വയനാട് സമ്പൂർണ ഇ മാലിന്യമുക്ത ജില്ലയാകും നവംബർ 1 ന് പ്രഖ്യാപനം മന്ത്രി അഡ്വ. ടി. സിദ്ദീഖ്
കേരളപ്പിറവി ദിനമായ നവംബർ 1 ഓടെ വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂർണ ഇ മാലിന്യമുക്ത ജില്ലയാക്കി പ്രഖ്യാപിക്കും. കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് വാർത്താസമ്മേളനത്തിൽ അറിയിച്ച വിശദാംശങ്ങൾ വായിക്കാം.
നവംബർ ഒന്നിന് വയനാട് സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയാകും മന്ത്രി അഡ്വ.ടി. സിദ്ദീഖ്
കൽപ്പറ്റ: വയനാട് ജില്ലയെ രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ.ടി. സിദ്ദീഖ്. കൽപ്പറ്റ ഹോളിഡേയ്‌സിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായും മന്ത്രി പറഞ്ഞു. സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ആദ്യഘട്ട ഇ-മാലിന്യ ശേഖരണ ക്യാമ്പയിനിൽ 31 ടൺ മാലിന്യം ശേഖരിച്ചു. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നിയോജകമണ്ഡലങ്ങളിലായി നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായി രണ്ടാംഘട്ടത്തിൽ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ഉൾപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകർമസേന, വ്യക്തികൾ, കുടുംബങ്ങൾ, വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് വിപുലമായ ക്യാമ്പയിൻ നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടവും ശുചിത്വ മിഷനും പഞ്ചായത്തുകൾക്കും ഹരിതകർമസേനക്കും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. മാലിന്യശേഖരണത്തിനും ശാസ്ത്രീയ സംസ്കരണത്തിനും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിനും ബന്ധപ്പെട്ടവർക്ക് പരിശീലനം നൽകുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. ടെലിവിഷൻ, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, മൈക്രോവേവ് ഓവൻ, ലാപ്ടോപ്പ്, കമ്പ്യൂട്ടർ, പ്രിന്റർ, മൊബൈൽ ഫോൺ, എയർ കണ്ടീഷണർ, ബാറ്ററി, ഇൻവർട്ടർ, യു.പി.എസ്, മോട്ടോർ, ഇലക്ട്രിക് കേബിളുകൾ, സ്പീക്കർ, ഹെഡ്ഫോൺ, സ്വിച്ച് ബോർഡ്, എമർജൻസി ലാമ്പ് തുടങ്ങിയവയാണ് പ്രധാനമായും ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾ. മെർക്കുറി, കാഡ്മിയം, ലെഡ് തുടങ്ങിയ അപകടകാരികളായ ഘടകങ്ങൾ അടങ്ങിയ ഇ-മാലിന്യങ്ങൾ മണ്ണിലും വെള്ളത്തിലും കലരുന്നത് ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകും. ഇത്തരം മാലിന്യങ്ങൾ സാധാരണ മാലിന്യങ്ങളോടൊപ്പം ഉപേക്ഷിക്കാതെ പ്രത്യേക സംവിധാനങ്ങളിലൂടെ ശേഖരിച്ച് സംസ്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ എംപാനൽ ചെയ്ത ഏജൻസികളുടെ സഹായത്തോടെയാണ് ഇ-മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ നടത്തുന്നത്. നവംബർ ഒന്നോടെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ഇ-മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തുതല അവലോകന യോഗങ്ങളും പ്രാദേശികതല പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.ഇ-മാലിന്യമുക്ത ജില്ല എന്ന പ്രഖ്യാപനത്തോടെ പ്രവർത്തനങ്ങൾ അവസാനിക്കില്ലെന്നും ഈ നേട്ടം നിലനിർത്തുന്നതിനായി തുടർപ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി നിശ്ചിത ഇടവേളകളിൽ ക്യാമ്പയിനുകൾ നടത്തുന്നതിനുള്ള കലണ്ടറും തയ്യാറാക്കും.ഇ-മാലിന്യ നിർമാർജനത്തിന് പിന്നാലെ പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിനും പ്രാധാന്യം നൽകും. പുനരുപയോഗിക്കാവുന്ന തുണിസഞ്ചികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, വിനോദസഞ്ചാരികൾക്കായി പരിസ്ഥിതി സൗഹൃദ മാർഗനിർദേശങ്ങൾ നടപ്പാക്കുക തുടങ്ങിയ നടപടികളും പദ്ധതിയുടെ ഭാഗമായി പരിഗണിക്കും. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ജില്ലയുടെ പരിസ്ഥിതി സൗഹൃദ പ്രതിച്ഛായ ശക്തിപ്പെടുത്തുന്നതിനും സുസ്ഥിര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. മാലിന്യമുക്ത വയനാട് എന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ തദ്ദേശസ്ഥാപനങ്ങളും വ്യക്തികളും കുടുംബങ്ങളും സ്ഥാപനങ്ങളും ഉത്തരവാദിത്വത്തോടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും മന്ത്രി അഭ്യർഥിച്ചു.
ഇതോടൊപ്പം ഡിസംബർ 19, 20 തീയതികളിൽ ജില്ലയിൽ ഭൂമി സി.എസ്.ആർ കോൺക്ലേവ് നടക്കും. കമ്പനികൾ, സി.എസ്.ആർ ഗ്രൂപ്പുകൾ, ശാസ്ത്രജ്ഞർ, ഐ.ഐ.ടി., ഐ.ഐ.എം. പോലുള്ള സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവയെ ഒരുമിപ്പിക്കുന്ന വേദിയായാണ് ഭൂമി വിഭാവനം ചെയ്യുന്നത്. വിശ്വശാന്തി ഫൗണ്ടേഷനും മറ്റ് പങ്കാളി സ്ഥാപനങ്ങളും കോൺക്ലേവിന്റെ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കും. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സംരംഭം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതരുടെ വാടക വിതരണം വൈകുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഒക്ടോബർ 12, 13 തീയതികളിലായി തുടർനടപടികൾ പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.
ദുരന്തബാധിതർക്ക് നവംബർ മാസം വരെ വാടക നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നേരത്തേ ചേർന്ന ക്യാബിനറ്റ് സബ് കമ്മിറ്റി യോഗം നിർദേശം നൽകിയിരുന്നു. തുടർന്ന് ഈ വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെ പ്രത്യേകമായി ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. ജില്ലാ പ്ലാനിങ് ഓഫീസർ എം കമാലുദ്ദീൻ, ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ കെ അനൂപ് എന്നിവരും മന്ത്രിക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പരുമല പെരുന്നാൾ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്ത് മന്ത്രി പി.സി. വിഷ്ണുനാഥ്
മരുന്നു ക്ഷാമം ഉണ്ടാകാതിരിക്കാൻ റെഡി പർച്ചേസ് നടത്താം മന്ത്രി കെ മുരളീധരൻ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് രണ്ട് പേർ അറസ്റ്റിൽ
മാലിന്യസംസ്കരണം ഓരോ പൗരന്റെയും ഉത്തരവാദിത്വം മന്ത്രി അനൂപ് ജേക്കബ്
പറവൂരിന്റെ അഭിമാന താരങ്ങൾക്ക് പുരസ്കാരങ്ങൾ
മാനസികാരോഗ്യ സംരക്ഷണത്തിന് കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമായിരിക്കുന്നു മന്ത്രി എൻ. ഷംസുദ്ദീൻ 
