കഠിനാധ്വാനത്തിലൂടെ ഏത് ലക്ഷ്യവും നേടിയെടുക്കാം രമേശ് ചെന്നിത്തല
കഠിനാധ്വാനവും അർപ്പണബോധവുമുണ്ടെങ്കിൽ ഏത് ലക്ഷ്യവും നേടാമെന്ന് തൃക്കാക്കരയിൽ പി.ടി. തോമസ് എജുക്കേഷണൽ എക്സലൻസ് അവാർഡ് ഉദ്ഘാടനം ചെയ്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചടങ്ങിൽ ആസിഫ് അലി, ഉമ തോമസ് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.
കഠിനാധ്വാനത്തിലൂടെ ഏത് ലക്ഷ്യവും നേടിയെടുക്കാം: രമേശ് ചെന്നിത്തല; പി.ടി. തോമസ് എജുക്കേഷണൽ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു
കൊച്ചി: കഠിനാധ്വാനവും അർപ്പണബോധവും അച്ചടക്കവും ഉണ്ടെങ്കിൽ ഏതു വലിയ ലക്ഷ്യവും നേടിയെടുക്കാൻ കഴിയുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൃക്കാക്കരയിൽ സംഘടിപ്പിച്ച പി.ടി. തോമസ് എജുക്കേഷണൽ എക്സലൻസ് അവാർഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം കണ്ട ഏറ്റവും വലിയ ചക്രവർത്തിമാരിൽ ഒരാളായ നെപ്പോളിയൻ ബോണപ്പാർട്ടിന്റെ നിഘണ്ടുവിൽ 'അസാധ്യം' (Impossible) എന്നൊരു വാക്ക് ഇല്ലായിരുന്നുവെന്നും, അസാധ്യമായി ഒന്നുമില്ലെന്ന ചിന്തയോടെ വേണം വിദ്യാർത്ഥികൾ മുന്നോട്ടുപോകാനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിവരസാങ്കേതികവിദ്യയുടെ വലിയ വിപ്ലവത്തിനാണ് ഇന്നത്തെ കാലഘട്ടം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സാങ്കേതികവിദ്യയുടെയും ശാസ്ത്രത്തിന്റെയും അതിവിപുലമായ വളർച്ച പ്രയോജനപ്പെടുത്തി പുതിയ കണ്ടുപിടിത്തങ്ങൾ നടത്താനും ലോകത്തിന് സംഭാവനകൾ നൽകാനും വിദ്യാർത്ഥികൾക്ക് സാധിക്കണം. പ്രതിസന്ധികളെയും വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റുമ്പോഴാണ് വ്യക്തിത്വം രൂപപ്പെടുന്നത്. പരീക്ഷാപ്പേടിയെ ധൈര്യപൂർവ്വം നേരിടണമെന്നും തോൽവികളിൽ തളരാതെ ജീവിതത്തിൽ നന്മയുടെ പാത തിരഞ്ഞെടുത്ത് മുന്നേറണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഉപദേശിച്ചു. നാടിനും സമൂഹത്തിനും വേണ്ടി നിലപാടുകളിൽ ഉറച്ചുനിന്ന സത്യസന്ധതയുടെയും ധീരതയുടെയും പ്രതീകമായിരുന്നു പി.ടി. തോമസെന്നും ആഭ്യന്തര മന്ത്രി സ്മരിച്ചു.
ചടങ്ങിൽ ആഭ്യന്തര മന്ത്രി വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരെയുള്ള പോരാട്ടങ്ങളുടെ ഭാഗമായ 'ഓപ്പറേഷൻ തൂഫാൻ' പ്രസ്ഥാനത്തിൽ വിദ്യാർത്ഥികൾ പങ്കാളികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജീവിതത്തിൽ ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്ന് എടുത്ത പ്രതിജ്ഞ ഒരു കാരണവശാലും ലംഘിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും, വിവിധ മേഖലകളിൽ നേട്ടങ്ങൾ കൊയ്തവർക്കും, നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകൾക്കും മികച്ച അധ്യാപകർക്കും ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു.
ഉമ തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമാ താരം ആസിഫ് അലി മുഖ്യാതിഥിയായിരുന്നു. കൊച്ചി കോർപ്പറേഷൻ മേയർ വി. കെ. മിനിമോൾ, തൃക്കാക്കര നഗരസഭ ചെയർമാൻ റഷീദ് ഉള്ളമ്പിള്ളി, എറണാകുളം റൂറൽ എസ്.പി അശ്വതി ജിജി, ആർ.എസ്.ഇ.ടി ഡീൻ ഡോ. ബിജു പോൾ, പി.ടി. തോമസ് ഫൗണ്ടേഷൻ അംഗം ആർ. ഗോപാലകൃഷ്ണൻ, ജെയിൻ യൂണിവേഴ്‌സിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ടോം എം. ജോസഫ്, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
സ്റ്റീഫൻ മാത്യു അവതരിപ്പിച്ച വയലിൻ സോളോ, യോഗ ഡാൻസ്, യോഗാചാര്യൻ മുകുന്ദകുമാർ നടത്തിയ പ്രഭാഷണം എന്നിവയും ചടങ്ങിന് മാറ്റുകൂട്ടി.