കർഷകർക്ക് ആശ്വാസം വിളനാശ നഷ്ടപരിഹാരം ഇരട്ടിയാക്കും 125 കോടി അനുവദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്

കേരളത്തിൽ വന്യജീവി ആക്രമണം മൂലമുള്ള വിളനാശ നഷ്ടപരിഹാര തുക 100% വർദ്ധിപ്പിക്കും. കുടിശ്ശിക തീർക്കാൻ 125 കോടി രൂപ അനുവദിച്ചതായി കൃഷിമന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കുന്നു.

കർഷകർക്ക് ആശ്വാസം വിളനാശ നഷ്ടപരിഹാരം ഇരട്ടിയാക്കും 125 കോടി അനുവദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കർഷക സുരക്ഷ- വന്യജീവി സംഘർഷ ലഘുകരണം സംസ്ഥാനതല കോൺക്ലേവ് 2026- സമാപന സമ്മേളന പ്രഖ്യാപനം കൃഷിവകുപ്പ് മന്ത്രി ടി സിദ്ധിഖ് നടത്തുന്നു

വന്യജീവി ആക്രമണം മൂലമുള്ള വിളനാശ നഷ്ടപരിഹാരം ഇരട്ടിയാക്കും; 125 കോടി രൂപ അനുവദിച്ചതായി കൃഷിമന്ത്രി

​തിരുവമ്പാടി (കോഴിക്കോട്): വന്യജീവി ആക്രമണം മൂലം വിളനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരവും ഇൻഷുറൻസും കുടിശ്ശികയില്ലാതെ നൽകുന്നതിനായി 125 കോടി രൂപ അനുവദിച്ചതായി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന ജീവഹാനിക്കും കൃഷിനാശത്തിനുമുള്ള നഷ്ടപരിഹാര തുകയിൽ 100 ശതമാനം വർദ്ധനവ് വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവമ്പാടിയിൽ നടന്ന 'കർഷക സുരക്ഷ - വന്യജീവി സംഘർഷ ലഘൂകരണം' സംസ്ഥാനതല കോൺക്ലേവിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കാർഷികാഭിവൃദ്ധി ഫണ്ടിൽനിന്ന് 119 കോടി രൂപ വിളനാശ നഷ്ടപരിഹാരത്തിനായും 6 കോടി രൂപ വിളനാശ ഇൻഷുറൻസിനായുമാണ് ഭരണാനുമതി നൽകി അനുവദിച്ചിട്ടുള്ളത്. നഷ്ടപരിഹാരം കർഷകരിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി അപേക്ഷാ നടപടിക്രമങ്ങൾ ലളിതമാക്കും.

​വന്യജീവി സംഘർഷം രൂക്ഷമായ പ്രദേശങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡ്രോൺ ടെക്നോളജി, ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), ബ്ലോക്ക്ചെയിൻ തുടങ്ങി ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ശാസ്ത്രീയ പ്രതിരോധ സംവിധാനങ്ങൾ നടപ്പിലാക്കും. സാങ്കേതിക പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായവും KERA പദ്ധതിയിലൂടെ പൈലറ്റ് പ്രോജക്ടുകൾക്ക് ഫണ്ടും നൽകും.

​വന്യജീവി ആക്രമണത്തിന് കൃഷിവകുപ്പ്, വനംവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവ സംയുക്തമായി ടാസ്‌‌ക് ഫോഴ്സ് രൂപീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. വിളനാശം സംഭവിച്ച പ്രദേശങ്ങളിൽ പുനർകൃഷിക്കായി വിത്തും വളവും ഉൾപ്പെടെ നൽകുന്ന പുതിയ നയം രൂപീകരിക്കുമെന്നും, പ്രതിരോധ സംവിധാനങ്ങളുടെ പരിപാലനച്ചെലവ് 100 ശതമാനവും സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.