തൃപ്പൂണിത്തുറ അത്തച്ചമയത്തിന് വർണ്ണാഭമായ തുടക്കം പൈതൃക നഗരമാക്കാൻ സർക്കാർ തയ്യാർ മുഖ്യമന്ത്രി വി. ഡി. സതീശൻ
തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം. നഗരസഭയും ജനപ്രതിനിധികളും ചേർന്ന് സമഗ്ര പ്രൊപ്പോസൽ സമർപ്പിച്ചാൽ തൃപ്പൂണിത്തുറയെ പൈതൃക നഗരമായി ഉയർത്താൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു.
തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കാൻ സർക്കാർ തയ്യാർ; സമഗ്ര പ്രൊപ്പോസൽ നൽകണമെന്ന് മുഖ്യമന്ത്രി
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയുടെ രാജകീയ പ്രൗഢിയും സാംസ്കാരിക പാരമ്പര്യവും സംരക്ഷിക്കുന്നതിനായി നഗരത്തെ 'പൈതൃക നഗരമായി' (Heritage City) പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. ഇതിനായി കക്ഷിരാഷ്ട്രീയത്തിനതീതമായി ജനപ്രതിനിധികളും നഗരസഭയും കൈകോർത്ത് സമഗ്രമായ പ്രൊപ്പോസൽ സമർപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടനം തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മതേതരത്വത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും പ്രതീകമാണ് അത്തച്ചമയമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊച്ചി രാജാവിന്റെ കാലം മുതൽ തന്നെ നെട്ടൂരിലെ തങ്ങൾ, കരിങ്ങാച്ചിറ കത്തനാർ, കൊച്ചി നാവികസേനയുടെ തലവനായിരുന്ന ചെമ്പിലരയൻ തുടങ്ങിയ വിവിധ സമുദായ പ്രതിനിധികൾ പങ്കാളികളായിരുന്ന ചരിത്രമാണ് ഈ ഘോഷയാത്രയ്ക്കുള്ളത്. കൊച്ചി രാജാവ് തിരുവാഭരണങ്ങളും രാജകീയ വസ്ത്രങ്ങളും അണിഞ്ഞ് ജനങ്ങളെ കാണാനിറങ്ങിയിരുന്ന പാരമ്പര്യവും ഇതിനു പിന്നിലുണ്ട്.
തൃപ്പൂണിത്തുറയിലെ അമ്പതിലേറെ കൊട്ടാരങ്ങളും ചരിത്രസ്മാരകങ്ങളും വരുംതലമുറയ്ക്കായി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ചേന്ദമംഗലത്തെ പാലിയത്തച്ഛന്റെ നാലുകെട്ടും ഊട്ടുപുരയും ഡച്ച് കൊട്ടാരവും സംരക്ഷിച്ച മാതൃക തൃപ്പൂണിത്തുറയിലും പിന്തുടരണം. പ്രദേശത്തെ കഥകളി ഉൾപ്പെടെയുള്ള അനുഷ്ഠാന കലകളുടെ വളർച്ചയെ പ്രശംസിച്ച മുഖ്യമന്ത്രി, അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന തൃപ്പൂണിത്തുറയിലെ വനിതാ കഥകളി സംഘത്തെ പ്രത്യേകം അഭിനന്ദിച്ചു.
ചടങ്ങിൽ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അത്തം പതാക ഉയർത്തുകയും ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. തൃപ്പൂണിത്തുറ എം.എൽ.എ ദീപക് ജോയ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, അഡ്വ. ഫ്രാൻസിസ് ജോർജ്ജ് എം.പി, ജില്ലാ കളക്ടർ ജി. പ്രിയങ്ക, സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ, ചലച്ചിത്ര താരം ജഗദീഷ്, നഗരസഭാ ചെയർപേഴ്സൺ അഡ്വ. പി. എൽ. ബാബു, വൈസ് ചെയർപേഴ്സൺ രാധിക വർമ്മ, നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പിള്ളി, അത്തച്ചമയാഘോഷ ജനറൽ കൺവീനർ ഇ. എസ്. രാകേഷ് പൈ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

