സമരം തടയാൻ ട്രെയിൻ റദ്ദാക്കി കേന്ദ്ര സർക്കാർ ഏത് വെല്ലുവിളിയും നേരിട്ട് മുന്നേറും പന്ന്യൻ രവീന്ദ്രൻ
സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സിപിഐ ദേശീയ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കോഴിക്കോട്ടെ വൊളന്റിയർമാരുടെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ.
സമരം തടയാൻ ട്രെയിൻ റദ്ദാക്കി കേന്ദ്ര സർക്കാർ; ഏത് വെല്ലുവിളിയും നേരിട്ട് മുന്നേറും: പന്ന്യൻ രവീന്ദ്രൻ
കോഴിക്കോട്: ഭരണഘടനയെ മാനിക്കാത്തതും ജനാധിപത്യ വിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോകുന്നതുമായ ഫാഷിസ്റ്റ് ഭരണകൂടത്തെ ഇന്ത്യൻ ജനത പരാജയപ്പെടുത്തുമെന്ന് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസ്താവിച്ചു. 'ബദലാവ് സരൂരി ഹേ' (മാറ്റം അനിവാര്യമാണ്) എന്ന മുദ്രാവാക്യമുയർത്തി സെപ്റ്റംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന സിപിഐ ദേശീയ പ്രക്ഷോഭത്തിൽ കോഴിക്കോട് നിന്ന് പങ്കെടുക്കുന്ന സമര വൊളന്റിയർമാർക്ക് നൽകിയ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ വിദ്യാർഥികൾ നടത്തിയ ശക്തമായ സമരത്തിന് മുന്നിൽ കേന്ദ്ര സർക്കാരിന്റെ അഹന്ത തകർന്നടിയുകയായിരുന്നുവെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. നീറ്റ് പരീക്ഷാ ചോർച്ചയിലൂടെ കോടികളുടെ അഴിമതി നടത്തിയവരെ സംരക്ഷിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. സമരം ചെയ്ത വിദ്യാർഥികളെ അവഹേളിക്കുകയും വേട്ടയാടുകയും ചെയ്തെങ്കിലും ഒടുവിൽ പ്രതിഷേധത്തിന് മുന്നിൽ സർക്കാരിന് കീഴടങ്ങേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം പോലും അട്ടിമറിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ ആറു കോടി ഇന്ത്യക്കാർ വോട്ടവകാശമില്ലാത്തവരായി മാറിയെന്നും, ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ സ്വന്തം കുടുംബവേരുകൾ തിരഞ്ഞു പോകേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിച്ച് രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇതിനായി ഭരണഘടനയെ തകർക്കാനും രാജ്യത്തിന്റെ സമ്പത്ത് കുത്തക മുതലാളിമാർക്ക് അടിയറ വെക്കാനും മടി കാണിക്കുന്നില്ല.
തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാൻ സർക്കാരിനായില്ല. ജനങ്ങളുടെ അക്കൗണ്ടുകളിൽ പണമെത്തിയില്ല, യുവജനങ്ങൾക്ക് തൊഴിൽ നൽകിയില്ല. റെയിൽവേയിൽ ലക്ഷക്കണക്കിന് ഒഴിവുകൾ നിലനിൽക്കുമ്പോഴും കരാർ നിയമനം നടത്തി സ്ഥിരം ജോലി എന്ന സങ്കൽപ്പം തന്നെ ഇല്ലാതാക്കി.
സിപിഐ ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭത്തെ ഭയക്കുന്ന കേന്ദ്ര സർക്കാർ അത് തടയാൻ ശ്രമിക്കുകയാണ്. പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പ്രവർത്തകർ ബുക്ക് ചെയ്ത ട്രെയിൻ സർവീസുകൾ വരെ റദ്ദാക്കി. എന്നാൽ ഏത് പ്രതികൂല സാഹചര്യങ്ങളെയും വെല്ലുവിളികളെയും നേരിട്ട് സമര വൊളന്റിയർമാർ മുന്നേറുമെന്നും, ചരിത്രത്തിലിടം നേടുന്ന സമരമായി ഡൽഹിയിലെ പ്രക്ഷോഭം മാറുമെന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി.
കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന യാത്രയയപ്പ് യോഗത്തിൽ സിപിഐ സിറ്റി നോർത്ത് മണ്ഡലം സെക്രട്ടറി എം.കെ. പ്രജോഷ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി. ഗവാസ്, സംസ്ഥാന കൗൺസിൽ അംഗം ടി.വി. ബാലൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.കെ. നാസർ തുടങ്ങിയ പ്രമുഖ നേതാക്കളും യോഗത്തിൽ സംസാരിച്ചു.