ശബരിമലയെ രാജ്യത്തെ മികച്ച തീർത്ഥാടന കേന്ദ്രമാക്കും മുഖ്യമന്ത്രി വി ഡി സതീശൻ
ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി അറിയിക്കണം. തിരുപ്പതി മോഡൽ സൗകര്യങ്ങൾ ലക്ഷ്യം.
ശബരിമല തീർഥാടനം വകുപ്പുകളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാരിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
പമ്പ : ശബരിമല മണ്ഡല - മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാരിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി നിലയ്ക്കലിൽ സന്ദർശനം നടത്തിയ ശേഷം പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകളുടെയും മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തുകയായിരുന്നു അദ്ദേഹം. സന്നിധാനം, പമ്പ, നിലയ്ക്കൽ, മറ്റ് തീർത്ഥാടന ഇടങ്ങൾ എന്നിവിടങ്ങളിലെ പ്രവൃത്തികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കണം. നിലയ്ക്കലിലെ 21 പാർക്കിംഗ് ഗ്രൗണ്ടുകൾ വൃത്തിയാക്കി മികച്ച രീതിയിൽ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. നിലയ്ക്കലിൽ പുതിയതായി നിർമ്മാണം പൂർത്തിയായ പോലീസ് ബറാക്കിൽ 600 പേർക്ക് സൗകര്യമുണ്ട്. പഴയ ബറാക്കിൻ്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കണം. പമ്പ - ചാലക്കയം റോഡിൻറെ ആധുനിക രീതിയിലുള്ള നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് നിരത്ത് വകുപ്പിന് നിർദ്ദേശം നൽകി. മറ്റ് റോഡുകളുടെ അറ്റകുറ്റപ്പണി രണ്ടാഴ്ചയ്ക്കകം തീർക്കണം. നിലയ്ക്കലിൽ ജർമൻ മാതൃകയിലുള്ള പന്തലോടെയുള്ള പോലീസ് എയ്ഡ് പോസ്റ്റ് നിർമാണം , പമ്പാ, സന്നിധാനം പോലീസ് മെസ്സ്, പമ്പ പഴയ പോലീസ് സ്റ്റേഷൻ, സന്നിധാനത്തെ എസ് എച്ച് ഒ യുടെ സ്റ്റേഷൻ തുടങ്ങി പോലീസിനായുള്ള സൗകര്യങ്ങളുടെ അറ്റകുറ്റപ്പണി എന്നിവ ദേവസ്വം ബോർഡ് സമയബന്ധിതമായി നടത്തണം. മരക്കൂട്ടം - ശരംകൊത്തി പാതയിൽ ബാരിക്കേഡിംഗ് ഉറപ്പാക്കണം. സ്ഥിര, താൽക്കാലിക കെട്ടിടങ്ങളുടെ ഫിറ്റ്നസ് പൊതുമരാമത്ത് കെട്ടിട വിഭാഗം ഉറപ്പാക്കണം. മാലിന്യ സംസ്കരണത്തിനും ശുചിത്വത്തിനും ഏറ്റവും പ്രാധാന്യം നൽകണം. കുടിവെള്ള വിതരണത്തിന് കൃത്യമായ മോണിറ്ററിംഗ് ഉണ്ടാകണം. തീർത്ഥാടകർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് പരമാവധി സഹായം നൽകണം. വകുപ്പുകൾ കൃതമായ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ, മന്ത്രിമാരായ സണ്ണി ജോസഫ്, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സിപി ജോൺ, എം ലിജു, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ പഴകുളം മധു, അബിൻ വർക്കി, സി വി ശാന്തകുമാർ, വർഗീസ് മാമ്മൻ, കെ യു ജനീഷ് കുമാർ, എം ജെ സെബാസ്റ്റ്യൻ, സിറിയാക് തോമസ്, റോണി കെ ബേബി, ദേവസ്വം സെക്രട്ടറി എംജി രാജമാണിക്യം, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷർ, വകുപ്പ് സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ സന്നിധാനത്തിലെ മുന്നൊരുക്കങ്ങളുടെ വിലയിരുത്തലിനായി യാത്ര തിരിച്ചു.
ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഈ തീർത്ഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണ്ഡല മകരവിളക്ക് തീര്ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില് ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന, ഏകോപന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഴിപാട്, പ്രസാദം തുടങ്ങിയവ ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലാണ് എന്നും അപ്പം, അരവണ തുടങ്ങിയവയ്ക്ക് ഇത്തവണ ക്ഷാമം ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഭക്തരുടെ സുഗമദർശനത്തിനും സുരക്ഷയ്ക്കും പോലീസ് സേന, ഫയർ ഫോഴ്സ് സേന എന്നിവയെ സേന മേധാവിമാരുടെ നേതൃത്വത്തിൽ വിന്യസിക്കും.
പമ്പയിൽ വസ്തം ഉപേക്ഷിക്കുന്നത് മാലിന്യ പ്രശ്നമാകാതിരിക്കാൻ നിയന്ത്രണ സംവിധാനം ഉറപ്പാക്കും. ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കും. പമ്പയിലെ തിരക്ക് കുറയ്ക്കാൻ നിലയ്ക്കലിൽ ഭക്തരെ സുഗമമായി നിയന്ത്രിക്കാനായി 6000 പേരെ ഉൾക്കൊള്ളുന്ന ജർമ്മൻ മാതൃകയിലുള്ള ഷെഡ് നിർമിക്കും. 22 മെഡിക്കൽ എമർജെൻസി യൂണിറ്റുകൾ സജ്ജമാക്കും. മാലിന്യ നിർമാർജനം സമയ ബന്ധിതമായി നടപ്പിലാക്കും. ശബരിമല തീർത്ഥാടകർക്കായി 461 ബസുകളാണ് കെ എസ് ആർ ടി സി സജ്ജമാക്കുന്നത്. വിവിധ ക്ഷേത്രങ്ങളെയും ശബരിമലയേയും ചേർത്ത് ടെമ്പിൾ കണക്ടിവിറ്റി ഉറപ്പാക്കും. റോഡ് സുരക്ഷ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തും. ചാലക്കയം റോഡ് പി ഡബ്ലു ഡിയുടെ നേതൃത്വത്തിൽ 15 കോടി രൂപ മുടക്കി നവീകരിക്കുകയാണ്. നിർമാണം വേഗത്തിൽ പൂർത്തിയാക്കും.
തീർത്ഥാടകർക്ക് മികച്ച ചികിൽസ ലഭിക്കാൻ ആശുപതികളിൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തും. ഈ സീസണിൽ ഭക്തർക്ക് സുഗമ ദർശനത്തിന് എല്ലാ സൗകര്യങ്ങളം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുമ്പളം വില്ലേജ് ഓഫീസിൽ സന്ദർശനം നടത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത്ത് ബാബു
കേരളത്തിൽ പുതിയ വനിതാനയം ഉടൻ തൊഴിലിടങ്ങളിൽ പോഷ് ആക്ട് ശക്തമാക്കും മന്ത്രി ബിന്ദു കൃഷ്ണ
എറണാകുളം ജില്ലാ സ്കൂൾ കായികമേളയ്ക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമായി
ശബരിമലയെ രാജ്യത്തെ മികച്ച തീർത്ഥാടന കേന്ദ്രമാക്കും മുഖ്യമന്ത്രി വി ഡി സതീശൻ
ലക്ഷ്യമിട്ടതിന്റെ ഇരട്ടിയിലധികം പട്ടയങ്ങൾ വിതരണം ചെയ്തുവെന്ന് മന്ത്രി എ.പി. അനിൽകുമാർ
ഓപ്പറേഷൻ തൂഫാൻ ആൾതാമസമില്ലാത്ത വീട്ടിൽ കഞ്ചാവ് ചെടികൾ, രാസലഹരിയുമായി 6 പേർ അറസ്റ്റിൽ