ചാർമിനാറും രാമോജിയും കാണാൻ ഇനി കെ.എസ്.ആർ.ടി.സിയിൽ പോകാം തൊടുപുഴയിൽ നിന്ന് ഹൈദരാബാദിലേക്ക് ബജറ്റ് ടൂറിസം

​തൊടുപുഴ കെ.എസ്.ആർ.ടി.സിയുടെ അന്തർസംസ്ഥാന ബജറ്റ് ടൂറിസം യാത്രകൾക്ക് തുടക്കമാകുന്നു. ആദ്യ ഹൈദരാബാദ് യാത്ര ഒക്ടോബർ 25 ന്. നിരക്ക്, സന്ദർശിക്കുന്ന സ്ഥലങ്ങൾ, ബുക്കിംഗ് വിവരങ്ങൾ അറിയാം.

ചാർമിനാറും രാമോജിയും കാണാൻ ഇനി കെ.എസ്.ആർ.ടി.സിയിൽ പോകാം തൊടുപുഴയിൽ നിന്ന് ഹൈദരാബാദിലേക്ക് ബജറ്റ് ടൂറിസം
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

തൊടുപുഴയിൽ നിന്നും ഹൈദരാബാദിലേക്ക് ബജറ്റ് ടൂറിസം ഞായറാഴ്ച മുതൽ കേരളപ്പിറവിദിനത്തിൽ അടുത്ത യാത്രയ്ക്കായി ബുക്കിങ് തുടങ്ങി

തൊടുപുഴ:  അന്തർസംസ്ഥാന വിനോദയാത്രകളുടെ ഭാഗമായി ഹൈദരാബാദിലേക്ക് ബജറ്റ് ടൂറിസം വിനോദയാത്രയൊരുക്കി തൊടുപുഴ കെഎസ്ആർടിസി. ആദ്യ യാത്ര ഒക്ടോബർ 25ന് (ഞായറാഴ്ച്ച) . തുടക്കമാകും . തൊടുപുഴയിൽ നിന്നും ആരംഭിക്കുന്ന അഞ്ച് ദിവസം നീളുന്ന യാത്രയിൽ ചരിത്രവും സംസ്കാരവും വിനോദവും ഒത്തുചേരുന്ന ഹൈദരാബാദിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും.

ഹൈദരാബാദിൻ്റെ ചരിത്രപ്രാധാന്യവും സാംസ്കാരിക പൈതൃകവും അടുത്തറിയാൻ അവസരമൊരുക്കുന്നതാണ് യാത്ര. ലോകപ്രശസ്തമായ രാമോജി ഫിലിം സിറ്റി, ചരിത്രമുറങ്ങുന്ന ഗോൽക്കൊണ്ട, ഹൈദരാബാദിൻ്റെ അടയാളമായ ചാർമിനാർ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഇതോടൊപ്പം നെഹ്റു സുവോളജിക്കൽ പാർക്ക്, ബിർള മന്ദിർ, എൻ.ടി.ആർ ഗാർഡൻ, ഹുസൈൻ സാഗർ തടാകം, അമർജ്യോതി സ്മാരകം തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കും. ഹൈദരാബാദ് നഗരത്തിലെ പ്രധാന കാഴ്ചകളും യാത്രയുടെ ഭാഗമായി പരിചയപ്പെടാം.

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിൻ്റെ കെറ്റിഡിഎസ് എ.സി ബസിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഒരാൾക്ക് 17,190 രൂപയാണ് പാക്കേജ് നിരക്ക്. മൂന്ന് പേർക്ക് പങ്കിടാവുന്ന എ.സി മുറിയിലെ താമസം, മൂന്ന് ദിവസത്തെ ഭക്ഷണം, ബസ് യാത്രാച്ചെലവ്, സന്ദർശിക്കുന്ന സ്ഥലങ്ങളിലെ പ്രവേശന ഫീസ് എന്നിവ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അഞ്ച് ദിവസത്തെ യാത്രയിലൂടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുപോലെ ചരിത്രവും വിനോദവും നിറഞ്ഞ അവധിക്കാലം ആസ്വദിക്കാനാകും. രണ്ടാമത്തെ യാത്ര നവംബർ ഒന്നിനാണ്. യാത്രയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 83048 89896, 97449 10383