​ഉത്സവ എഴുന്നള്ളിപ്പിനിടെ ആനപ്പുറത്ത് കയറുന്നതിന് കർശന നിയന്ത്രണം നിയമലംഘകർക്കെതിരെ കടുത്ത നടപടി

ഉത്സവങ്ങൾക്കും നേർച്ചകൾക്കുമുള്ള എഴുന്നള്ളിപ്പിനിടെ പൊതുജനങ്ങൾ അനധികൃതമായി ആനപ്പുറത്ത് കയറുന്നത് തടയാൻ മോണിറ്ററിങ് കമ്മിറ്റി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

​ഉത്സവ എഴുന്നള്ളിപ്പിനിടെ ആനപ്പുറത്ത് കയറുന്നതിന് കർശന നിയന്ത്രണം നിയമലംഘകർക്കെതിരെ കടുത്ത നടപടി
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

​ഉത്സവ എഴുന്നള്ളിപ്പിനിടെ ആനപ്പുറത്ത് കയറുന്നതിന് കർശന നിയന്ത്രണം നിയമലംഘകർക്കെതിരെ കടുത്ത നടപടി

മലപ്പുറം: ഉത്സവങ്ങൾക്കും നേർച്ചകൾക്കുമുള്ള എഴുന്നള്ളിപ്പിനിടെ പൊതുജനങ്ങൾ അനധികൃതമായി ആനപ്പുറത്ത് കയറുന്നത് തടയാൻ കർശന നടപടികളുമായി വനംവകുപ്പ്. ഉത്സവങ്ങളിലും ആഘോഷങ്ങളിലും നാട്ടാനകളെ എഴുന്നള്ളിക്കുന്നതിന് അനുമതി നൽകുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുമായി ചേർന്ന മലപ്പുറം ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്.

​പുതിയ നിർദേശപ്രകാരം അംഗീകൃത ആനപ്പാപ്പാന്മാർക്ക് മാത്രമേ ആനപ്പുറത്ത് കയറാൻ അനുവാദമുള്ളൂ. പൊതുജനങ്ങളോ മറ്റുള്ളവരോ അനധികൃതമായി ആനപ്പുറത്ത് കയറുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. ഇത്തരക്കാർക്കെതിരെ കേരള നാട്ടാന പരിപാലന ചട്ടം 2012, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം 1960 എന്നീ നിയമങ്ങൾ പ്രകാരം കർശന നടപടി സ്വീകരിക്കാൻ യോഗം നിർദേശം നൽകി.

​അതേസമയം, മതപരമായ ചടങ്ങുകളുടെ ഭാഗമായി തിടമ്പേറ്റുക, വെഞ്ചാമരം വീശുക, ആലവട്ടം പിടിക്കുക തുടങ്ങിയ ചടങ്ങുകൾ നടത്തുന്നതിനായി ബന്ധപ്പെട്ട ഉത്സവ കമ്മിറ്റികൾ മുൻകൂട്ടി പ്രത്യേക അനുമതി നേടിയിരിക്കണം. എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നാട്ടാന പരിപാലന ചട്ടം 2012-ലെ എല്ലാ വ്യവസ്ഥകളും സംഘാടകർ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.

​എഴുന്നള്ളിപ്പുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെയും ഉത്സവ കമ്മിറ്റികളുടെയും പൂർണ സഹകരണം ഉണ്ടാകണമെന്ന് മലപ്പുറം സാമൂഹ്യ വനവൽക്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.