മൂവാറ്റുപുഴയിൽ എം.പിസ് എക്സലൻസ് അവാർഡ് 2026 വിതരണം ചെയ്തു, മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.യുടെ ‘റൈസ്’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച എം.പിസ് എക്സലൻസ് അവാർഡ് 2026 മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴയിൽ ‘എം.പിസ് എക്സലൻസ് അവാർഡ് 2026’ വിതരണം ചെയ്തു; മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു
മൂവാറ്റുപുഴ: മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് (Full A+) കരസ്ഥമാക്കിയ മിടുക്കർക്കായി സംഘടിപ്പിച്ച ‘എം.പിസ് എക്സലൻസ് അവാർഡ് 2026’ വിതരണം ചെയ്തു. ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘റൈസ്’ (RISE)-ന്റെ ഭാഗമായാണ് പുരസ്കാര സമർപ്പണം നടത്തിയത്. മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവ്വഹിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ഉന്നത കാഴ്ചപ്പാടോടെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ ഉതകുന്ന പദ്ധതികളുമായി പുതിയ സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ കഴിഞ്ഞ അധ്യയന വർഷത്തിൽ SSLC, +2, CBSE +2, ICSE, VHSE പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ നൂറുകണക്കിന് വിദ്യാർത്ഥികളെയാണ് ചടങ്ങിൽ ആദരിച്ചത്.
‘ദി ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതി ജേതാവും വേഗവരയിലെ ലോകറെക്കോർഡ് നേട്ടത്തിനുടമയുമായ സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ. ഡോ. ജിതേഷ്ജി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. മാത്യു കുഴൽനാടൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, നഗരസഭ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെജി ഷാനവാസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
നേതാക്കളായ മാത്യൂസ് വർക്കി, കെ.എം. സലിം, ജീമോൻ പോൾ, ടോമി തന്നിട്ടമാക്കിൽ, റ്റി.എൻ. സുനിൽ, എൽദോ ബാബു വട്ടക്കാവൻ, സമീർ കോണിക്കൽ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. ഉന്നതവിജയികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.