ഇന്ത്യയിലെ ഏറ്റവും മികച്ച ദുരന്തനിവാരണ പദ്ധതി കേരളത്തിൽ നടപ്പാക്കും വി.ഡി. സതീശൻ

തീരദേശ വിഷയങ്ങളെയും കാലാവസ്ഥാ അതിജീവനത്തെയും കുറിച്ച് കുസാറ്റിൽ നടന്നു വന്ന സംസ്ഥാനതല സെമിനാറിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ ഏറ്റവും മികച്ച ദുരന്തനിവാരണ പദ്ധതി കേരളത്തിൽ നടപ്പാക്കും വി.ഡി. സതീശൻ
തീരദേശ വിഷയങ്ങളെയും കാലാവസ്ഥാ അതിജീവനത്തെയും കുറിച്ച് കുസാറ്റിൽ നടന്നു വന്ന സംസ്ഥാനതല സെമിനാറിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു. ഹൈബി ഈഡൻ എം പി, മന്ത്രി വി ഇ അബ്ദുൾ ഗഫൂർ,കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ ജമാൽ മണക്കാടൻ, വൈസ് ചാൻസിലർ പ്രൊഫ. ജുനൈദ് ബുഷ്രി, രജിസ്ട്രാർ ഡോ. പി സി ഹരിഗോവിന്ദ് എന്നിവർ സമീപം

ഇന്ത്യയിലെ മികച്ച ദുരന്തനിവാരണ–പ്രതിരോധശേഷി പദ്ധതി കേരളത്തിൽ നടപ്പാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ 

കൊച്ചി:   ഇന്ത്യയിലെ ഏറ്റവും മികച്ച ദുരന്തനിവാരണ–പ്രതിരോധശേഷി പദ്ധതി കേരളത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും കാലാവസ്ഥാ പ്രവചനത്തെക്കുറിച്ചുമുള്ള പഠനങ്ങളിലും ഗവേഷണങ്ങളിലും മികച്ച സംഭാവനകൾ നൽകുന്ന സ്ഥാപനങ്ങളിലൊന്നാണ് കുസാറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുസാറ്റിൽ നടന്ന ദ്വിദിന സംസ്ഥാനതല തീരദേശ പരമാധികാര–കാലാവസ്ഥാ പ്രതിരോധ സമ്മേളനത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരി സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. തീരഭൂസംരക്ഷണവേദി ചെയർപേഴ്സൺ മാഗ്ലിൻ പീറ്റർ സ്വാഗതം പറഞ്ഞു. ഫിഷറീസ്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. ഹൈബി ഈഡൻ എം.പി., കുസാറ്റ് സിൻഡിക്കേറ്റ് അംഗങ്ങൾ ഡോ. പ്രവീൺ സി. എസ്, അരുൺ എസ്. പി, കുസാറ്റ് രജിസ്ട്രാർ ഡോ. ഹരിഗോവിന്ദ് പി.സി, എന്നിവരും സംസാരിച്ചു. തീരഭൂസംരക്ഷണവേദി വൈസ്ചെയർമാൻ ബിജു കണ്ണങ്ങാട്ട് നന്ദി പറഞ്ഞു.

മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി പരിഹാരം കാണേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സ്യമേഖലയ്ക്കായുള്ള പ്രത്യേക ഫിഷറീസ് സബ് പ്ലാൻ, ഭവനപദ്ധതി, പൊഴിയൂർ, പൂവാർ തുടങ്ങിയ തീരദേശമേഖലകളിലെ വികസന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. മിഷൻ സമുദ്രയുടെ ഭാഗമായി മാരിടൈം, ഫിഷറീസ് മേഖലകളിൽ വിദ്യാഭ്യാസം, നൈപുണ്യവികസനം, തൊഴിൽ അവസരങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്നതിനുള്ള നടപടികൾ, കൃത്യമായ ദുരന്ത പ്രവചനം, മുൻകൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ ദുരന്ത ലഘൂകരണ പദ്ധതികൾ, ദുരന്തനിവാരണത്തിനുള്ള പ്രവർത്തന മാർഗരേഖകൾ എന്നിവ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തീരദേശസമൂഹങ്ങളുടെ അവകാശങ്ങളും കാലാവസ്ഥാ അതിജീവന ശേഷിയും സംബന്ധിച്ച നിയമ നിർമാണ-നയനിർദേശങ്ങൾ ഉൾക്കൊള്ളുന്ന വിശദ രേഖ സമ്മേളനത്തിലെ പ്രധാന വിഷയമായിരുന്നു. തീരദേശ സമൂഹങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച കരട് നിയമം ഡോ. കെ.എച്ച്. അമിത ബച്ചൻ അവതരിപ്പിച്ചു. തീരദേശജനതയുടെ അവകാശ സംരക്ഷണത്തിനും ഉപജീവന സുരക്ഷയ്ക്കും കാലാവസ്ഥാ അതിജീവനത്തിനുമുള്ള തുടർ നടപടികൾ സംബന്ധിച്ച് സംഘടനാ പ്രതിനിധികളും വിദഗ്ധരും ഗവേഷകരും ചർച്ച നടത്തി.

കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, തീരഭൂസംരക്ഷണവേദി, വെസ്റ്റേൺ ഘാട്സ് ഹോൺബിൽ ഫൗണ്ടേഷൻ, എം.ഇ.എസ്. അസ്മാബി കോളേജിലെ സി.ഇ.ടി.സി. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സമ്മേളനം.