മെസ്സി വരുന്നുവെന്ന പ്രഖ്യാപനത്തിൽ കോടികളുടെ തട്ടിപ്പ് കേന്ദ്ര ഏജൻസി അന്വേഷണത്തിന് ശുപാർശ

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിൽ കോടികളുടെ തട്ടിപ്പും ചട്ടലംഘനവും നടന്നതായി കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്.

മെസ്സി വരുന്നുവെന്ന പ്രഖ്യാപനത്തിൽ കോടികളുടെ തട്ടിപ്പ് കേന്ദ്ര ഏജൻസി അന്വേഷണത്തിന് ശുപാർശ
ലയണൽ മെസ്സി

മെസ്സി വരുന്നുവെന്ന പ്രഖ്യാപനത്തിൽ കോടികളുടെ തട്ടിപ്പ്; അർജന്റീന ടീം സന്ദർശനത്തിൽ വിജിലൻസ്, കേന്ദ്ര ഏജൻസി അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും  കേരളത്തിലെത്തിക്കുമെന്നു പറഞ്ഞു നടത്തിയതിൽ കോടികളുടെ തട്ടിപ്പും ഗുരുതരമായ ചട്ടലംഘനവും നടന്നതായി കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. വിദേശനാണ്യ വിനിമയചട്ട ലംഘനം (FEMA), കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ വിജിലൻസിന്റെയും കേന്ദ്ര ഏജൻസികളുടെയും അന്വേഷണം ശുപാർശ ചെയ്യുന്ന റിപ്പോർട്ട് കായികവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത്, മന്ത്രി ഒ.ജെ. ജനീഷിനു കൈമാറി. റിപ്പോർട്ട് തുടര്നടപടികൾക്കായി മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് നൽകിയിട്ടുണ്ട്.

​അർജന്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) ഒന്നരക്കോടി യുഎസ് ഡോളർ (അന്നത്തെ മൂല്യം 126 കോടി രൂപ) നൽകിയെന്ന് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെടുമ്പോഴും പണം അയച്ചതിന്റെയോ ടീം അത് കൈപ്പറ്റിയതിന്റെയോ യാതൊരു രേഖകളും സർക്കാരിന്റെ കൈവശമില്ല. എഎഫ്എയും സംസ്ഥാന സർക്കാരും തമ്മിലോ, സ്പോൺസറും സർക്കാരും തമ്മിലോ ഉള്ള കരാർ പത്രങ്ങളും നിലവിലില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് റിപ്പോർട്ടിലുള്ളത്.

​തട്ടിപ്പുകാരിലൂടെ കേന്ദ്രാനുമതി; ഒഫീഷ്യൽ അറിയിപ്പില്ലാതെ കത്ത്

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി വഴി പണം കൈമാറാനാണ് സ്പോൺസർ സംസ്ഥാന സർക്കാർ മുഖേന കേന്ദ്രാനുമതി തേടിയത്. എന്നാൽ ഈ യുഎസ് ഏജൻസി വൻ സാമ്പത്തിക കുറ്റകൃത്യ അന്വേഷണം നേരിടുന്ന സ്ഥാപനമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിദേശത്തേക്ക് പണം അയക്കാൻ കേന്ദ്രാനുമതി നേടിയെങ്കിലും തുക കൈമാറിയതിന്റെ രേഖകളൊന്നും സ്പോൺസർ സർക്കാരിന് സമർപ്പിച്ചിട്ടില്ല. പണം കൈമാറ്റത്തിന് 22.68 കോടി രൂപ സേവനനികുതി അടയ്ക്കണമെന്ന് കാണിച്ച് ജിഎസ്‌ടി വകുപ്പ് അടുത്തിടെ സ്പോൺസർക്ക് സമൻസ് അയച്ചിരുന്നു.

​അതേസമയം, അർജന്റീന ടീമിൽനിന്ന് യാതൊരുവിധ ഔദ്യോഗിക അറിയിപ്പും ലഭിക്കുന്നതിന് മുൻപാണ് കൊച്ചിയിൽ പ്രദർശന മത്സരം നടക്കുമെന്ന് കാണിച്ച് കേരള സർക്കാർ കേന്ദ്രത്തിന് കത്തെഴുതിയതും പണം കൈമാറാൻ അനുമതി നേടിയെടുത്തതും. എഎഫ്എ പ്രതിനിധിയുമായി അന്നത്തെ കായികമന്ത്രിയുടെ ഓഫിസ് നടത്തിയ ചില ഇ-മെയിലുകൾ മാത്രമാണ് ഫയലിലുള്ളത്. 2 വർഷത്തിനുശേഷമാണ് ഈ ഇ-മെയിലുകൾ ഫയലിൽ ഉൾപ്പെടുത്താൻ കായികവകുപ്പിന് കൈമാറിയത്.

​ഷെൽ കമ്പനിയുടെ വിലാസത്തിൽ സ്പോൺസർ; ടെൻഡറില്ലാതെ കരാർ

അർജന്റീന ടീമിനെ കൊണ്ടുവരാൻ തയ്യാറാണെന്നും മുഴുവൻ സാമ്പത്തിക സഹായവും നൽകാമെന്നും കാണിച്ച് 2023 ജൂലൈയിൽ കളമശ്ശേരി ആസ്ഥാനമായ 'ഗോട്ട് ആഡ് ഗ്ലോബൽ' എന്ന സ്ഥാപനമാണ് സർക്കാരിന് ആദ്യ കത്തയച്ചത്. ഈ സ്ഥാപനം റജിസ്റ്റർ ചെയ്ത് 20 ദിവസത്തിന് ശേഷമാണ് കത്തയച്ചതെന്നും കേവലം ഒരു ലക്ഷം രൂപ മാത്രമായിരുന്നു ഇതിന്റെ മൂലധനമെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് സ്പോൺസറായെത്തിയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അതേ മേൽവിലാസമാണ് ആദ്യ സ്ഥാപനത്തിനുമുള്ളത്. ടെൻഡറുകൾ ഒന്നുമില്ലാതെ ഏകപക്ഷീയമായി സ്പോൺസറെ കണ്ടെത്തിയതിൽ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.

​ആരുമില്ലാതെ സ്പെയിൻ പര്യടനം

അർജന്റീന ടീമിനെ ക്ഷണിക്കാനെന്ന പേരിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ 2024 സെപ്റ്റംബറിൽ സ്പെയിനിൽ നടത്തിയ പര്യടനവും വിവാദത്തിലായിട്ടുണ്ട്. അന്നത്തെ കായികവകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്ടർ പി. വിഷ്ണുരാജ് എന്നിവർക്കൊപ്പമാണ് മന്ത്രി ഒരാഴ്ച സ്പെയിനിൽ തങ്ങിയത്. എന്നാൽ എഎഫ്എ ക്ഷണിച്ചതിന്റെ രേഖകളോ മന്ത്രി ആരുമായാണ് അവിടെ കൂടിക്കാഴ്ച നടത്തിയത് എന്നതിന്റെ വിശദാംശങ്ങളോ സർക്കാരിന്റെ കൈവശമില്ല.

​സന്ദർശനം നീണ്ടുപോയതിനെത്തുടർന്ന് കരാർ ലംഘനത്തിന് സ്പോൺസർക്ക് എൽഡിഎഫ് സർക്കാർ രണ്ട് തവണ നോട്ടിസ് അയച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ വരും ദിവസങ്ങളിൽ വിഷയത്തിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയരാനാണ് സാധ്യത.