ആനയിറങ്കലിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ അടിയന്തര നടപടി മൂന്നംഗ സമിതിയെ നിയോഗിച്ചു

ആനയിറങ്കൽ ഡാമിന്റെ ബഫർ സോണിലെ കെ.എസ്.ഇ.ബി ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സബ് കളക്ടറുടെ നേതൃത്വത്തിൽ സംയുക്ത സമിതി രൂപീകരിച്ച് ഇടുക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു.

ആനയിറങ്കലിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ അടിയന്തര നടപടി മൂന്നംഗ സമിതിയെ നിയോഗിച്ചു
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

​ആനയിറങ്കലിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ അടിയന്തര നടപടി; മൂന്നംഗ സമിതിയെ നിയോഗിച്ച് ഇടുക്കി ജില്ലാ കളക്ടർ

​ഇടുക്കി: ചിന്നക്കനാൽ വില്ലേജിൽ വർധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങൾക്കും മരണങ്ങൾക്കും പരിഹാരം കാണുന്നതിന്റെ ഭാഗമായി ആനയിറങ്കൽ ഡാമിന്റെ ബഫർ സോണിലെ കെ.എസ്.ഇ.ബി ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ അടിയന്തര നടപടി. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ മൂന്നംഗ സംയുക്ത സമിതിയെ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നിയോഗിച്ചു. മൂന്നാർ ഡി.എഫ്.ഒ, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

​ആനയിറങ്കൽ ബഫർ സോൺ പ്രദേശങ്ങളിൽ നിർമ്മിച്ചിട്ടുള്ള അനധികൃത വേലികൾ, മതിലുകൾ, കെട്ടിടങ്ങൾ, സൗരവേലികൾ, കൃഷികൾ എന്നിവ നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ച് സമിതിയുടെ നേതൃത്വത്തിൽ ഉടൻ നീക്കം ചെയ്യും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒഴിപ്പിക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

​അതേസമയം, സർക്കാർ കാലാകാലങ്ങളിൽ പട്ടയം നൽകിയ ഭൂമിയിലെ അതിർത്തികളോ, മതിലുകളോ, വേലിക്കെട്ടുകളോ മറ്റ് നിർമ്മിതികളോ നീക്കം ചെയ്യരുതെന്ന് കളക്ടർ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.

​ഒഴിപ്പിച്ചെടുക്കുന്ന ഭൂമിയുടെ വിവരങ്ങൾ, കണ്ടുകെട്ടിയ വസ്തുക്കൾ, നീക്കം ചെയ്ത വേലിക്കെട്ടുകളുടെ അളവുകൾ, പ്രവർത്തനങ്ങളുടെ ഫോട്ടോകളും വീഡിയോകളും എന്നിവ ദിവസവും ദേവികുളം സബ് കളക്ടർക്ക് റിപ്പോർട്ട് ചെയ്യണം. അനധികൃത നിർമ്മാണങ്ങളും കൃഷികളും ഒഴിപ്പിച്ച ഭൂമിയിൽ കാടുകളും സ്വാഭാവിക സസ്യാവരണവും തിരികെ വളരുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വന്യജീവികൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ പാതയൊരുക്കുന്നതിലൂടെ പ്രദേശത്തെ വന്യജീവി ആക്രമണങ്ങൾക്ക് വലിയ അളവിൽ ശമനമാകുമെന്നാണ് കരുതുന്നത്.