കെന്റ് മഹൽ മലിനജല പ്രതിസന്ധിക്ക് പരിഹാരം സംസ്കരണ പ്ലാന്റും പൈപ്പ്‌ലൈനും സ്ഥാപിക്കും
എറണാകുളം കെന്റ് മഹൽ അപ്പാർട്ട്മെന്റ് മലിനജല പ്രശ്നത്തിന് പരിഹാരം. അത്യാധുനിക സംസ്കരണ പ്ലാന്റും പൈപ്പ് ലൈനും സ്ഥാപിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള യോഗത്തിൽ തീരുമാനം.
കെന്റ് മഹൽ മലിനജല പ്രശ്നം: പരിഹാരമായി; അത്യാധുനിക സംസ്കരണ പ്ലാന്റും പൈപ്പ് ലൈനും സ്ഥാപിക്കും
എറണാകുളം: കെന്റ് മഹൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നിന്നുള്ള മലിനജല പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു. പ്രദേശത്തെ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നുണ്ടായ ജനരോഷം കണക്കിലെടുത്ത്, ജില്ലാ കളക്ടർ ജി. പ്രിയങ്ക, കുന്നത്തുനാട് എം.എൽ.എ. വി. പി. സജീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
അപ്പാർട്ട്മെന്റ് കോംപ്ലക്സിനുള്ളിൽ തന്നെ അത്യാധുനിക നിലവാരത്തിലുള്ള ഒരു മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ യോഗത്തിൽ തീരുമാനമായി. ഇതിന്റെ നിർമ്മാണച്ചെലവ് റെസിഡന്റ്സ് അസോസിയേഷനും ബിൽഡറും സംയുക്തമായി വഹിക്കും. സംസ്കരിച്ച ജലം സുരക്ഷിതമായി ഒഴുക്കിക്കളയുന്നതിനായി അപ്പാർട്ട്മെന്റിൽനിന്ന് കോഴിച്ചിറ ബണ്ട്- മനക്കത്തോട് വരെ പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിക്കും. കൊച്ചി കോർപ്പറേഷൻ, കെ.എസ്.ഇ.ബി., വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ ഏകോപനത്തോടെയാകും പൈപ്പ് ലൈൻ നിർമ്മാണം പൂർത്തിയാക്കുക.
മലിനജലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൊച്ചി കോർപ്പറേഷന്റെ മലിനജല സംസ്കരണ പ്ലാന്റിന് സമീപം പ്രത്യേക സാംപ്ലിങ് പോയിന്റ് സജ്ജീകരിക്കും. വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് ചുമതലപ്പെടുത്തുന്ന സ്വകാര്യ ലാബ് ദിവസേന ജലസാമ്പിളുകൾ പരിശോധിച്ച് ഇ-കോളി സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ ജലം ബണ്ടിലേക്ക് ഒഴുക്കൂ. ലാബിന്റെ പ്രവർത്തനച്ചെലവ് റെസിഡന്റ്സ് അസോസിയേഷൻ പഞ്ചായത്തിന് നൽകണം.
കൂടാതെ, അപ്പാർട്ട്മെന്റ് വളപ്പിൽ മലിനീകരണത്തിന് കാരണമാകുന്ന രീതിയിലുള്ള കിണറുകളോ കുഴൽ കിണറുകളോ ഉണ്ടോയെന്ന് പരിശോധിക്കാൻ ശുചിത്വ മിഷനും മലിനീകരണ നിയന്ത്രണ ബോർഡിനും ജില്ലാ കളക്ടർ കർശന നിർദ്ദേശം നൽകി. പ്രശ്നത്തിന് പരിഹാരമാകുന്ന മുറക്ക് സമരം അവസാനിപ്പിക്കുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. യോഗ തീരുമാനങ്ങൾ അഡ്വക്കേറ്റ് ജനറൽ മുഖേന ഹൈക്കോടതിയെ അറിയിക്കും.
യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് റെജി തോമസ്, വൈസ് പ്രസിഡന്റ് ദീപ ബിജു, സമരസമിതി അംഗങ്ങൾ, ബിൽഡർ, റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.