പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ റവന്യൂ സേവനങ്ങൾ മിച്ചഭൂമി പട്ടയ വിതരണവും കയ്യേറ്റ ഒഴിപ്പിക്കലും ശക്തം മന്ത്രി എ.പി. അനില്‍ കുമാർ
മലപ്പുറം ജില്ലയിലെ മിച്ചഭൂമി പതിച്ചുനല്‍കല്‍, തരംമാറ്റ അപേക്ഷകളുടെ തീര്‍പ്പാക്കല്‍, ഡിജിറ്റല്‍ റീസര്‍വേ എന്നിവയുടെ പുരോഗതി വിലയിരുത്തി റവന്യൂ വകുപ്പ്. വില്ലേജ് ഓഫീസര്‍മാരുടെ യോഗവും ചേര്‍ന്നു.
മലപ്പുറം ജില്ലയില്‍ റവന്യൂ സേവനങ്ങള്‍ വേഗത്തിലാക്കുന്നു; മിച്ചഭൂമി പട്ടയവിതരണവും ഡിജിറ്റല്‍ റീസര്‍വേയും പുരോഗമിക്കുന്നു
മലപ്പുറം: ജില്ലയിലെ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ ജനകീയവും വേഗത്തിലുമാക്കിക്കൊണ്ട് മിച്ചഭൂമി പതിച്ചുനല്‍കല്‍ നടപടികളിലും ഡിജിറ്റല്‍ റീസര്‍വേയിലും ശ്രദ്ധേയമായ പുരോഗതി. റവന്യൂ മന്ത്രി എ.പി. അനില്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വില്ലേജ് ഓഫീസര്‍മാരുടെ യോഗം ജില്ലയിലെ വിവിധ റവന്യൂ പദ്ധതികളുടെ നടത്തിപ്പും സേവനങ്ങളുടെ കാര്യക്ഷമതയും വിലയിരുത്തി.
മിച്ചഭൂമി വിതരണവും തീരദേശ അപേക്ഷകളും
പൊന്നാനി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകളിലായി 104 കൈവശക്കാര്‍ക്ക് മിച്ചഭൂമിയില്‍ പട്ടയം അനുവദിച്ചു. കൂടാതെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായ ഭൂമി ഡീവെസ്റ്റ് ചെയ്ത് തിരൂര്‍ താലൂക്കിലെ ചെറിയമുണ്ടം വില്ലേജില്‍ 45 പേര്‍ക്ക് പട്ടയം വിതരണം ചെയ്തു. തീരദേശ മേഖലയിലെ പട്ടയ അപേക്ഷകള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകളിലായി ആകെ 966 അപേക്ഷകള്‍ നിലവിലുണ്ട്. ഫിഷറീസ് വകുപ്പില്‍ നിന്ന് ആവശ്യമായ എന്‍.ഒ.സി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഭൂമി തരംമാറ്റ അദാലത്തുകളും എല്‍.ആര്‍.എം. കേസുകളും
ജില്ലയില്‍ ആകെ 72,381 ഭൂമി തരംമാറ്റ അപേക്ഷകള്‍ ലഭിച്ചതില്‍ 42,419 അപേക്ഷകള്‍ ഇതിനകം തീര്‍പ്പാക്കി. നിലവില്‍ 29,962 അപേക്ഷകള്‍ ബാക്കിയുണ്ട്. 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പ്രത്യേക തരംമാറ്റ അദാലത്തുകള്‍ സംഘടിപ്പിച്ച് 4,600 അപേക്ഷകള്‍ തീര്‍പ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, 4,200 എല്‍.ആര്‍.എം. കേസുകളും ഈ കാലയളവില്‍ തീര്‍പ്പാക്കും. പേര് തിരുത്തല്‍, വിസ്തീര്‍ണ്ണ വ്യത്യാസം, അതിര്‍ത്തി നിര്‍ണയം എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ക്ക് മുന്‍ഗണന ലഭിക്കും.
'എന്റെ ഭൂമി' ഡിജിറ്റല്‍ റീസര്‍വേ
ജില്ലയില്‍ 'എന്റെ ഭൂമി' ഡിജിറ്റല്‍ റീസര്‍വേ പദ്ധതി വേഗത്തില്‍ മുന്നേറുകയാണ്. 21 വില്ലേജുകളില്‍ ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയായി. 14 വില്ലേജുകളില്‍ തുടര്‍ഘട്ട പ്രവര്‍ത്തനങ്ങളും 15 വില്ലേജുകളില്‍ അടുത്ത ഘട്ടത്തിലേക്കുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടികളും ശക്തമാക്കിയിട്ടുണ്ട്. ആകെ 120 കയ്യേറ്റ കേസുകളില്‍ 34 എണ്ണത്തില്‍ നടപടികള്‍ പൂര്‍ത്തിയായി.
ലാന്‍ഡ് ട്രിബ്യൂണല്‍, സോണല്‍ ലാന്‍ഡ് ബോര്‍ഡ് എന്നിവിടങ്ങളിലെ ഫയല്‍ കുടിശ്ശിക കുറയ്ക്കുന്നതിനും യോഗത്തില്‍ മുന്‍ഗണന നല്‍കി. പൊതുജനങ്ങള്‍ക്ക് റവന്യൂ സേവനങ്ങള്‍ സുതാര്യമായി ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
യോഗത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എച്ച് ദിനേശന്‍, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി സബിന്‍ സമീദ്, സര്‍വേ ഡയറക്ടര്‍ ജെ.ഒ. അരുണ്‍, സബ്കളക്ടര്‍മാരായ ദിലീപ് കൈനിക്കര, സാക്ഷി മോഹന്‍, എ.ഡി.എം. പി.ഒ. സാദിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.