സഹകരണ മേഖല സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷയുടെ കരുത്ത് മന്ത്രി റോജി എം. ജോൺ

73 ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ലോഗോ പ്രകാശനം മന്ത്രി റോജി എം. ജോൺ നിർവഹിച്ചു. നവംബർ 14 മുതൽ 20 വരെയാണ് വാരാഘോഷം നടക്കുന്നത്.

സഹകരണ മേഖല സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷയുടെ കരുത്ത് മന്ത്രി റോജി എം. ജോൺ
73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ലോഗോ പ്രകാശനം കളമശ്ശേരി പത്തടിപ്പാലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ മന്ത്രി റോജി എം. ജോൺ നിർവഹിക്കുന്നു

സഹകരണ മേഖല സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷയുടെ കരുത്ത്: മന്ത്രി റോജി എം. ജോൺ  73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

എറണാകുളം: കേരളത്തിന്റെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ നിർണായക സംഭാവന നൽകുന്ന സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ പറഞ്ഞു. 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ലോഗോ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബർ 14 മുതൽ 20 വരെയാണ് എല്ലാ വർഷവും ദേശീയതലത്തിൽ സഹകരണ വാരാഘോഷം സംഘടിപ്പിക്കുന്നത്. പ്രാദേശികമായി നിക്ഷേപങ്ങൾ സമാഹരിക്കുന്നതിലൂടെയും സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിലൂടെയും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പിന്തുണ നൽകാൻ സഹകരണ സ്ഥാപനങ്ങൾക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വലിയ ബാങ്കുകളുടെ ലയനവും ബാങ്കിങ് മേഖലയിൽ വൻകിട സ്ഥാപനങ്ങളുടെ സ്വാധീനം വർധിക്കുന്നതും സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രസക്തി വർധിപ്പിക്കുന്നു. കാർഷിക വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ, ചികിത്സ ഉൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്കായി സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന പ്രാദേശിക സ്ഥാപനങ്ങളാണ് സഹകരണ സംഘങ്ങൾ. അതിനാൽ സഹകരണ മേഖലയെ സംരക്ഷിക്കുകയും കൂടുതൽ ശക്തിപ്പെടുത്തുകയും വേണം

സഹകരണ സ്ഥാപനങ്ങൾ കൈവരിച്ച നേട്ടങ്ങൾ ആഘോഷിക്കാനും മികച്ച മാതൃകകൾ പൊതുസമൂഹത്തിന് പരിചയപ്പെടുത്താനും സഹകരണ വാരാഘോഷം അവസരമൊരുക്കും. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രാദേശികതലത്തിലും വിപുലമായ പരിപാടികളാണ് വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

നവംബർ 14ന് കളമശ്ശേരി സമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിക്കുന്ന പരിപാടി മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. 

സംസ്ഥാന സഹകരണ യൂണിയൻ ഭരണാസമിതിയംഗം എം ബീരാസ് അധ്യക്ഷത വഹിച്ചു. സഹകരണ ജനാധിപത്യ വേദി സംസ്ഥാന പ്രസിഡന്റ്‌ കെ പി ബേബി, കേരള ബാങ്ക് ഡയറക്ടർ അഡ്വ വി സലിം, പി എ സി എസ് അസോസിയേഷൻ ജില്ല പ്രസിഡന്റ്‌ ആർ ഹരി, സംസ്ഥാന കാർഷിക വികസന ബാങ്ക് ഭരണസമിതി അംഗം ടി.എ. നവാസ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി എം ശശി, ജോയിന്റ് രജിസ്ട്രാർ പ്രീത പി വി, എസ് സി ബി കളമശ്ശേരി പ്രസിഡന്റ്‌ മധു പുറക്കാട്, എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.