കായികമേളകൾ ഭാവിയിലെ ഒളിമ്പ്യന്മാരെ വാർത്തെടുക്കുന്ന വേദികളെന്ന് മന്ത്രി രമേശ് ചെന്നിത്തല
പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഒമ്പതാമത് സംസ്ഥാനതല എം.ആർ.എസ് ആൻഡ് ഹോസ്റ്റൽ കായികമേള കളിക്കളം 2026 തിരുവനന്തപുരം കാര്യവട്ടം എൽ.എൻ.സി.പി.ഇ മൈതാനത്ത് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
കായികമേളകൾ ഭാവിയിലെ കായിക താരങ്ങളെ വാർത്തെടുക്കുന്ന വേദികൾ: മന്ത്രി രമേശ് ചെന്നിത്തല കളിക്കളം 2026' കായികമേളയ്ക്ക് കൊടിയേറി
തിരുവനന്തപുരം: കായികമേളകൾ വെറും മത്സരവേദികളല്ലെന്നും ഭാവിയിലെ ഒളിമ്പ്യന്മാരെ വാർത്തെടുക്കുന്ന വേദികളാണെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. പ്രതിഭകൾക്ക് അവസരങ്ങൾ ലഭിക്കുമ്പോഴാണ് വിസ്മയങ്ങൾ തീർക്കാൻ കഴിയുന്നതെന്നും കായികരംഗത്ത് മികവ് തെളിയിക്കാൻ വിദ്യാർഥികൾ ഇത്തരം വേദികൾ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഒമ്പതാമത് സംസ്ഥാനതല എം.ആർ.എസ് ആൻഡ് ഹോസ്റ്റൽ കായികമേളയായ 'കളിക്കളം 2026' തിരുവനന്തപുരം കാര്യവട്ടം എൽ.എൻ.സി.പി.ഇ മൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള 22 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും 113 ഹോസ്റ്റലുകളിലെയും വിദ്യാർഥികൾക്ക് കഴിവുകൾ തെളിയിക്കാനുള്ള അവസരമാണ് കായികമേളയിലൂടെ ലഭിക്കുന്നത്. ലഹരിമുക്ത യുവതലമുറയെ വാർത്തെടുക്കാൻ 'കായിക ലഹരിയാണ് യഥാർഥ ലഹരി' എന്ന സന്ദേശം ഉയർത്തിപ്പിടിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല കായികമേളയുടെ പതാക ഉയർത്തലും കായികജ്വാല തെളിയിക്കലും നിർവഹിച്ചു. വിദ്യാർഥികൾക്ക് കായികമേളാ പ്രതിജ്ഞ മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ.വി. ധനേഷും ലഹരിവിരുദ്ധ പ്രതിജ്ഞ മന്ത്രി രമേശ് ചെന്നിത്തലയും ചൊല്ലിക്കൊടുത്തു. കട്ടേല സ്കൂളിലെ വിദ്യാർഥികളുടെ ആകർഷകമായ ഫ്ലാഷ് മോബും ചടങ്ങിന് മാറ്റുകൂട്ടി.
കായികമേളയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച പട്ടിക ജാതി പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി വിദ്യാർഥികൾക്കായി സ്നേഹസമ്മാനമെന്ന നിലയിൽ സുപ്രധാന പ്രഖ്യാപനം നടത്തി. നിലവിൽ പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർഥികൾക്കു മാത്രമാണ് വർഷാവസാനം വിനോദയാത്ര സംഘടിപ്പിക്കുന്നത്. എന്നാൽ ഹോസ്റ്റലുകൾ സന്ദർശിക്കുമ്പോൾ ഒന്നാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ള കുട്ടികൾ നിരന്തരമായി വിനോദയാത്ര വേണമെന്ന ആവശ്യം ഉന്നയിക്കാറുണ്ടായിരുന്നു. കുട്ടികളുടെ പഠനരംഗത്തെ മികവിനും കഠിനാധ്വാനത്തിനും ഉത്സാഹത്തിനുമുള്ള സ്നേഹസമ്മാനമായാണ് ഈ വർഷം മുതൽ ഒന്നാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ള മുഴുവൻ കുട്ടികൾക്കും ഏകദിന വിനോദയാത്ര ഒരുക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒമ്പതാമത് സംസ്ഥാനതല 'കളിക്കളം 2026' കായികമേളയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പങ്കെടുക്കുന്നത് 1500 ഓളം വിദ്യാർഥികൾ. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കായികമേളയ്ക്ക് ആവേശകരമായ തുടക്കമാണ് ലഭിച്ചത്.
ദീപശിഖാ പ്രയാണത്തോടെയാണ് മേളയുടെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമായത്. കായികമനോഭാവം, അച്ചടക്കം, ഐക്യം എന്നിവയുടെ സന്ദേശമുയർത്തി 40 ടീമുകൾ അണിനിരന്ന മാർച്ച് പാസ്റ്റ് ഉദ്ഘാടനച്ചടങ്ങിന് ആവേശം പകർന്നു. വിവിധ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളെയും പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളെയും പ്രതിനിധീകരിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച മാർച്ച് പാസ്റ്റ് ചടങ്ങിന്റെ പ്രധാന ആകർഷണമായി.
കാസർഗോഡ് മോഡൽ റെസിഡൻഷ്യൽ സ്കൂൾ മുതൽ തിരുവനന്തപുരം ജില്ലയിലെ ഐ.റ്റി ഡി പി നെടുമങ്ങാട് വരെയുള്ള വിവിധ ടീമുകളാണ് മാർച്ച് പാസ്റ്റിൽ അണിനിരന്നത്. കായികമികവും കൂട്ടായ്മയും പ്രകടമാക്കിയ വിദ്യാർഥികളുടെ പങ്കാളിത്തം മേളയുടെ ആവേശം വർധിപ്പിച്ചു.
പട്ടിക ജാതി പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അധ്യക്ഷത വഹിച്ച ചടങ്ങിൽ വി. മുരളീധരൻ എം.എൽ.എ, പട്ടിക ജാതി പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഹിമ കെ, പിന്നാക്ക ക്ഷേമ വകുപ്പ് ഡയറക്ടർ രഞ്ജിത്ത് ടി, എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. സദാനന്ദൻ സി.എസ്, കൗൺസിലർ സന്ധ്യ റാണി എസ്. എസ് , മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ.വി. ധനേഷ്, പട്ടികവർഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീരേഖ കെ.എസ് തുടങ്ങിയവർ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
