെ വികസനവും വിഭവ വിതരണവും നടക്കുന്നതെന്ന് അവർ പറഞ്ഞു. ജനങ്ങളുടെയും നാടിന്റെയും ആവശ്യങ്ങൾ അറിഞ്ഞ് ആസൂത്രണ പ്രക്രിയയും ബജറ്റും ആവിഷ്‌കരിക്കുന്നതിലൂടെയാണ് പുരോഗതി ദൃശ്യമാകുന്നത്. 

ജനസംഖ്യാ കണക്കെടുപ്പെന്ന ബൃഹദ് പരിപാടിയുടെ നടത്തിപ്പിനായിസംസ്ഥാനത്തെ 70000 ഓളം അധ്യാപകരാണ് എന്യൂമറേറ്റർമാരായി രംഗത്ത് വരുന്നത്. സൂപ്പർവൈസർമാരുൾപ്പെടെ എന്യൂമറേറ്റർമാർക്കും പരിശീലനം നൽകും.

ജില്ലാ സെൻസസ് ഓഫീസർമാർ, അഡീഷണൽ ജില്ലാ സെൻസസ് ഓഫീസർമാർ, ചാർജ് സെൻസസ് ഓഫീസർമാർ, അഡീഷണൽ ചാർജ് സെൻസസ് ഓഫീസർമാർ എന്നിവർക്ക് പുറമെ ഓരോ ഓഫീസിൽ നിന്നുമുള്ള തിരഞ്ഞെടുത്ത ക്ലറിക്കൽ അസിസ്റ്റന്റുമാർക്കും സാങ്കേതിക സഹായികൾക്കുമാണ് തുടക്കത്തിൽ പരിശീലനം.

സെൻസസ് പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്ന സാഹചര്യത്തിൽ, ഉദ്യോഗസ്ഥർക്ക് അവരുടെ ചുമതലകളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുകയാണ് ഈ പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. സെൻസസ് പ്രക്രിയകൾ, നിർവചനങ്ങൾ, ഹൗസ്‌ലിസ്റ്റിംഗുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, സി.എം.എം.എസ് (CMMS), എച്ച്.എൽ.ബി.സി (HLBC) വെബ് ആപ്ലിക്കേഷനുകളുടെ ഉപയോഗം എന്നിവയിൽ ഉദ്യോഗസ്ഥർക്ക് വിശദമായ പരിശീലനം ലഭ്യമാക്കും.

ദേശീയ സെൻസസ് രജിസ്ട്രേഷൻ വിഭാഗം സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരായബിട്ടു ചാക്കോ, ഷിബി വി. പി, സൗമ്യ ഉണ്ണികൃഷ്ണൻ, രമ്യ എ. എസ് എന്നിവരാണ് പരിശീലന പരിപാടി നയിക്കുന്നത്. പ്രിൻസിപ്പൽ ജില്ലാ സെൻസസ് ഓഫീസർക്ക് താഴെഎഡിഎം ആണ് ജില്ലാ ചാർജ് സെൻസസ് ഓഫീസർ. ഫോർട്ട്കൊച്ചി സബ്കളക്ടർ, മുവാറ്റുപുഴ ആർ ഡി ഒ, എൽ എസ് ജിഡി ജോയിന്റ് ഡയറക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, ജില്ലാ പ്ലാനിംഗ് ഓഫീസർ, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ, ജില്ലാ ഇൻഫർഫർമേഷൻ ഓഫീസർ, ഐ ടി മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ എന്നിവർ അഡീഷണൽ ജില്ലാ ചാർജ് ഓഫീസർമാരും കൊച്ചി കോർപറേഷൻ സെക്രട്ടറി അഡീഷണൽ പ്രിൻസിപ്പൽ ചാർജ് ഓഫിസറും തഹസിൽദാർമാരും നഗരസഭാ സെക്രട്ടറിമാരും ചാർജ് സെൻസസ് ഓഫീസർമാരുമായിരിക്കും.