​കള്ളുഷാപ്പുകളിൽ ഇനി സ്ത്രീകൾക്കും ജോലി ചെയ്യാം

കള്ളുഷാപ്പുകളിൽ സ്ത്രീകൾക്കു ജോലി വിലക്കുന്ന അബ്കാരി ചട്ടം ഭരണഘടനാവിരുദ്ധമെന്നു ഹൈക്കോടതി. ആശ്രിതനിയമനം നിഷേധിച്ചതിനെതിരെയുള്ള ഹർജിയിൽ ജസ്റ്റിസ് പി. ഗോപിനാഥന്റേതാണ് നിർണായക ഉത്തരവ്.

​കള്ളുഷാപ്പുകളിൽ ഇനി സ്ത്രീകൾക്കും ജോലി ചെയ്യാം
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

കള്ളുഷാപ്പുകളിൽ ഇനി സ്ത്രീകൾക്കും ജോലി ചെയ്യാം; അബ്കാരി ചട്ടത്തിലെ വിലക്ക് റദ്ദാക്കി ഹൈക്കോടതി

​കൊച്ചി: സംസ്ഥാനത്തെ കള്ളുഷാപ്പുകളിൽ ഇനി സ്ത്രീകൾക്കും ജോലി ചെയ്യാം. ഷാപ്പുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് വിലക്കുന്ന കേരള അബ്കാരി ഷോപ്സ് ഡിസ്പോസൽ ചട്ടം 7(37) വകുപ്പ് ഭരണഘടനാവിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് വ്യക്തമാക്കി ഹൈക്കോടതി റദ്ദാക്കി. സ്ത്രീകൾക്കു തൊഴിൽ നിഷേധിക്കുന്നതിനു പകരം, ലിംഗഭേദമന്യേ എല്ലാവർക്കും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് ഉത്തരവിൽ വ്യക്തമാക്കി.

​കള്ളുഷാപ്പ് ജീവനക്കാരനായിരുന്ന ഭർത്താവിന്റെ മരണത്തെ തുടർന്ന് ആശ്രിതനിയമനത്തിനായി സമർപ്പിച്ച അപേക്ഷ അധികൃതർ തള്ളിയതിനെതിരെ തൃശൂർ സ്വദേശിനി സോഫി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണായക വിധി.

​നേരത്തെ വിദേശമദ്യഷാപ്പുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് വിലക്കിയ ചട്ടം കോടതി നീക്കിയിരുന്നു. എന്നാൽ വിദേശമദ്യഷാപ്പുകളിലെയും കള്ളുഷാപ്പുകളിലെയും സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും, സ്ത്രീകളെ അതിക്രമങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കാനാണ് വിലക്കെന്നുമായിരുന്നു സർക്കാരിന്റെ വാദം.

​എന്നാൽ, പോലീസിലും സൈന്യത്തിലും വരെ സ്ത്രീകൾ മികച്ച രീതിയിൽ സേവനം അനുഷ്ഠിക്കുന്നുണ്ടെന്ന സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ ഹൈക്കോടതി ചൂണ്ടിക്കാട്ടി. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. എന്നാൽ ആ ഉത്തരവാദിത്തം നിറവേറ്റേണ്ടത് സ്ത്രീകൾക്ക് തൊഴിൽ നിഷേധിച്ചുകൊണ്ടല്ലെന്നും കോടതി വ്യക്തമാക്കി. കള്ളുഷാപ്പുകളിലെ തൊഴിൽ വിലക്ക് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹർജിക്കാരിയുടെ ആശ്രിതനിയമന അപേക്ഷയിൽ എത്രയും വേഗം തീരുമാനമെടുക്കാൻ അധികൃതർക്ക് നിർദേശം നൽകി.