മാലിന്യസംസ്കരണം ഓരോ പൗരന്റെയും ഉത്തരവാദിത്വം മന്ത്രി അനൂപ് ജേക്കബ്
സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി ഇടുക്കിയിൽ നിർമലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന് തുടക്കമായി. കട്ടപ്പനയിൽ നടന്ന ജില്ലാതല ഉദ്ഘാടനം മന്ത്രി അഡ്വ. അനൂപ് ജേക്കബ് ഓൺലൈനായി നിർവഹിച്ചു.
മാലിന്യസംസ്കരണം ഓരോ പൗരന്റെയും ഉത്തരവാദിത്വം: മന്ത്രി അനൂപ് ജേക്കബ്; 'നിർമലം' ക്യാമ്പയിന് ഇടുക്കിയിൽ തുടക്കം
ഇടുക്കി: ശുചിത്വവും മാലിന്യ സംസ്കരണവും സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ മാത്രം ഉത്തരവാദിത്വമല്ലെന്നും ഓരോ പൗരന്റെയും കടമയാണെന്ന തിരിച്ചറിവാണ് 'നിർമലം' ക്യാമ്പയിന്റെ വിജയത്തിനടിസ്ഥാനമെന്നും മന്ത്രി അഡ്വ. അനൂപ് ജേക്കബ്. സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന “നിർമ്മലം - പുതുയുഗ ശുചിത്വ കേരളം” മാലിന്യ പരിപാലന ക്യാമ്പയിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കട്ടപ്പന നഗരസഭ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഓൺലൈനായാണ് മന്ത്രി പങ്കെടുത്തത്. നല്ല ശീലങ്ങൾ കുട്ടികളിൽ നിന്ന് തന്നെ ആരംഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ അഡ്വ. സേനാപതി വേണു എം.എൽ.എ അധ്യക്ഷത വഹിച്ചു. മാലിന്യ പ്രശ്നങ്ങൾക്ക് പൂർണ പരിഹാരമുണ്ടാകാൻ പൊതുജനങ്ങൾ വലിച്ചെറിയൽ ശീലം ഒഴിവാക്കണമെന്ന് എം.എൽ.എ പറഞ്ഞു.
ഉദ്ഘാടനത്തിന്റെ ഭാഗമായി കട്ടപ്പന നഗരസഭയുടെ പുളിയന്മലയിലുള്ള ലെഗസി മാലിന്യങ്ങളുടെ ബയോമൈനിങ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. പരിപാടിയിൽ ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഹരിത കർമ്മ സേന അംഗങ്ങളെ എം.എൽ.എ ഫലകം നൽകി ആദരിച്ചു.
വേസ്റ്റ് റ്റു ആർട്ട്: പൂക്കള മത്സര വിജയികൾക്ക് സമ്മാനം നൽകി
ഇടുക്കി ജില്ലാ ശുചിത്വ മിഷൻ സംഘടിപ്പിച്ച 'വേസ്റ്റ് റ്റു ആർട്ട്' പൂക്കള മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു:
ഒന്നാം സ്ഥാനം: ചക്കുപള്ളം ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന (10,000 രൂപയും ഫലകവും)
രണ്ടാം സ്ഥാനം: കുമളി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന (7,000 രൂപയും ഫലകവും)
മൂന്നാം സ്ഥാനം: കട്ടപ്പന നഗരസഭ ഹരിത കർമ്മ സേന (5,000 രൂപയും ഫലകവും)
പ്രോത്സാഹന സമ്മാനം (1,000 രൂപ വീതം): അറക്കുളം, ഏലപ്പാറ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്തുകളിലെ ഹരിത കർമ്മ സേനകൾ.
നഗരസഭയുടെ ശുചിത്വ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായ ക്രൈസ്റ്റ് കോളേജ്, ഡോൺ ബോസ്‌കോ സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അംഗീകാരങ്ങളും കൈമാറി. കോളേജ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും ചടങ്ങിന് മാറ്റുകൂട്ടി. പൂർണമായും ഹരിതചട്ടം പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലസിംഗ്, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എം. വർഗീസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ആർ. ഷൈനി, കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയ് വെട്ടിക്കുഴി തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
പരുമല പെരുന്നാൾ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്ത് മന്ത്രി പി.സി. വിഷ്ണുനാഥ്
മരുന്നു ക്ഷാമം ഉണ്ടാകാതിരിക്കാൻ റെഡി പർച്ചേസ് നടത്താം മന്ത്രി കെ മുരളീധരൻ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് രണ്ട് പേർ അറസ്റ്റിൽ
മാലിന്യസംസ്കരണം ഓരോ പൗരന്റെയും ഉത്തരവാദിത്വം മന്ത്രി അനൂപ് ജേക്കബ്
പറവൂരിന്റെ അഭിമാന താരങ്ങൾക്ക് പുരസ്കാരങ്ങൾ
മാനസികാരോഗ്യ സംരക്ഷണത്തിന് കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമായിരിക്കുന്നു മന്ത്രി എൻ. ഷംസുദ്ദീൻ