കാക്കനാട് അപകട മരണം ഇൻഫോപാർക്ക് റോഡിൽ അടിയന്തര ഗതാഗത പരിഷ്കാരം

കാക്കനാട് ഇൻഫോപാർക്ക് റോഡിലെ അപകട മരണത്തെ തുടർന്ന് ഉമാ തോമസ് എം.എൽ.എ വിളിച്ച യോഗത്തിൽ പ്രധാന തീരുമാനങ്ങൾ. ബസുകളുടെ സമയക്രമം മാറ്റും, വൺവേ സംവിധാനം ഏർപ്പെടുത്തും.

കാക്കനാട് അപകട മരണം ഇൻഫോപാർക്ക് റോഡിൽ അടിയന്തര ഗതാഗത പരിഷ്കാരം
കാക്കനാട് ഇൻഫോപാർക്ക് റോഡിൽ ഐ.എം.ജി ജംഗ്ഷന് സമീപം കുഴിക്കാട്ടുമൂലയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇ വൈ കമ്പനിയിലെ ജീവനക്കാരിയായ യുവതി മരണപ്പെട്ട സംഭവത്തെ തുടർന്ന് ഉമാ തോമസ് എം.എൽ.എ ജില്ലാ കളക്ടറുടെ ചേംബറിൽ വിളിച്ചു ചേർത്ത അടിയന്തര യോഗം

ഇൻഫോപാർക്ക് റോഡിലെ ജീവനക്കാരിയുടെ മരണം: മത്സരയോട്ടവും ഗതാഗതക്കുരുക്കും തടയാൻ അടിയന്തര നടപടികളുമായി എം.എൽ.എയും ജില്ലാ ഭരണകൂടവും

എറണാകുളം:   കാക്കനാട് ഇൻഫോപാർക്ക് റോഡിൽ നവംബർ നാലിന് ഐ.എം.ജി ജംഗ്ഷന് സമീപം കുഴിക്കാട്ടുമൂലയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇ വൈ കമ്പനിയിലെ ജീവനക്കാരിയായ യുവതി മരണപ്പെട്ട സംഭവത്തെ തുടർന്ന് ഉമാ തോമസ് എം.എൽ.എയുടെ ഇടപെടലിൽ ജില്ലാ കളക്ടറുടെ ചേംബറിൽ അടിയന്തര യോഗം ചേർന്നു.

സ്വകാര്യ ബസുകളുടെ മത്സരയോട്ടവും റോഡിന്റെ വീതിക്കുറവുമാണ് അപകടത്തിന് കാരണമായ പ്രധാന ഘടകങ്ങളായി യോഗം വിലയിരുത്തിയത്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനും യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി നിരവധി നിർദേശങ്ങളും തീരുമാനങ്ങളും യോഗത്തിൽ കൈക്കൊണ്ടു.

കളക്ടറേറ്റിന് ചുറ്റുമുള്ള റോഡുകൾ വൺവേ സംവിധാനത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഐ.എം.ജി ജംഗ്ഷൻ മുതൽ ഇൻഫോപാർക്ക് വരെയുള്ള റോഡ് വൺവേ ആക്കുന്നതിനുള്ള സാധ്യതകൾ വിശദമായി പഠിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.

സ്വകാര്യ ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കുന്നതിനായി നിലവിലുള്ള സമയക്രമം പുനഃക്രമീകരിച്ച് അടിയന്തരമായി നടപ്പിലാക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി. സ്വകാര്യ ബസ് ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിനും സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു. കണ്ടക്ടർ ലൈസൻസില്ലാതെ ബസുകളിൽ ജോലി ചെയ്യുന്നവരെ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കും. ഇൻഫോപാർക്ക് റോഡിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിനുള്ള നടപ്പാതയും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കും. ⁠റോഡിന് ഇരുവശത്തും ഉപയോഗശൂന്യമായ പോസ്റ്റുകൾ , കേബിളുകൾ എന്നിവ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമത്തപ്പെടുത്തി. ⁠കളക്ടറേറ്റിന് ചുറ്റുമുള്ള റോഡുകളുടെ വീതി വർധിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം കെ ബി പി എസ്, കളക്റ്ററേറ്റ് അടക്കമുള്ള സ്ഥാപനങ്ങളിൽ നിന്നും ഏറ്റെടുത്ത് റോഡ് വികസന പ്രവൃത്തികൾ നടപ്പിലാക്കുമെന്ന് യോഗത്തിൽ അറിയിച്ചു. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ചുറ്റുമതിലുകൾ നഗരസഭ നിർമ്മിച്ച് നൽകുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. 

