ഉത്തരധ്രുവത്തിന്റെ നെറുകയിൽ ആദ്യമായി ഒരു മലയാളി അപൂർവ ചരിത്ര നേട്ടവുമായി ഡോ. എസ്. ബിജോയ് നന്ദൻ
ഉത്തരധ്രുവത്തിലെ 90 ഡിഗ്രി പോയിന്റിൽ കാലുകുത്തുന്ന ആദ്യ മലയാളിയായി ഡോ. എസ്. ബിജോയ് നന്ദൻ. റഷ്യൻ റോസാറ്റത്തിന്റെ ആർട്ടിക് പര്യവേക്ഷണ സംഘത്തോടൊപ്പമായിരുന്നു ഈ ചരിത്ര യാത്ര.
ഉത്തരധ്രുവത്തിന്റെ നെറുകയിൽ കാലുകുത്തി മലയാളി തിളക്കം: അപൂർവ നേട്ടവുമായി ഡോ. എസ്. ബിജോയ് നന്ദൻ
ഉത്തരധ്രുവത്തിലെ 90 ഡിഗ്രി പോയിന്റിൽ കാലുകുത്തുന്ന ആദ്യ മലയാളിയായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ സയൻസസ് ഫാക്കൽറ്റി ഡീനും കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലറുമായ പ്രഫ. ഡോ. എസ്. ബിജോയ് നന്ദൻ.
റഷ്യൻ സ്റ്റേറ്റ് അറ്റോമിക് എനർജി കോർപറേഷന്റെ (റോസാറ്റം) ഏഴാമത് രാജ്യാന്തര ആർട്ടിക് പര്യവേക്ഷണ സംഘത്തിലെ വിദഗ്ധനായാണ് അദ്ദേഹം ഈ ചരിത്രയാത്രയുടെ ഭാഗമായത്. 'ഐസ്ബ്രേക്കർ ഓഫ് നോളജ്' എന്ന് നാമകരണം ചെയ്ത പദ്ധതിയിലൂടെ ലോകത്ത് ഒരു കോടി ആളുകളിൽ ഒരാൾക്കു മാത്രം ലഭിക്കുന്ന അപൂർവ നേട്ടമാണ് ഈ ശാസ്ത്രജ്ഞൻ സ്വന്തമാക്കിയത്.
'ഐസ്ബ്രേക്കർ ഓഫ് നോളജ്' പര്യവേക്ഷണം
വിദ്യാർഥികളിൽ ശാസ്ത്ര-സാങ്കേതിക വിജ്ഞാനം വളർത്തുന്നതിനായി സംഘടിപ്പിച്ച പര്യവേക്ഷണത്തിൽ 22 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളും വിവിധ മേഖലകളിൽ നിന്നുള്ള അന്താരാഷ്ട്ര വിദഗ്ധരും പങ്കെടുത്തു. സാഹിത്യം, നാടകം, ആണവോർജം, മറൈൻ സയൻസ് തുടങ്ങിയ മേഖലകളിലെ വിദഗ്ധരുടെ സംഘത്തിലെ ഏക മലയാളി പങ്കാളിയായിരുന്നു ഡോ. ബിജോയ് നന്ദൻ. ഇന്ത്യയിൽ നിന്ന് ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു വിദ്യാർഥിയും ഈ സംഘത്തിലുണ്ടായിരുന്നു.
ഓഗസ്റ്റ് 4 മുതൽ 12 വരെ നീണ്ട യാത്രയിൽ, ഓഗസ്റ്റ് 8-ന് ഉച്ചയോടെയാണ് സംഘം ഉത്തരധ്രുവത്തിലെ 90 ഡിഗ്രി പോയിന്റിൽ എത്തിയത്. പൂജ്യം മുതൽ മൈനസ് 4 ഡിഗ്രി വരെ താപനിലയും ശക്തമായ മഞ്ഞുകാറ്റുമുള്ള അതികഠിനമായ അന്തരീക്ഷത്തിലായിരുന്നു ഈ നേട്ടം. ഉത്തരധ്രുവത്തിൽ ഒരു രാത്രി ചെലവഴിച്ച സംഘം, ശാസ്ത്രീയ പരീക്ഷണങ്ങൾക്കായി വെള്ളത്തിന്റെ സാമ്പിളുകളും ശേഖരിച്ച ശേഷമാണ് മടങ്ങിയത്.
50 ലെറ്റ് പോബെഡി: കരുത്തുറ്റ യാത്ര
റഷ്യയിലെ മുർമാൻസ്കിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ആണവോർജത്തിൽ പ്രവർത്തിക്കുന്ന, മൂന്ന് മീറ്റർ വരെ കനമുള്ള മഞ്ഞുപാളികൾ മുറിച്ചുമാറ്റാൻ ശേഷിയുള്ള '50 ലെറ്റ് പോബെഡി' എന്ന ആർട്ടിക് വിഭാഗത്തിൽപ്പെട്ട ഐസ് ബ്രേക്കർ കപ്പലിലായിരുന്നു ഈ സാഹസിക യാത്ര.
പര്യവേക്ഷണങ്ങളിലൂടെ പ്രശസ്തൻ
2015 മുതൽ 2020 വരെയുള്ള വർഷങ്ങളിൽ ഗവേഷണാവശ്യങ്ങൾക്കായി ഡോ. ബിജോയ് ഉത്തരധ്രുവ മേഖല സന്ദർശിച്ചിട്ടുണ്ടെങ്കിലും 79 ഡിഗ്രി പോയിന്റിലുള്ള നോർവേയിലെ സ്വാൽബാർഡ് വരെ മാത്രമാണ് മുൻപ് എത്താൻ കഴിഞ്ഞിരുന്നത്. ആലപ്പുഴ മാവേലിക്കര സ്വദേശിയായ അദ്ദേഹം ആർട്ടിക് ഫിയോർഡ് ഇക്കോളജി, ബ്ലൂ കാർബൺ സാധ്യതകൾ, സമുദ്ര അടിത്തട്ടിലെ ജൈവവൈവിധ്യം എന്നിവയിൽ ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. റഷ്യയിലെ ലോമോനോസോവ് മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മറൈൻ റിസർച് സെന്ററിലെ അന്താരാഷ്ട്ര വിദഗ്ധ സമിതി അംഗം കൂടിയാണ് അദ്ദേഹം.
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഭൂമി കയ്യേറ്റം വ്യാജ റിപ്പോർട്ട് നൽകിയ മുൻ ദേവികുളം താലൂക്ക് സർവെയർക്ക് സസ്പെൻഷൻ
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു 
