തങ്കളം കോഴിപ്പിള്ളി ബൈപാസ് തർക്കം രൂക്ഷം സ്ഥലം വിട്ടുനൽകില്ലെന്ന് ദമ്പതികൾ, റോഡ് അടച്ചുപൂട്ടി

തങ്കളം കോഴിപ്പിള്ളി പുതിയ ബൈപാസിൽ സ്ഥലമേറ്റെടുക്കൽ തർക്കം രൂക്ഷമാകുന്നു. അലൈൻമെന്റിനെതിരെ ദമ്പതികൾ റോഡ് അടച്ചുപൂട്ടി. ബൈപാസ് നിർമാണം വീണ്ടും പ്രതിസന്ധിയിൽ.

തങ്കളം കോഴിപ്പിള്ളി ബൈപാസ് തർക്കം രൂക്ഷം സ്ഥലം വിട്ടുനൽകില്ലെന്ന് ദമ്പതികൾ, റോഡ് അടച്ചുപൂട്ടി
തങ്കളം - കോഴിപ്പിള്ളി ബൈപാസ് തർക്കം രൂക്ഷം; സ്ഥലം വിട്ടുനൽകില്ലെന്ന് ദമ്പതികൾ, റോഡ് അടച്ചുപൂട്ടി

തങ്കളം - കോഴിപ്പിള്ളി ബൈപാസ് നിർമാണം പ്രതിസന്ധിയിൽ; സ്ഥലമേറ്റെടുക്കൽ തർക്കത്തെ തുടർന്ന് റോഡ് അടച്ചുപൂട്ടി ഉടമകൾ

​കോതമംഗലം: തങ്കളം - കോഴിപ്പിള്ളി പുതിയ ബൈപാസ് നിർമാണം വീണ്ടും പ്രതിസന്ധിയിൽ. സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ദമ്പതികൾ ബൈപാസ് ഭാഗം അടച്ചുകെട്ടി. ഇളംതുരുത്തിൽ വർഗീസ് - ലിസ ദമ്പതികളാണ് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തുനിന്നു കോഴിപ്പിള്ളിയിലേക്കുള്ള റോഡ് അടച്ച് കല്ല് നിരത്തുകയും ബോർഡ് സ്ഥാപിക്കുകയും ചെയ്തത്.

​കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് ജനങ്ങളുടെ യാത്രാസൗകര്യം മുൻനിർത്തി റോഡ് തുറന്നു നൽകിയിരുന്നു. എന്നാൽ പെരുന്നാൾ കഴിഞ്ഞിട്ടും ഗതാഗതം തുടരുന്ന സാഹചര്യത്തിലാണ് റോഡ് പൂർണ്ണമായി അടയ്ക്കാൻ ഇവർ തീരുമാനിച്ചത്. റോഡ് അടച്ച വിവരം അറിയാതെ എത്തുന്ന വാഹനങ്ങൾ ഇതുവഴി എത്തി മറ്റു റോഡുകളിലേക്ക് തിരിഞ്ഞുപോകുകയാണ്.

​സ്ഥലമേറ്റെടുപ്പിലെ അവ്യക്തതയും തർക്കങ്ങളും

​ബൈപാസ് നിർമാണത്തിന് തങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കം മുതൽ പ്രശ്നങ്ങളുണ്ടെന്ന് ദമ്പതികൾ ആരോപിക്കുന്നു. അലൈൻമെന്റ് പ്രകാരം തങ്ങളുടെ സ്ഥലം ഏറ്റെടുക്കേണ്ടതില്ലെന്നാണ് ഇവരുടെ പ്രധാന വാദം. ഇതുവരെ സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച് യാതൊരുവിധ ഔദ്യോഗിക രേഖകളും ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. റീസർവേയിൽ തങ്ങളുടെ ആധാരത്തിലുള്ള സ്ഥലത്തിൽ കുറവില്ലെന്ന് വ്യക്തമായതാണ്. മതിലും വീടിന്റെ ഭാഗവും പൊളിച്ച് അനധികൃത കയ്യേറ്റമാണുണ്ടായതെന്നും സ്ഥലം സർവേ നടത്തി അതിർത്തി നിർണയിക്കണമെന്ന കോടതി നിർദേശം അധികൃതർ പാലിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. നിലവിൽ ഈ വിഷയത്തിൽ കോടതി വ്യവഹാരവും പൊലീസ് കേസും നിലവിലുണ്ട്.

​പൊലീസിന്റെയും മറ്റ് അധികൃതരുടെയും അഭ്യർത്ഥന മാനിച്ചാണ് പെരുന്നാളിന് റോഡ് തുറക്കാൻ സമ്മതിച്ചതെന്നും എന്നാൽ തുടർനടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും ദമ്പതികൾ വ്യക്തമാക്കി. റവന്യു അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഭൂരേഖകളിൽ ആശയക്കുഴപ്പമുണ്ടെന്നുമാണ് നാട്ടുകാരുടെ വിലയിരുത്തൽ. കോടതി ഇടപെടലിലൂടെയല്ലാതെ ഈ പ്രശ്നത്തിന് പെട്ടെന്ന് പരിഹാരം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് സൂചന. റോഡ് വീണ്ടും അടച്ചതോടെ ബൈപാസിന്റെ പൂർത്തീകരണവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.