സൈബർ തട്ടിപ്പിനായി ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ചു നൽകിയ സംഘം കൊച്ചിയിൽ പിടിയിൽ
രാജ്യവ്യാപകമായി നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾക്കായി ബാങ്ക് അക്കൗണ്ടുകളും എടിഎം കാർഡുകളും ശേഖരിച്ച് നൽകുന്ന മാഫിയയിലെ മൂന്ന് ഇടനിലക്കാർ കൊച്ചിയിൽ അറസ്റ്റിൽ.
സൈബർ തട്ടിപ്പിനായി ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ചു നൽകിയ സംഘം കൊച്ചിയിൽ പിടിയിൽ
കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾക്കായി ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ച് നൽകുന്ന മാഫിയ സംഘത്തിലെ മൂന്ന് ഇടനിലക്കാർ കൊച്ചിയിൽ പിടിയിലായി. പള്ളുരുത്തി തോപ്പുംപടി തൈവീട്ടിൽ വിപിൻ വിൻസെന്റ് (32), കുമ്പളങ്ങി ചെറിയകടവ് വഴക്കൂട്ടത്തിൽ വീട്ടിൽ അജിത് വർഗീസ് (27), പാലക്കാട് ആലത്തൂർ തൃപ്പാലൂർ റഹീം മൻസിലിൽ മുഹമ്മദ് റോഷൻ (26) എന്നിവരെയാണ് കൊച്ചി സിറ്റി സൈബർ പൊലീസും സൈബർ ഡോമും ചേർന്ന് അറസ്റ്റ് ചെയ്തത്.
സാധാരണക്കാരെ പണം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് അവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് പാസ് ബുക്കുകൾ, എടിഎം കാർഡുകൾ, ചെക്ക് ബുക്കുകൾ എന്നിവ കൈക്കലാക്കി തട്ടിപ്പ് സംഘങ്ങൾക്ക് മറിച്ചുകൊടുക്കുന്നതായിരുന്നു ഇവരുടെ രീതി. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തു വച്ച് ബാങ്ക് അക്കൗണ്ടുകൾ കൈമാറുന്നതിനിടെ എസിപി അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളിലൊരാളായ വിപിൻ വിൻസെന്റിനെതിരെ കൂത്താട്ടുകുളം, അരൂർ സ്റ്റേഷനുകളിലും അജിത് വർഗീസിനെതിരെ വീയപുരം സ്റ്റേഷനിലും സമാനമായ കേസുകൾ നിലവിലുണ്ട്. ഇവർക്ക് മറ്റു സംസ്ഥാനങ്ങളിലെ തട്ടിപ്പുകളിലുള്ള പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്. സോഷ്യൽ മീഡിയയിലെ വ്യാജ പ്രൊഫൈലുകൾ വഴിയാണ് പ്രതികൾ പരസ്പരം ആശയവിനിമയം നടത്തിയിരുന്നത്.
സാധാരണക്കാരായ ആളുകളെ പ്രലോഭിപ്പിച്ച് അവരിൽ നിന്നും നിസ്സാര തുകയ്ക്ക് കൈക്കലാക്കുന്ന ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും ഇവർ വൻവിലയ്ക്കാണ് തട്ടിപ്പു നടത്തുന്ന സംഘങ്ങൾക്ക് മറിച്ച് വിറ്റുകൊണ്ടിരുന്നത്. ഈ കേസിലെ ഒരു പ്രതിയെ തേടി ആന്ധ്രപ്രദേശിൽ നിന്നുള്ള പൊലീസ് സംഘവും കേരളത്തിൽ എത്തിയിരുന്നു. ബാങ്ക് രേഖകൾ കൈമാറുന്നവർക്കെതിരെയും ഇത്തരം തട്ടിപ്പുകളിൽ ഇടനിലക്കാരായി നിൽക്കുന്നവർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. നിശാന്തിനി അറിയിച്ചു.
പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ മാട്ടുപുറം ചേന്ദമംഗലം പാലം നിർമ്മാണം ആരംഭിച്ചു
സൈബർ തട്ടിപ്പിനായി ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ചു നൽകിയ സംഘം കൊച്ചിയിൽ പിടിയിൽ
കാക്കനാട് അപകട മരണം ഇൻഫോപാർക്ക് റോഡിൽ അടിയന്തര ഗതാഗത പരിഷ്കാരം
ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ ചങ്ക് കട്ടോളെ മെനി മെനി ഹാപ്പി റിട്ടേൺസ് പുതിയ പാട്ട് പുറത്ത്
കെൽട്രോണിൽ പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു
ആശുപത്രികളിലെ സുരക്ഷാ വീഴ്ചകൾ ഭയമില്ലാതെ ചൂണ്ടിക്കാട്ടാം മന്ത്രി കെ. മുരളീധരൻ സ്റ്റീരിയോസർജ് പുറത്തിറക്കി