ഇന്നത്തെ യോഗം ഈ വിഷയത്തിൽ ചേർന്ന പ്രാരംഭ യോഗമാണെന്നും യോഗത്തിൽ നൽകിയ നിർദ്ദേശങ്ങൾ വകുപ്പുകൾ എത്രത്തോളം നടപ്പിലാക്കിയെന്ന് വിലയിരുത്തുന്നതിന് ഒരാഴ്ചയ്ക്കുശേഷം വീണ്ടും യോഗം ചേരുമെന്നും എം എൽ എ അറിയിച്ചു.

ഇൻഫോപാർക്ക് റോഡിലെ അപകടസാധ്യതകൾ പൂർണമായും പരിഹരിച്ച് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നതുവരെ വിഷയത്തിൽ തുടർച്ചയായ ഇടപെടലുകളും അവലോകന യോഗങ്ങളും ഉണ്ടാകുമെന്ന് ഉമാ തോമസ് എം.എൽ.എ അറിയിച്ചു.

ഒരു വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ, ഇത്തരം ദുരന്തങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും ഉറപ്പാക്കുകയാണ് ലക്ഷ്യം. ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.

ജില്ലാ കളക്ടർ ജി പ്രിയങ്ക, അഡീഷ്ണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ്, ചെയർപേഴ്സൺ റാഷിദ് ഉള്ളംപള്ളി, തൃക്കാക്കര നഗരസഭാ നഗരസഭ സ്റ്റാന്റിംഗ് കൗൺസിൽ ചെയർമാൻമാർ, നഗരസഭാ കൗൺസിലർമാർ, പൊലീസ് ഉദ്യോഗസ്ഥർ, പൊതുമരാമത്ത് വകുപ്പ്, കൊച്ചി മെട്രോ, നാറ്റ്പാക്ക് , മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

പരാതികൾ 6238100100 ൽ അറിയിക്കാം

പ്രൈവറ്റ് ബസുകളുടെ മത്സരയോടും സംബന്ധിച്ച് ഹൈക്കോടതി നിർദേശിച്ചിരിക്കുന്ന 35 കി . മീ വേഗത ലംഘിക്കാൻ പാടില്ല. കൊച്ചി സിറ്റി ട്രാഫിക് പോലീസിൻ്റെ 'ട്രാഫിക് ഐ' 6238100100 എന്ന വാട്‌സ് ആപ്പ് ഹെൽപ്പ് ലൈൻ നമ്പർ എല്ലാ ബസുകളിലും നിർബന്ധമായി പ്രദർശിപ്പിച്ചിരിക്കണം. 

ബസുകളിൽ അമിത വേഗതയിൽ ബസുകൾ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നമ്പറിൽ പരാതിപ്പെടാം. ബസിൽ ജോലി ചെയ്യുന്നവർ ചെയ്യുന്ന ഗുരുതര ഗതാഗത ലംഘനത്തിന് വാഹനത്തിൻ്റെ ഉടമസ്ഥരും ഉത്തരവാദികളാണ്. അവർക്ക് മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ചരിത്രം ഉണ്ടോയെന്ന് ഉടമസ്ഥർ പരിശോധിക്കേണ്ടതാണ്. ഇവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉടമസ്ഥർ ഉറപ്പ് വരുത്തണം.