കാർഷിക വിദ്യാഭ്യാസ വായ്പ തിരിച്ചടവിൽ മാനുഷിക സമീപനം വേണമെന്ന് എം.കെ. രാഘവൻ എം.പി
കാർഷിക, വിദ്യാഭ്യാസ വായ്പകൾക്ക് മുൻഗണന നൽകണമെന്നും വായ്പാ തിരിച്ചടവിൽ ബാങ്കുകൾ മാനുഷിക സമീപനം സ്വീകരിക്കണമെന്നും ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം നിർദ്ദേശിച്ചു.
കാർഷിക-വിദ്യാഭ്യാസ വായ്പകൾക്ക് മുൻഗണന നൽകണമെന്ന് ബാങ്കിങ് അവലോകന യോഗം വായ്പാ തിരിച്ചടവിൽ ബാങ്കുകൾ ഉദാരവും മാനുഷികവുമായ സമീപനം സ്വീകരിക്കണം എം.കെ. രാഘവൻ എം.പി
കോഴിക്കോട് : ജില്ലയിലെ കാർഷിക, വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ വായ്പകൾ അനുവദിക്കുന്നതിന് ബാങ്കുകൾ പ്രത്യേക ശ്രദ്ധ നൽകണമെന്ന് ജില്ലാതല ബാങ്കിങ് അവലോകന സമിതി (ഡി.എൽ.ആർ.സി) യോഗം നിർദ്ദേശിച്ചു. കോഴിക്കോട് ഈസ്റ്റ് അവന്യൂ ഹോട്ടലിൽ നടന്ന യോഗം കോഴിക്കോട് എം.പി. എം.കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അധ്യക്ഷത വഹിച്ചു.
വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് മാനുഷിക പരിഗണനയോടെ ഉദാരനയം സ്വീകരിക്കാൻ ബാങ്കുകൾ തയ്യാറാകണമെന്ന് എം.കെ. രാഘവൻ എം.പി. നിർദേശിച്ചു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മേഖലയിൽ ജില്ലയിലെ ബാങ്കുകൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കാർഷിക, വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ വായ്പകൾ ലഭ്യമാക്കുന്നതിനും സാധാരണക്കാർക്കും ചെറുകിട സംരംഭകർക്കും കർഷകർക്കും ബാങ്കിങ് സേവനങ്ങളും വായ്പാ സൗകര്യങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ശ്രദ്ധിക്കണം. വായ്പാ വിതരണത്തോടൊപ്പം തിരിച്ചടവിലും മാനുഷിക സമീപനം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ വിവിധ ബാങ്കുകളുടെ പ്രവർത്തന പുരോഗതി യോഗത്തിൽ വിലയിരുത്തി. സാധാരണക്കാർക്കും കർഷകർക്കും വിദ്യാർത്ഥികൾക്കും തടസ്സങ്ങളില്ലാതെ വായ്പാ ആനുകൂല്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ബാങ്കുകൾ ഉറപ്പുവരുത്തണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
ജില്ലയിലെ ബാങ്കുകൾ മുൻഗണനാ മേഖലയ്ക്ക് ആകെ 14,072 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എം.എസ്.എം.ഇ) മേഖലയ്ക്ക് 5,630 കോടി രൂപയും കാർഷിക മേഖലയ്ക്ക് 7,973 കോടി രൂപയും വായ്പയായി നൽകിയിട്ടുണ്ട്. കാർഷിക മേഖലയിലെ വായ്പാ വിതരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിദ്യാഭ്യാസ വായ്പ ഉൾപ്പെടെയുള്ള മറ്റ് മുൻഗണനാ മേഖലകളിൽ കൂടുതൽ വായ്പകൾ അനുവദിക്കുന്നതിനും ബാങ്കുകൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യോഗം നിർദ്ദേശിച്ചു.
2026 സെപ്റ്റംബർ 30-ലെ കണക്കുകൾ പ്രകാരം ജില്ലയിലെ ബാങ്കുകളുടെ ആകെ നിക്ഷേപം 72,837 കോടി രൂപയായി ഉയർന്നു. 2026 ജൂൺ 30-ലെ 66,322 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു പാദത്തിൽ 6,515 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിക്ഷേപത്തിൽ 21.2 ശതമാനം വളർച്ചയും കൈവരിച്ചു.
ബാങ്കുകളുടെ ആകെ വായ്പാ നീക്കിയിരിപ്പ് 59,998 കോടി രൂപയായി ഉയർന്നു. മുൻ പാദത്തിലെ 57,380 കോടി രൂപയിൽനിന്ന് 2,618 കോടി രൂപയുടെ വർധനവാണുണ്ടായത്. വാർഷികാടിസ്ഥാനത്തിൽ വായ്പാ വളർച്ച 13 ശതമാനമാണ്. സെപ്റ്റംബർ 30-ലെ ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം 82.37 ശതമാനമാണ്.
റിസർവ് ബാങ്ക് ലീഡ് ഡിസ്ട്രിക്ട് ഓഫീസർ മണികണ്ഠൻ, നബാർഡ് ഡി.ഡി.എം രാകേഷ് വി.എസ്., ലീഡ് ഡിസ്ട്രിക്ട് മാനേജർ ജ്യോതിസ് എസ്., കാനറ ബാങ്ക് കോഴിക്കോട് റീജിയണൽ ഹെഡ് രവികുമാർ സിൻഹ എന്നിവർ യോഗത്തിൽ സംസാരിച്ചു. ജില്ലയിലെ വിവിധ ബാങ്കുകളുടെ മേധാവികളും സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
കാർഷിക വിദ്യാഭ്യാസ വായ്പ തിരിച്ചടവിൽ മാനുഷിക സമീപനം വേണമെന്ന് എം.കെ. രാഘവൻ എം.പി
ഉത്സവ എഴുന്നള്ളിപ്പിനിടെ ആനപ്പുറത്ത് കയറുന്നതിന് കർശന നിയന്ത്രണം നിയമലംഘകർക്കെതിരെ കടുത്ത നടപടി
മെഷിനറി എക്സ്പോ 2027 രജിസ്ട്രേഷൻ ആരംഭിച്ചു പ്രദർശനം ജനുവരി 4 മുതൽ കാക്കനാട്
കലോത്സവങ്ങൾ സാമൂഹിക ആവിഷ്കരണത്തിന്റെ പ്രധാന വേദി ബെന്നി ബഹനാൻ എംപി
ഭിന്നശേഷി കുട്ടികൾക്ക് തുല്യ അവസരങ്ങളും അംഗീകാരവും ഉറപ്പാക്കണം മന്ത്രി ബിന്ദു കൃഷ്ണ
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമത്തെ ചിത്രം അക്ഷരംപ്രതി ആരംഭിച്ചു ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു