പെട്രോൾ പരിശോധന ശുദ്ധമായ സാമ്പിൾ തേടി കേന്ദ്രത്തിന് മന്ത്രി അനൂപ് ജേക്കബിന്റെ കത്ത്

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിലെ എഥനോൾ മിശ്രിതത്തിന്റെ അളവ് കൃത്യമായി പരിശോധിക്കാൻ 100% ശുദ്ധമായ പെട്രോൾ സാമ്പിളുകൾ എണ്ണക്കമ്പനികളിൽ നിന്ന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ് പുരിക്കും സുരേഷ് ഗോപിക്കും കത്തയച്ചു.

പെട്രോൾ പരിശോധന ശുദ്ധമായ സാമ്പിൾ തേടി കേന്ദ്രത്തിന് മന്ത്രി അനൂപ് ജേക്കബിന്റെ കത്ത്
പെട്രോളിലെ എഥനോൾ അളവ് പരിശോധന: 100% ശുദ്ധമായ പെട്രോൾ സാമ്പിൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാർക്ക് മന്ത്രി അനൂപ് ജേക്കബിന്റെ കത്ത്

പെട്രോളിലെ എഥനോൾ അളവ് പരിശോധന: 100% ശുദ്ധമായ പെട്രോൾ സാമ്പിൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാർക്ക് മന്ത്രി അനൂപ് ജേക്കബിന്റെ കത്ത്

തിരുവനന്തപുരം:   സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിലെ എഥനോള്‍ മിശ്രിതത്തിന്റെ അളവ് പരിശോധിക്കുന്നതിനായി എണ്ണക്കമ്പനികളില്‍നിന്ന് 100 ശതമാനം ശുദ്ധമായ പെട്രോള്‍ സാമ്പിളുകള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്കും സഹമന്ത്രി സുരേഷ് ഗോപിക്കും കത്തയച്ചു.

എഥനോള്‍ മിശ്രിതം വാഹനങ്ങളുടെ എന്‍ജിനുകളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ കോണുകളില്‍നിന്ന് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധന ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെ വിവിധ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍നിന്ന് പെട്രോള്‍ സാമ്പിളുകള്‍ ശേഖരിച്ചു.

സിവില്‍ സപ്ലൈസ് വകുപ്പ് നിശ്ചിത പ്രോട്ടോക്കോള്‍ പാലിച്ചാണു സാമ്പിളുകള്‍ ശേഖരിച്ചത്. പരിശോധനയ്ക്കായി ഇവ സംസ്ഥാന കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറികള്‍ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍, ശേഖരിച്ച സാമ്പിളുകളിലെ എഥനോള്‍ അളവ് കൃത്യമായി നിര്‍ണയിക്കുന്നതിനും ക്രോസ് മാച്ചിങ് നടത്തുന്നതിനും 100 ശതമാനം ശുദ്ധമായ പെട്രോള്‍ സാമ്പിളുകള്‍ അനിവാര്യമാണെന്നാണു ലബോറട്ടറി അധികൃതര്‍ അറിയിച്ചത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയ എണ്ണക്കമ്പനികള്‍ക്കു മാത്രമേ ഇത്തരം സാമ്പിളുകള്‍ ലഭ്യമാക്കാന്‍ കഴിയൂ. തുടക്കത്തില്‍ സാമ്പിളുകള്‍ നല്‍കാമെന്ന് കമ്പനികള്‍ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവ കൈമാറുന്നതില്‍നിന്ന് പിന്മാറുകയായിരുന്നു. ശുദ്ധമായ പെട്രോള്‍ സാമ്പിളുകള്‍ ലഭ്യമാക്കാന്‍ മുതിര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിരന്തരം ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നും മന്ത്രിയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എണ്ണക്കമ്പനികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയോ തകര്‍ക്കുകയോ അല്ല പരിശോധനയുടെ ലക്ഷ്യം. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളില്‍ അനുവദനീയമായ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നുണ്ടോയെന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തില്‍, പരിശോധന കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ ശുദ്ധമായ പെട്രോള്‍ സാമ്പിളുകള്‍ എണ്ണക്കമ്പനികളില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാലതാമസമില്ലാതെ ലഭ്യമാക്കാന്‍ കേന്ദ്രമന്ത്രി നേരിട്ട് ഇടപെടണമെന്നാണ് മന്ത്രി അനൂപ് ജേക്കബിന്റെ ആവശ്യം.

എന്തുകൊണ്ടാണ് 100 ശതമാനം ശുദ്ധമായ പെട്രോള്‍ സാമ്പിള്‍ ആവശ്യമായിരിക്കുന്നത് ?

1. എഥനോള്‍ കലര്‍ന്ന പെട്രോളിലെ എഥനോളിന്റെ അളവ് കൃത്യമായി നിര്‍ണയിക്കുന്നതിനുള്ള കാലിബ്രേഷന്‍ സ്റ്റാന്‍ഡേര്‍ഡ് തയാറാക്കുകയും അതിന്റെ കാലിബ്രേഷന്‍ ഗ്രാഫ് രൂപപ്പെടുത്തുകയും ചെയ്യുന്നതിനാണ് 100 ശതമാനം ശുദ്ധമായ പെട്രോള്‍ സാമ്പിള്‍ ആവശ്യമായിരിക്കുന്നത്.

2. പരിശോധനയ്ക്കായി ശേഖരിച്ച പെട്രോള്‍ സാമ്പിളുകളിലെ എഥനോളിന്റെ അളവ് കൃത്യമായി നിര്‍ണയിക്കുന്നതിന് 100 ശതമാനം ശുദ്ധമായ പെട്രോളിനെ അടിസ്ഥാനമാക്കിയുള്ള താരതമ്യ പരിശോധന അനിവാര്യമാണ്.

3. ഇത്തരമൊരു ശുദ്ധമായ സാമ്പിള്‍ ലഭ്യമല്ലെങ്കില്‍ ആവശ്യമായ കാലിബ്രേഷന്‍ നടത്താനോ സാമ്പിളുകള്‍ തമ്മില്‍ കൃത്യമായ താരതമ്യം നടത്താനോ സാധിക്കില്ല.

4. അതുകൊണ്ടുതന്നെ എഥനോള്‍ സാന്നിധ്യവും അളവും ശാസ്ത്രീയമായി പരിശോധിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഈ രീതി ഉപയോഗിക്കുമ്പോള്‍ ശുദ്ധമായ പെട്രോള്‍ സാമ്പിള്‍ അനിവാര്യമാണ്.

5. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് പ്രകാരം ഇത്തരം പരിശോധനകള്‍ക്ക് നിര്‍ദിഷ്ടമായ രീതിയുണ്ട്. സിലിണ്ടറിക്കര്‍ മെത്തേഡ് എന്നറിയപ്പെടുന്ന ഈ പരിശോധനാരീതിയില്‍ 150 മില്ലിലിറ്റര്‍ പെട്രോള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഗ്ലാസ് സിലിണ്ടറാണ് ഉപയോഗിക്കുന്നത്.

6. കേസ് കോടതിയിലെത്തുന്ന പക്ഷം ഏറ്റവും കൃത്യമായ ഈ രീതിയില്‍ പരിശോധനാ ഫലം അനിവാര്യമാണെന്നാണു ലാബ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

7. ഇത്തരത്തില്‍ പരിശോധന നടക്കാത്തതിനാലാണു കര്‍ണ്ണാടകയിലെ പരിശോധനാ ഫലത്തിനെതിരേ എണ്ണക്കമ്പനികള്‍ രംഗത്തുവന്നത്.