പെരുമ്പാവൂരിൽ റോഡരികിലെ ആക്രി കൂമ്പാരങ്ങളിൽ വിഷപ്പാമ്പുകൾ യാത്രക്കാർക്ക് ഇരട്ടി ഭീഷണി
പെരുമ്പാവൂർ പാലക്കാട്ടുതാഴത്ത് റോഡരികിലെ അനധികൃത ആക്രി സംഭരണം അപകടഭീഷണിയാകുന്നു. ചൂട് കൂടിയതോടെ ഇത്തരം അവശിഷ്ടങ്ങൾക്കുള്ളിൽ പാമ്പുകൾ കയറിയിരിക്കുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു.
പെരുമ്പാവൂർ റോഡരികിൽ 'മരണക്കെണി'; ആക്രി കൂമ്പാരങ്ങളിൽ വിഷപ്പാമ്പുകളും; കാൽനടയാത്രക്കാർ ഭീതിയിൽ
പെരുമ്പാവൂർ: നഗരസഭാ പരിധിയിലെ പ്രധാന പാതയോരങ്ങൾ അനധികൃത ആക്രി സംഭരണ കേന്ദ്രങ്ങൾ വിഴുങ്ങുന്നു. പാലക്കാട്ടുതാഴം സബ്‌സ്റ്റേഷൻ ബസ് സ്റ്റോപ്പ് ഉൾപ്പെടെയുള്ള പൊതുയിടങ്ങൾ കൈയേറി നടത്തുന്ന ഈ വ്യാപാരം കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാവുകയാണ്. ടൺ കണക്കിന് പഴയ ഫർണിച്ചറുകൾ, ഇരുമ്പ് അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവയാണ് റോഡിന്റെ പകുതിയോളം ഭാഗം കൈയടക്കി കുന്നുകൂട്ടിയിരിക്കുന്നത്.
പാലക്കാട്ടുതാഴത്തെ ബസ് സ്റ്റോപ്പിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. യാത്രക്കാർക്ക് കാത്തുനിൽക്കേണ്ട ഇടം മുഴുവൻ പഴയ പ്ലാസ്റ്റിക്, ലോഹ അവശിഷ്ടങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കഠിനമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ, തണുപ്പ് തേടി ഇത്തരം കൂമ്പാരങ്ങൾക്കുള്ളിൽ വിഷപ്പാമ്പുകളും മറ്റ് ജന്തുക്കളും തമ്പടിക്കാനുള്ള സാധ്യത ഏറെയാണ്. ബസ് കാത്തുനിൽക്കുന്നവരുടെ കാലുകൾക്കരികിൽ ഈ അപകടം പതിയിരിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഭീതിയോടെയാണ് ഇവിടെ നിൽക്കുന്നത്.
അപകടഭീഷണിയും പകർച്ചവ്യാധിയും
രാത്രികാലങ്ങളിൽ തെരുവ് വിളക്കുകളുടെ കുറവുള്ള സ്ഥലങ്ങളിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന ഇരുമ്പ് കമ്പികളും കൂർത്ത ലോഹ ഷീറ്റുകളും കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്ക് വലിയ അപകടക്കെണിയാണ് ഒരുക്കുന്നത്. മഴക്കാലം അടുത്തെത്തിയിരിക്കെ, ഈ മാലിന്യക്കൂമ്പാരങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകുന്നത് ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പടരാൻ കാരണമാകുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
നഗരസഭ അധികൃതരുടെ യാതൊരു അനുമതിയും ഇല്ലാതെയാണ് പലയിടത്തും ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ നിയമലംഘനമെന്ന് നാട്ടുകാർ ആരോപിക്കുന്നു എത്രയും പെട്ടെന്ന് പെരുമ്പാവൂർ നഗരസഭയുടെ ഭാഗത്തുനിന്ന് നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം