കേരളത്തിന്റെ ഭാവി ടൂറിസത്തിൽ ഹോംസ്റ്റേകൾക്ക് പ്രത്യേക പരിഗണന മന്ത്രി പി.സി. വിഷ്ണുനാഥ്
കേരളത്തിന്റെ ഭാവി വികസനം ടൂറിസം മേഖലയെ ആശ്രയിച്ചാണെന്നും ഹോംസ്റ്റേകൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. കൊച്ചിയിൽ നടന്ന ഹോംസ്റ്റേ സംരംഭകരുടെ സംഗമത്തിലാണ് പ്രഖ്യാപനം.
കേരളത്തിന്റെ ഭാവി ടൂറിസത്തിൽ; ഹോംസ്റ്റേകൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്
കൊച്ചി: കേരളത്തിന്റെ ഭാവി വികസനവും സാമ്പത്തിക ഭദ്രതയും ടൂറിസം മേഖലയെ ആശ്രയിച്ചാണെന്നും, ഈ രംഗത്ത് വലിയ സാധ്യതകളുള്ള ഹോംസ്റ്റേ ടൂറിസത്തിന് സംസ്ഥാന സർക്കാർ പ്രത്യേക പരിഗണന നൽകുമെന്നും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്ന ഹോംസ്റ്റേ സംരംഭകരുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി 100 ദിവസത്തിനകം തന്നെ ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കും. കേവലം കാഴ്ചകൾ കാണുന്നതിലുപരി പ്രാദേശിക സംസ്കാരം, ഭക്ഷണരീതികൾ, കൃഷി എന്നിവ നേരിട്ട് അനുഭവിച്ചറിയുന്ന 'എക്സ്പീരിയൻഷ്യൽ ടൂറിസത്തിനാണ്' ഇന്ന് ലോകമെമ്പാടും പ്രാധാന്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിലവിൽ സംസ്ഥാനത്ത് 1200-ഓളം ക്ലാസിഫൈഡ് ഹോംസ്റ്റേകളാണുള്ളത്. അംഗീകാരമില്ലാത്ത എല്ലാ ഹോംസ്റ്റേകളെയും നിരോധിക്കുകയല്ല, മറിച്ച് അവരെക്കൂടി ക്ലാസിഫിക്കേഷൻ നടപടികളുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. വരുംദിവസങ്ങളിൽ സർക്കാർ ആനുകൂല്യങ്ങളും ഇൻസെന്റീവുകളും ക്ലാസിഫൈഡ് ഹോംസ്റ്റേകൾക്ക് മാത്രമായി പരിമിതപ്പെടുത്തും. ടൂറിസം മേഖലയിലെ ബ്യൂറോക്രാറ്റിക് തടസ്സങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി ടൂറിസം ഡിപ്പാർട്ട്മെന്റിൽ പ്രത്യേക 'ഇൻവെസ്റ്റ്മെന്റ് സെൽ' ആരംഭിക്കുന്നതും പരിഗണനയിലുണ്ട്.
കൊച്ചിയെ പ്രധാന ടൂറിസം ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി ജെ.സി. ഡാനിയേൽ ഫിലിം സിറ്റിയുടെ തറക്കല്ലിടൽ, ഒഷ്യനേറിയം, ഫോർട്ട് കൊച്ചി വികസനം, പഴയ ബോട്ട് ജെട്ടിയുടെ നവീകരണം, മാരിടൈം മ്യൂസിയം തുടങ്ങിയ പദ്ധതികൾ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ കേരള ഗ്രാമീണ ബാങ്കിന്റെ ഹോംസ്റ്റേ സംരംഭകർക്കുള്ള വായ്പാ അനുമതി പത്രങ്ങളുടെ വിതരണവും, ടൂറിസം രംഗത്തെ മികവുകൾക്കുള്ള അവാർഡുകളും മന്ത്രി നിർവഹിച്ചു.
ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കേരള ഹാറ്റ്സ് ചെയർമാനും സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗവുമായ എം.പി. ശിവദത്തൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ടോണി ചമ്മിണി, ദീപക് ജോയ്, സോമിനിക് പ്രസന്റേഷൻ തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സംരംഭകർക്കായി ബാങ്ക് വായ്പ രജിസ്ട്രേഷനും ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് രജിസ്ട്രേഷനുള്ള സൗകര്യങ്ങളും ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു