ആശുപത്രികളിലെ സുരക്ഷാ വീഴ്ചകൾ ഭയമില്ലാതെ ചൂണ്ടിക്കാട്ടാം മന്ത്രി കെ. മുരളീധരൻ സ്റ്റീരിയോസർജ് പുറത്തിറക്കി
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സേഫ്‌കോൺ സമ്മേളനവും സ്റ്റീരിയോസർജ് സാങ്കേതികവിദ്യയും ഉദ്ഘാടനം ചെയ്തു.
ആരോഗ്യപ്രവർത്തകർക്ക് ഭയമില്ലാതെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാൻ സാഹചര്യമൊരുക്കും മന്ത്രി കെ.മുരളീധരൻ സേഫ്‌കോൺ സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ആശുപത്രികളിലെ ചികിത്സാ പിഴവുകളും സുരക്ഷാ വീഴ്ചകളും ഒഴിവാക്കുന്നതിനായി ആരോഗ്യപ്രവർത്തകർക്ക് ഭയമില്ലാതെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാനും പരിഹാരനടപടികൾ നിർദേശിക്കാനും കഴിയുന്ന തൊഴിൽസംസ്‌കാരം വളർത്തിയെടുക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. രോഗീസുരക്ഷ ഉറപ്പാക്കേണ്ടത് ഡോക്ടർമാരുടെയും നഴ്സുമാരുടെയും മാത്രം ഉത്തരവാദിത്തമല്ലെന്നും ആശുപത്രി ഭരണനേതൃത്വം മുതൽ എല്ലാ ജീവനക്കാർക്കും കൂട്ടായ ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പാക്കുന്നതിനായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റും തിരുവനന്തപുരം മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിച്ച 'സേഫ്‌കോൺ' സമ്മേളനവും 'സ്റ്റീരിയോസർജ്' സംവിധാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മരുന്നുകളുടെ കൃത്യത ഉറപ്പാക്കുക, കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്യാതിരിക്കുക, ശസ്ത്രക്രിയകളുടെ സുരക്ഷ ഉറപ്പാക്കുക, അണുബാധ നിയന്ത്രിക്കുക, രോഗികളുടെ വിവരങ്ങൾ കൃത്യമായി കൈമാറുക തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു. ചികിത്സയ്ക്കിടെ സംഭവിക്കാവുന്ന അപകടങ്ങളും പിഴവുകളും മുൻകൂട്ടി തിരിച്ചറിഞ്ഞ് ഒഴിവാക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങൾക്ക് 'സേഫ്‌കോൺ' പോലുള്ള സമ്മേളനങ്ങൾ വഴിയൊരുക്കുമെന്നും സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്ന ആരോഗ്യപ്രവർത്തകരെ ശിക്ഷിക്കുന്നതിന് പകരം വീഴ്ചകളുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ചികിത്സാപിഴവ് സംബന്ധിച്ച പരാതികളിൽ സ്വതന്ത്രവും വിദഗ്ധവുമായ അന്വേഷണം നടത്തി വസ്തുതകൾ പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂവെന്നും എന്നാൽ വീഴ്ചകൾ കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യമേഖലയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ ആശുപത്രികളിലെ സേവനങ്ങളുടെ ഗുണനിലവാരം കുറയാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ മെഡിക്കൽ കോളേജുകളെ മികച്ച ചികിത്സാകേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എല്ലാ മെഡിക്കൽ കോളേജുകളിലും ഒരേ നിലവാരത്തിലുള്ള ചികിത്സാസൗകര്യങ്ങൾ ഉറപ്പാക്കുമെന്നും ചികിത്സാപിഴവുകൾ ഉണ്ടാകാതിരിക്കാൻ ആശുപത്രികളിൽ പഠനവും സ്വയംവിലയിരുത്തലും പ്രോത്സാഹിപ്പിക്കുന്നതിന് നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ. അജയ് അലക്സ് 'സ്റ്റീരിയോസർജ്' സംവിധാനത്തിന്റെ പ്രവർത്തനരീതി വിശദീകരിച്ചു. സി.ടി., എം.ആർ.ഐ. സ്‌കാനുകളിലൂടെ ലഭിക്കുന്ന മനുഷ്യശരീരത്തിന്റെ ആന്തരിക ഭാഗങ്ങളുടെ ചിത്രങ്ങൾ ത്രിമാനരൂപത്തിൽ ദൃശ്യവൽക്കരിക്കാൻ സഹായിക്കുന്ന ആധുനിക സാങ്കേതികവിദ്യയാണ് സ്റ്റീരിയോസർജ്'. ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള ചികിത്സാനടപടികൾ കൂടുതൽ കൃത്യതയോടെ ആസൂത്രണം ചെയ്യാനും ശരീരത്തിലെ സങ്കീർണമായ ഘടനകൾ വ്യക്തമായി മനസിലാക്കാനും ഈ സംവിധാനം സഹായിക്കും. ശ്രീചിത്രയിൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പായ ബറോൺ, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്, ഗവൺമെന്റ് എൻജിനീയറിങ് കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്.
ചടങ്ങിൽ വി. മുരളീധരൻ എം.എൽ.എ അധ്യക്ഷനായിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സൂപ്രണ്ട് ഡോ. ഈശ്വർ എച്ച്.വി., മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. മിനി എസ്.എസ്., ജോയിന്റ് ഡയറക്ടർ (പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ്) ഡോ. പി.കെ. ജബ്ബാർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജു രവീന്ദ്രൻ, വൈസ് പ്രിൻസിപ്പൽ ഡോ. ബിന്ദു പി., മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. സി.ജി. ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ആശുപത്രികളിലെ സുരക്ഷാ വീഴ്ചകൾ ഭയമില്ലാതെ ചൂണ്ടിക്കാട്ടാം മന്ത്രി കെ. മുരളീധരൻ സ്റ്റീരിയോസർജ് പുറത്തിറക്കി
ഇന്ത്യയിലെ ഏറ്റവും മികച്ച ദുരന്തനിവാരണ പദ്ധതി കേരളത്തിൽ നടപ്പാക്കും വി.ഡി. സതീശൻ
നെടുമുടി വേണുവും പി. ബാലചന്ദ്രനും അവസാന വെള്ളിത്തിരക്കാഴ്ച ഓറഞ്ച് മരങ്ങളുടെ വീട് എത്തുന്നു
കുഴൽക്കിണർ നിർമ്മാണ യൂണിറ്റുകൾക്ക് രജിസ്ട്രേഷൻ നിർബന്ധം
എൻ.ടി.പി.സിയിൽ നിന്ന് വൈദ്യുതി ലഭിക്കാതെ കേരളം പ്രതിവർഷം 100 കോടി രൂപ നൽകുന്നു കെ.സി. വേണുഗോപാൽ
കുടിവെള്ള പദ്ധതി കരാർ റദ്ദാക്കി പഞ്ചായത്തുകൾക്ക് ചുമതല 4.5 കോടി വീതം അനുവദിക്കും മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