സ്ത്രീകൾക്കൊപ്പം പോകാൻ മെയിൽ എസ്കോർട്ട് വ്യാജ പ്രൊഫൈലിലൂടെ ലക്ഷങ്ങൾ തട്ടിയ അടൂർ സ്വദേശി പോലീസ് പിടിയിൽ
സ്ത്രീകൾക്കൊപ്പം മെയിൽ എസ്കോർട്ട് ജോലി വാഗ്ദാനം ചെയ്ത് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ലക്ഷങ്ങൾ തട്ടിയ അടൂർ സ്വദേശി ജിതിൻ ടി. വർഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു
മെയിൽ എസ്കോർട്ട് തട്ടിപ്പ്: വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി ലക്ഷങ്ങൾ കവർന്ന മുൻ കെഎസ് യു നേതാവ് പിടിയിൽ
പത്തനംതിട്ട: സ്ത്രീകൾക്കൊപ്പം പോകുന്നതിന് 'മെയിൽ എസ്കോർട്ട്' ജോലികൾ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് പോലീസ് പിടിയിൽ. അടൂർ സ്വദേശി ജിതിൻ ടി. വർഗീസിനെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. മുൻ കെഎസ് യു നേതാവ് കൂടിയായ പ്രതി, കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ഈ തട്ടിപ്പ് നടത്തിവരികയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം.
'അഞ്ജലി ഹരിദാസ്' എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ നിർമ്മിച്ചായിരുന്നു പ്രതിയുടെ തട്ടിപ്പ്. സ്ത്രീകൾക്കൊപ്പം മെയിൽ എസ്കോർട്ട് പോകാൻ താല്പര്യമുള്ള യുവാക്കളെ ആവശ്യമുണ്ട് എന്ന രീതിയിൽ ഫേസ്ബുക്കിൽ പരസ്യം നൽകിയാണ് ഇയാൾ ഉദ്യോഗാർത്ഥികളെ ആകർഷിച്ചിരുന്നത്. പരസ്യത്തിൽ വിശ്വസിച്ച് എത്തുന്നവരിൽ നിന്ന് ആദ്യം 'രജിസ്ട്രേഷൻ ഫീസ്' ആയി വലിയൊരു തുക കൈക്കലാക്കും.
തുടർന്ന്, സ്ത്രീകളെ വാടകയ്ക്ക് എടുക്കുന്നവരുടെ ശരീര സുരക്ഷയ്ക്കായുള്ള ഇൻഷുറൻസ് തുക എന്ന വ്യാജേനയും വൻ തുകകൾ വാങ്ങി. സ്ത്രീകളെ സുരക്ഷിതമായി തിരികെ എത്തിക്കുമ്പോൾ ഈ ഇൻഷുറൻസ് തുക തിരികെ നൽകുമെന്നായിരുന്നു വാഗ്ദാനം. ഇതിന് പുറമെ പല കാരണങ്ങൾ പറഞ്ഞ് പല ഘട്ടങ്ങളിലായി ഇയാൾ ലക്ഷക്കണക്കിന് രൂപ യുവാക്കളിൽ നിന്ന് തട്ടിയെടുത്തിട്ടുണ്ട്. ഒരാളിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ വരെ ഇത്തരത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
പരമാവധി പണം കൈക്കലാക്കിയ ശേഷം പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയാണ് പതിവ്. നാണക്കേട് ഭയന്ന് ഇരകളായ ആരും തന്നെ ഇതുവരെ പോലീസിൽ പരാതി നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ, അടൂർ പോലീസ് സ്വമേധയാ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ തട്ടിപ്പ് പുറത്തുവന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. സംഭവത്തിൽ കൂടുതൽ പേർ അകപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.