185 ഗ്രാം എംഡിഎംഎയുമായി 2 പേർ അറസ്റ്റിൽ ലഹരി കടത്തിയത് വാഴക്കുലയ്ക്കുള്ളിൽ

ആലുവയിൽ 7.5 ലക്ഷം രൂപ വിലവരുന്ന 185 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് തമിഴ്‌നാട്ടിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്.

185 ഗ്രാം എംഡിഎംഎയുമായി 2 പേർ അറസ്റ്റിൽ ലഹരി കടത്തിയത് വാഴക്കുലയ്ക്കുള്ളിൽ

ആലുവയിൽ 185 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ; ലഹരി കടത്തിയത് വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച്

​ആലുവ: എറണാകുളം റൂറൽ പ്രദേശങ്ങളിൽ വിതരണത്തിനെത്തിച്ച 185 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പോലീസിന്റെ പിടിയിലായി. കൊച്ചി പള്ളുരുത്തി സ്വദേശി ഹരികൃഷ്ണൻ കെ.എസ്. (32), തോപ്പുംപടി സ്വദേശി ഷിനു സെബാസ്റ്റ്യൻ (34) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 7.5 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.

​എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആലുവയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഹരികൃഷ്ണൻ പിടിയിലാകുന്നത്. ഇയാളിൽ നിന്ന് 178 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസുമായി സഹകരിച്ച് തോപ്പുംപടിയിലുള്ള ഷിനു സെബാസ്റ്റ്യന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ പക്ഷിക്കൂടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 7 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുത്തു.

​തമിഴ്നാട്ടിൽ നിന്നും ടൂറിസ്റ്റ് ബസ് മാർഗ്ഗമാണ് ഇവർ ലഹരിമരുന്ന് കേരളത്തിലെത്തിച്ചത്. പരിശോധനകളിൽപ്പെടാതിരിക്കാൻ വാഴക്കുലയ്ക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. എറണാകുളം, ആലുവ മേഖലകളിലെ ലഹരി വില്‍പ്പനക്കാർക്കും ഉപഭോക്താക്കൾക്കും നേരിട്ട് എത്തിച്ചുനൽകാനാണ് ഇത് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.

​സംഭവത്തിന് പിന്നിലെ പ്രധാന ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും ബംഗളൂരു, തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആലുവ ഈസ്റ്റ് ഇൻസ്പെക്ടർ പി.എച്ച്. ഷമീർ, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ ബി.കെ. അരുൺ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ബിനുകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.