കുഴൽക്കിണർ നിർമ്മാണ യൂണിറ്റുകൾക്ക് രജിസ്ട്രേഷൻ നിർബന്ധം

കേരളത്തിൽ കുഴൽക്കിണർ, ട്യൂബ്വെൽ നിർമ്മാണ യൂണിറ്റുകൾക്ക് ഭൂജല വകുപ്പിന്റെ രജിസ്ട്രേഷൻ നിർബന്ധമാക്കി. അനുമതിയില്ലാതെ പ്രവർത്തിച്ചാൽ 1 ലക്ഷം രൂപ പിഴയും റിഗ് കണ്ടുകെട്ടലും

കുഴൽക്കിണർ നിർമ്മാണ യൂണിറ്റുകൾക്ക് രജിസ്ട്രേഷൻ നിർബന്ധം
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

കുഴൽക്കിണർ നിർമ്മാണ യൂണിറ്റുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി: ലംഘിച്ചാൽ ഒരു ലക്ഷം രൂപ പിഴ

​തൊടുപുഴ: സംസ്ഥാനത്ത് കുഴൽക്കിണറുകൾ ഉൾപ്പെടെയുള്ളവയുടെ നിർമ്മാണത്തിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. കുഴൽക്കിണർ, ട്യൂബ്വെൽ, ഫിൽട്ടർ പോയിന്റ്, ഹാൻഡ് ബോർ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻസികൾക്കും അവ ഉപയോഗിക്കുന്ന റിഗുകൾക്കുമാണ് ഉത്തരവ് ബാധകമാകുന്നത്.

​ഇടുക്കി ജില്ലയിൽ നിലവിൽ പ്രവർത്തിക്കുന്ന എല്ലാ റിഗ്ഗുകളും അവ പ്രവർത്തിപ്പിക്കുന്ന ഏജൻസികളോ വ്യക്തികളോ ഭൂജല വകുപ്പിന്റെ ജില്ലാ ഓഫീസുകളിൽ രജിസ്റ്റർ ചെയ്യുകയും വർഷാവർഷം അത് പുതുക്കുകയും ചെയ്യേണ്ടതാണ്. വകുപ്പിൽ നിന്ന് സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം മാത്രമേ ഡ്രില്ലിങ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ അനുമതിയുള്ളൂ.

​സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റില്ലാതെ ഡ്രില്ലിങ് നടത്തിയാൽ ആദ്യത്തെ ലംഘനത്തിന് ഒരു ലക്ഷം രൂപ പിഴ ഈടാക്കും. കുറ്റം ആവർത്തിക്കുകയാണെങ്കിൽ ഏജൻസിയുടെ രജിസ്ട്രേഷൻ റദ്ദാക്കുകയും പോലീസ് സഹായത്തോടെ റിഗ്ഗുകൾ കണ്ടുകെട്ടുകയും ചെയ്യും.

​കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ നടപടികൾക്കുമായി തൊടുപുഴ മിനി സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഭൂജല വകുപ്പ് ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

​ഫോൺ: 04862 226199

ഇമെയിൽ: gwdidk@gmail.com